ടെസ്‌ല, സ്പേസ് എക്സ് സ്ഥാപകനും ട്വിറ്റർ ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്കിന്റെ സംരംഭമായ ന്യൂറാലിങ്ക് കമ്പനി നിർമ്മിച്ച ബ്രെയിൻ ചിപ്പിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിനായി വോളന്റിയർമാരുടെ റിക്രൂട്ടിംഗ് നടപടികൾ ആരംഭിച്ചു. പക്ഷാഘാതം ബാധിച്ച രോഗികളെയാണ് ട്രയലിനായി തിരഞ്ഞെടുക്കുക. ആറ് വർഷം നീളുന്ന ട്രയലിലേക്ക് എത്ര പേരെ തിരഞ്ഞെടുക്കുമെന്ന് വ്യക്തമല്ല. ചിപ്പിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിനുള്ള യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ( എഫ്.ഡി.എ ) അനുമതി ലഭിച്ചിരുന്നു. നിർമ്മിതബുദ്ധിയുടെ ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) സഹായത്താൽ മനുഷ്യനെയും കമ്പ്യൂട്ടറിനേയും ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചവയാണ് ഈ ബ്രെയിൻ ചിപ്പുകൾ. ഇതുവരെ ബ്രെയിൻ ചിപ്പിന്റെ മൃഗങ്ങളിലെ പരീക്ഷണം തുടരുകയായിരുന്നു.
ചലന ശേഷി നഷ്ടമായവർക്ക് ആശയവിനിമയം നടത്താനും പരസഹായമില്ലാതെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും ചിപ്പുകൾ സഹായിക്കുമെന്നാണ് മസ്ക് പറയുന്നത്. പാർക്കിൻസൺസ്, ഡിമെൻഷ്യ, അൽഷൈമേഴ്സ് രോഗികളിലെ ഓർമ്മകൾ ശേഖരിക്കാനും അവ 'റീസ്റ്റോർ' ചെയ്യാനും ഈ ചിപ്പുകളിലൂടെ മസ്ക് ലക്ഷ്യമിടുന്നു. 2016ലാണ് ഇലോൺ മസ്ക് 'ന്യൂറാലിങ്ക്' സ്ഥാപിച്ചത്. മനുഷ്യരെയും യന്ത്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഹൈ ബാൻഡ്‌വിഡ്‌ത്ത് ബ്രെയിൻ - മെഷീൻ ഇന്റർഫേസുകൾ വികസിപ്പിച്ച് അതിലൂടെ മനസുകൊണ്ടും ചിന്തകൾ കൊണ്ടും മനുഷ്യനും ഉപകരണങ്ങളും തമ്മിൽ ആശയവിനിമയം സാദ്ധ്യമാക്കുകയാണ് ന്യൂറാലിങ്ക് ബ്രെയ്ൻ ചിപ്പുകളുടെ ലക്ഷ്യം.
2020 മുതൽ ചിപ്പിന്റെ മനുഷ്യരിലുള്ള ട്രയലിനായി കമ്പനി ശ്രമിക്കുന്നുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ അംഗീകാരം വൈകുകയായിരുന്നു. അതേ സമയം, നേരത്തെ കുരങ്ങുകളിൽ ബ്രെയിൻ ചിപ്പിന്റെ പരീക്ഷണങ്ങൾ നടത്തിയത് ഏറെ ചർച്ചയായിരുന്നു. ട്രയലിനിടെ മസ്തിഷ്കത്തിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ വയർലെസ് ചിപ്പിന്റെയും ഒപ്പം ചെറു വയറുകളുടെയും സഹായത്തോടെ ഒരു കുരങ്ങിന് സ്വന്തം മനസു കൊണ്ടു മാത്രം വീഡിയോ ഗെയിം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ബ്രെയിൻ ചിപ്പുകളുടെ പരീക്ഷണങ്ങൾക്ക് ഉപയോഗിച്ച കുരങ്ങുകളിൽ ചിലതിന് ജീവൻ നഷ്ടമായെന്ന് ന്യൂറാലിങ്ക് കമ്പനി തന്നെ സമ്മതിച്ചിരുന്നു. പരീക്ഷണ കാലയളവിൽ ഇവയെ ഉപദ്രവിക്കുകയോ പരിക്കേൽപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കുരങ്ങുകളിൽ പലതിനും വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും കമ്പനി വിശദീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |