ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ സാംസംഗിനെ പിന്തള്ളി ആപ്പിൾ. ഈ സാമ്പത്തിക വർഷം ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള 12 ദശലക്ഷം സ്മാർട്ട്ഫോൺ കയറ്റുമതിയിൽ ആപ്പിളിന്റെ വിപണി വിഹിതം 49 ശതമാനമായി. ഇതിൽ ഏകദേശം 60 ലക്ഷം ഐഫോണുകൾ വരും. 45 ശതമാനമാണ് സാംസംഗിന്റെ വിപണി വിഹിതം. കഴിഞ്ഞ വർഷം ഏപ്രിൽ- ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യയിൽനിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതിയിൽ ആപ്പിളിന്റെ വിപണി വിഹിതം വെറും 9ശതമാനം മാത്രമായിരുന്നു.
ഫോക്സ്‌കോൺ, വിസ്ട്രോൺ, പെഗാട്രോൺ എന്നീ മൂന്ന് കരാർ നിർമ്മാതാക്കൾക്ക് കീഴിലാണ് ആപ്പിൾ ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കുന്നത്. ഫോക്സ്‌കോണിന്റെ ചെന്നൈ പ്ലാന്റിൽ, പുതുതായി പുറത്തിറക്കിയ ഐഫോൺ 15ന്റെ നിർമ്മാണവും ആരംഭിച്ചിരുന്നു. ഇതേ പ്ലാന്റ് ഐഫോൺ 15 പ്ലസ് മോഡലുകളുടെ ഉത്പാദനവും ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്.
വിയറ്റ്നാം ഫാക്ടറിയിൽനിന്ന് കൂടുതലായി ഉത്പാദനം ആരംഭിച്ചതാണ് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസംഗിന്റെ ഇന്ത്യയിലെ കയറ്റുമതി ഇടിയാൻ കാരണം. എന്നാൽ ആപ്പിൾ ചൈനയിൽ നിന്നുള്ള ഉത്പാദനം കുറച്ച് ഇന്ത്യയെ പ്രധാന നിർമ്മാണ കേന്ദ്രമാക്കി മാറ്രുന്നതിലേക്ക് ശ്രദ്ധ തിരിച്ചു. ഐപോഡുകളും ഇന്ത്യയിൽ ഉടൻ നിർമ്മിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഐഫോൺ 15 വാങ്ങാൻ വൻ തിരക്ക്
മുംബയ്: ഐഫോൺ 15 സീരീസ് ഫോണുകൾ ഇന്ത്യയിലും വില്പന ആരംഭിച്ചു. മുംബയിലെയും ഡൽഹിയിലെയും ആപ്പിൾ ഐഫോൺ സ്റ്റോറുകൾക്ക് മുമ്പിൽ പുതിയ സ്മാർട്ഫോൺ സ്വന്തമാക്കാൻ നീണ്ട നിര അനുഭവപ്പെട്ടു. ഐഫോണുകൾ ആദ്യം തന്നെ സ്വന്തമാക്കാൻ പലരും ഒരു ദിവസം മുമ്പേ സ്റ്റോറിന് മുന്നിൽ കാത്തിരിപ്പ് ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. അഹമ്മദാബാദിൽ നിന്ന് ഐഫോൺ വാങ്ങാനെത്തിയയാൾ സ്റ്റോറിനു പുറത്ത് 17 മണിക്കൂറോളം കാത്തിരുന്ന വീഡിയോ വൈറലാണ്. മുംബയിലെ ബികെസിയിലെ ആപ്പിളിന്റെ സ്റ്റോറിലും സാകേതിലെ സെലക്ട് സിറ്റിവാക്ക് മാളിലെ ആപ്പിൾ സ്റ്റോറിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവ ഉൾപ്പെടുന്ന ലൈനപ്പ്, ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്രാ 2 എന്നിവയാണ് സെപ്തംബർ 12 ന് ആപ്പിളിന്റെ വണ്ടർലസ്റ്റ് പരിപാടിയിൽ അവതരിപ്പിച്ചത്. ഐഫോൺ 15 മോഡലിന് 79,900 രൂപ മുതലാണ് ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |