ന്യൂഡൽഹി: മെച്ചപ്പെട്ട കോർപ്പറേറ്റ് പ്രോഫിറ്റ്, സ്വകാര്യ മൂലധന രൂപീകരണം, ബാങ്ക് വായ്പാ വളർച്ച എന്നിവയുടെ പശ്ചാത്തലത്തിൽ നടപ്പു സാമ്പത്തിക വർഷം (2023-24) രാജ്യം 6.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രാലയത്തിന്റെ അവലോകന റിപ്പോർട്ട്.
ക്രൂഡ് ഓയിൽ വിലവർദ്ധന, മൺസൂൺ കറവ് തുടങ്ങിയ അപകടസാധ്യതകൾക്കിടയിലും രാജ്യത്തിന് നേട്ടമുണ്ടാക്കാനാകുമെന്നാണ് കരുതുന്നത്. ആഭ്യന്തര ഡിമാൻഡ്, ഉപഭോഗം, നിക്ഷേപം എന്നിവയുടെ പിൻബലത്തിൽ ഈ സാമ്പത്തികവർഷം ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) രാജ്യം 7.8 ശതമാനം വളർച്ച രേഖപ്പെടുത്തി.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ക്രമാതീതമായി ഉയരുന്നതും ആഗസ്റ്റിലെ മൺസൂൺ കറഞ്ഞത് ഖാരിഫ്, റാബി വിളകൾക്ക് തിരിച്ചടിയായതും ഇന്ത്യയുടെ വളർച്ചയ്ക്ക് വിലങ്ങുതടിയായി നിൽക്കുന്നുണ്ടെങ്കിലും മൂലധനച്ചെലവുകളിൽ സർക്കാർ തുടർച്ചയായി ഊന്നൽ നൽകുന്നത് ആഭ്യന്തര നിക്ഷേപത്തിന് ശക്തി പകരുന്നു. അതുകൊണ്ടുതന്നെ ആഗോള പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സാധിക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. കേന്ദ്രസർക്കാർ നടപ്പാക്കുന്ന നടപടികൾ സംസ്ഥാനങ്ങളുടെ മൂലധന ചെലവ് വർധിപ്പിക്കാൻ പ്രേരിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ബാഹ്യ ഡിമാൻഡ് ആഭ്യന്തര വളർച്ച കൂട്ടാൻ പ്രചോദനമായിട്ടുണ്ട്. സേവന കയറ്റുമതി മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ ജി.ഡി.പി വളർച്ചയിൽ അറ്റ കയറ്റുമതിയുടെ സംഭാവന നടപ്പു സാമ്പത്തിക വർഷത്തിൽ വർദ്ധിച്ചു. ജൂലായ്-ആഗസ്റ്റ് മാസങ്ങളിലെ കണക്കുകളും രാജ്യത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതാണ്. മുൻമാസത്തെ അപേക്ഷിച്ച് ഇന്ത്യയുടെ പണപ്പെരുപ്പം ആഗസ്റ്റിൽ കുറഞ്ഞിരുന്നു. സെപ്തംബറിലും പണപ്പെരുപ്പം കൂടുതൽ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിൽ, പല പ്രധാന സമ്പദ്‌വ്യവസ്ഥകളിലും ഭക്ഷ്യവിലപ്പെരുപ്പം ഉയർന്ന നിലയിലാണ്.
ബാങ്കിംഗ് മേഖലയിൽ നിഷ്‌ക്രിയ ആസ്തികൾ കുറയുന്നതും നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളുടെ (എൻ.ബി.എഫ്.സി) ലാഭക്ഷമത മെച്ചപ്പെട്ടതും ഗുണമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |