തിരുവനന്തപുരം:നാടൻ താറാവ് റോസ്റ്റ് മുതൽ അറേബ്യൻ ഷവർമ വരെ. നേരം ഇരുട്ടിയാൽ വഴുതക്കാട്-വെള്ളയമ്പലം റോഡിന്റെ ഒരുവശം കൊതിയൂറും ഭക്ഷണങ്ങൾ കൊണ്ട് നിറയും. ഒരുവർഷം മുമ്പ് ഇരുട്ടിയാൽ ആളും അനക്കവുമില്ലാതെ കിടന്ന പ്രദേശം ഇന്ന് നഗരത്തിൽ നൈറ്റ് ലൈഫും സ്ട്രീറ്റ് ഫുഡുമുള്ള സ്ഥലങ്ങളിലൊന്നായി. മാനവീയം വീഥി തുറന്നതോടെ കഴിക്കാനെത്തുന്നവരിൽ വലിയ വർദ്ധനവാണ്.രാത്രി 7 തൊട്ടാണ് വഴിയോരം ഉണരുന്നത്. വഴുതക്കാട് ജംഗ്ഷൻ മുതൽ വെള്ളയമ്പലം മാനവീയം വീഥി വരെയുള്ള ഒരുകിലോമീറ്ററിൽ പത്തിലേറെ തട്ടുകടകളും ഫുഡ് ട്രക്കുകളുമാണ് കോർപ്പറേഷന്റെ ലൈസൻസോടെ പ്രവർത്തിക്കുന്നത്. നോർത്ത് ഇന്ത്യൻ വിഭവങ്ങളായ പാനീ പൂരിക്ക് ഒരു പ്ലേറ്റിന് വില 60 രൂപയാണ്.
വഴുതക്കാട് ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സിന് മുന്നിൽ കഴിഞ്ഞ നവംബറിൽ ആരംഭിച്ച 'അഡാർ തട്ടുകടയിലാണ്' കൂടുതൽ പേരുമെത്തുന്നത്.മീൻ തലക്കറിയും താറാവ് കറിയുമാണ് പ്രധാന വിഭവങ്ങൾ.വാഴയിലയിൽ നൽകുന്ന നാടൻ കപ്പ,ഓംലെറ്റിൽ പ്രത്യേക ഗ്രേവി ഒഴിച്ച് വിളമ്പുന്ന 'കലക്കിയ ഓംലെറ്റ്',തട്ട് ദോശ, പുട്ട്, ചിക്കൻ കറി എന്നിവ കഴിക്കാൻ സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും വരെ എത്താറുണ്ട്. കാറിനകത്തിരുന്ന് കഴിക്കുന്നവരാണ് കൂടുതൽ.ഭക്ഷണത്തിന് ശേഷം മാനവീയത്തെ പ്ലാനറ്റ് സോഡ കുടിച്ചാണ് പലരും മടങ്ങുന്നത്. രുചി തേടിയെത്തുന്നവർ രാത്രി 12 വരെ കടകൾ പ്രവർത്തിക്കും.അടുത്ത ഫ്ലാറ്റുകളിലെ താമസക്കാരെയും ഐ.എ.എസ് അക്കാഡമിയിലെ വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് ആരംഭിച്ച തട്ടുകട ലാഭം കൊയ്തതോടെയാണ് കൂടുതൽ കടകൾ തുടങ്ങിയത്.
വഴുതക്കാട് ടാഗോർ തിയേറ്ററിൽ ഐ.എഫ്.എഫ്.കെ നടക്കവേ കച്ചവടം പൊടിപൊടിച്ചു. കലാഭവൻ തിയേറ്ററിൽ നൈറ്റ് ഷോ കണ്ട് മടങ്ങുന്നവരുടെയും സ്ഥിരമിടമാണിത്. മഴ ശക്തിപ്രാപിച്ചതോടെ മത്സ്യവിഭവങ്ങൾ കുറഞ്ഞെങ്കിലും എത്തുന്നവരിൽ കുറവ് വന്നിട്ടില്ല. ഷവർമ്മയ്ക്കുള്ള മസാലക്കൂട്ടുകൾ മുൻകൂട്ടി തയാറാക്കി കൊണ്ടുവരും.അസാം സ്വദേശികളാണ് പാചകക്കാർ. പഠനത്തിനൊപ്പം പാർട്ട് ടൈം ജോലികൾ ചെയ്യുന്നവരും ഭക്ഷണം എടുത്ത് കൊടുക്കാൻ നിൽക്കുന്നുണ്ട്. ചിലയിടത്ത് മാത്രമേ ഓൺലൈൻ ഭക്ഷണ ഡെലിവറിയുള്ളൂ.പൊതുഅവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും തിരക്കോട് തിരക്കാണിവിടെ. റോഡ് സ്മാർട്ടാവണം വഴുതക്കാട് മുതൽ മാനവീയം വീഥി വരെയുള്ള റോഡിനൊരുവശം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പൊളിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.
മാനവീയം വീഥി തുറന്നിട്ടും ഈ റോഡിനോടുള്ള അവഗണന തുടരുകയാണ്.നൈറ്റ് ലൈഫ് സജീവമാകുമ്പോൾ റോഡും സ്മാർട്ടാകണമെന്ന് പ്രദേശവാസികൾ പറയുന്നു.റോഡിന്റെ ടെൻഡർ നടപടികൾ ആരംഭിക്കാത്തതാണ് കാലതാമസത്തിന് കാരണമെന്ന് വഴുതക്കാട് കൗൺസിലർ രാഖി രവികുമാർ പറഞ്ഞു.പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്, വാട്ടർ അതോറിട്ടി ഓഫീസ് ഉൾപ്പെടെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |