മഹാനടൻ മധു ഇന്ന് നവതിയിലെത്തുകയാണ്. താരപരിവേഷത്തെ സ്വയം അവഗണിച്ച് നടനെന്ന ഖ്യാതിയിൽ തലമുറകളോളം നിലകൊണ്ട മറ്റൊരു അഭിനേതാവ് ഇന്ത്യൻ സിനിമയിൽത്തന്നെ അപൂർവമാണ്. ശാരീരികാവസ്ഥകൾക്ക് യോജിച്ച, പ്രചോദിപ്പിക്കുന്ന കഥാപാത്രത്തെ നൽകിയാൽ അഭിനയത്തിൽ ഒരുകൈ നോക്കാൻ ഇപ്പോഴും മധുവിന് മടിയില്ല. അത്രമാത്രം അഭിനയത്തെ ഉപാസിച്ച മഹാപ്രതിഭ. മലയാള സിനിമയുടെ നാഴികക്കല്ലുകളായി വിലയിരുത്തപ്പെടുന്നതും, പതിവുവഴിയിൽ നിന്ന് മാറിനടന്നതുമായ ചിത്രങ്ങളിലെല്ലാം പ്രധാന കഥാപാത്രമാകാൻ സുവർണാവസരം ലഭിച്ച നടനാണദ്ദേഹം. മലയാളികൾ ഹൃദയത്തിലേറ്റിയ സാഹിത്യ രചനകൾ സിനിമയായപ്പോൾ അതിൽ ഭൂരിഭാഗത്തിലും നായകൻ മധുവായിരുന്നു. നടൻ മാത്രമല്ല കൃതഹസ്തനായ സംവിധായകൻ,നിർമ്മാതാവ്, സ്റ്റുഡിയോ ഉടമ എന്നിങ്ങനെ വൈവിദ്ധ്യമാർന്ന കർമ്മമണ്ഡലത്തെ സ്വതസിദ്ധ ശൈലിയിലൂടെ അദ്ദേഹം വർണാഭമാക്കി.
അഭിനയം രക്തത്തിൽ അലിഞ്ഞു ചേർന്നതിനാലാകാം മികച്ച ശമ്പളവും ആദരവും ലഭിക്കുന്ന കോളേജ് അദ്ധ്യാപകജോലി ഉപേക്ഷിച്ച് ഡൽഹിയിൽ നാഷണൽ സ്കൂൾ ഒഫ് ഡ്രാമയിൽ പഠിക്കാൻ മധു ഇറങ്ങിത്തിരിച്ചത്. വീട്ടിൽനിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കിലും അഭിനിവേശം മാറ്റിവയ്ക്കാൻ മധു തയ്യാറായിരുന്നില്ല. എന്നാൽ നാടകം പഠിച്ച മധു സിനിമയിലാണ് മാറ്റുരച്ചത്. അതാകട്ടെ മലയാള സിനിമയുടെ ഭാഗ്യമായി.
സംവിധായകൻ രാമുകാര്യാട്ടിനെ പരിചയപ്പെട്ടതിലൂടെയാണ് മധുവിനു മുന്നിൽ സിനിമയുടെ വഴിതുറന്നത്. മൂടുപടമായിരുന്നു ചിത്രം. എന്നാൽ ചിത്രീകരണം ആരംഭിക്കും മുമ്പെ എൻ.എൻ.പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാൽപ്പാടുകളിൽ സ്റ്റീഫൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അതായി മധുവിന്റെ ആദ്യ ചിത്രം. അതുല്യരായ സത്യനും പ്രേംനസീറും തിളങ്ങിനിൽക്കുന്ന കാലമായിരുന്നു, അവർ വന്ന് ഒരു വ്യാഴവട്ടത്തിനു ശേഷമെത്തിയ മധു പെട്ടെന്നുതന്നെ സ്ഥാനമുറപ്പിച്ചു. താരമാകാമായിരുന്നെങ്കിലും വ്യത്യസ്‌ത കഥാപാത്രങ്ങളെ അഭിനയിച്ച് നടന്റെ പരിവേഷം തേച്ചുമിനുക്കി കൂടുതൽ ജ്വലിപ്പിക്കുന്നതായിരുന്നു മധുവിനിഷ്ടം.
വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം ഭാർഗവീനിലയം എന്ന പേരിൽ സംവിധായകനായ വിൻസന്റ് മാസ്റ്റർ സിനിമയാക്കിയപ്പോൾ അതിന്റെ നട്ടെല്ലെന്ന് വിശേഷിപ്പാക്കാവുന്ന എഴുത്തുകാരന്റെ കഥാപാത്രത്തെ മധു അവിസ്മരണീയമാക്കി. മധുവിലെ നടന് അടിസ്ഥാനമിട്ടതും അദ്ദേഹത്തിന് ആത്മവിശ്വാസം നേടിക്കൊടുത്തതും ആ ചിത്രമായിരുന്നു. തകഴിയുടെ ചെമ്മീൻ രാമുകാര്യാട്ട് സിനിമയാക്കിയപ്പോൾ പരീക്കുട്ടി എന്ന റൊമാന്റിക് കഥാപാത്രം പ്രേക്ഷക മനസിൽ ഒരു നൊമ്പരമായി മാറിയത് മധുവിന്റെ അഭിനയത്തിന്റെ സവിശേഷതയായിരുന്നു. മലയാള സിനിമ സ്റ്റുഡിയോ വിട്ട് പുറത്തേക്കിറങ്ങിയ പി.എൻ.മേനോൻ- എം.ടി.ടീമിന്റെ ഓളവും തീരത്തിലും, നവതരംഗ സിനിമയുടെ ഉദയം കുറിച്ച അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലും നായകനായതോടെ മധുവിനു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കഥാപാത്രങ്ങൾ ഒരേ രീതിയിലാകുന്നുവെന്നു കണ്ട വേളയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രിയ എന്ന ചിത്രം സംവിധാനം ചെയ്ത് മധു എല്ലാവരെയും ഞെട്ടിച്ചു. അവതരിപ്പിക്കാൻ ഇഷ്ടമായ കഥാപാത്രങ്ങളെല്ലാം അദ്ദേഹം ചെയ്തു. അമിതാഭ് ബച്ചന്റെ ആദ്യ ചിത്രം സാഥ് ഹിന്ദുസ്ഥാനി മധുവിനൊപ്പമായിരുന്നു. അഭിനയരംഗത്ത് ആറ് പതിറ്റാണ്ടുകൾ. നാനൂറിലേറെ ചിത്രങ്ങൾ. പന്ത്രണ്ട് സിനിമകൾ സംവിധാനം ചെയ്തു. പതിനഞ്ച് ചിത്രങ്ങൾ നിർമ്മിച്ചു.
തികഞ്ഞ മാന്യനാണ് മധു. അദ്ദേഹം പരിഭവിക്കുന്നതോ മറ്റുള്ളവരെ കുറ്റം പറയുന്നതോ കണ്ടിട്ടില്ല. രാജ്യം പദ്മശ്രീനൽകി ആദരിച്ച മധുവിന് കേരളം ജെ.സി.ഡാനിയേൽ പുരസ്‌കാരവും നൽകി. ദാദാ സാഹിബ്ബ് ഫാൽക്കെ അവാർഡ് മധുവിന് നൽകാൻ കേന്ദ്രസർക്കാർ ഇനിയും വൈകരുത്.
എക്കാലത്തും ഞങ്ങളുടെ കുടുംബസുഹൃത്തും അഭ്യുദയകാംക്ഷിയുമാണ് മധു. അദ്ദേഹത്തിന് നവതി വേളയിൽ ആയുരാരോഗ്യ സൗഖ്യങ്ങൾ ആശംസിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |