തൃശ്ശൂർ: കരുവന്നൂർ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധം ശക്തമാക്കുന്നതിനിടെ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്ന് തൃശ്ശൂരിലെത്തും. അഴീക്കോടൻ രക്തസാക്ഷി ദിനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും.
അതേസമയം, കരുവന്നൂർ തട്ടിപ്പിൽ ആരോപണവിധേയരായ നേതാക്കൾക്കെതിരെ സമരം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസും ബി.ജെ.പിയും.
സംസ്ഥാന നേതാക്കൾ മുതൽ പ്രാദേശിക നേതാക്കൾ വരെ പ്രതിക്കൂട്ടിലായിരിക്കെയാണ് എം.വി. ഗോവിന്ദനെത്തുന്നത്.
കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു, സംസ്ഥാനകമ്മിറ്റി അംഗം എ.സി. മൊയ്തീൻ എം.എൽ.എ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
ഇന്ന് രാവിലെ എട്ടിന് അഴീക്കോടൻ സ്മാരക മന്ദിരത്തിൽ പതാക ഉയർത്തിയ ശേഷം അഴീക്കോടൻ കുത്തേറ്റ് വീണ ചെട്ടിയങ്ങാടിയിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിക്കും. റെഡ് വൊളന്റിയർ മാർച്ചും വൈകിട്ട് നാലിന് ബഹുജനറാലിയും നടക്കും.
അഞ്ചിനാണ് പൊതുസമ്മേളനം. കരുവന്നൂർ വിഷയത്തിൽ കേന്ദ്രത്തിനും ഇ.ഡിക്കുമെതിരെ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നെങ്കിലും കൂടുതൽ ജനശ്രദ്ധ ഉറപ്പാക്കാനാണ് പൊതുസമ്മേളനം.
അതേസമയം, സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും തട്ടിപ്പിന് ഇരയായവർക്ക് പണം തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ട് 29 നാണ് ഡി.സി.സി.പ്രസിഡന്റ് ജോസ് വള്ളൂർ, ടി.എൻ. പ്രതാപൻ എം.പി എന്നിവരുടെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ പദയാത്ര. നിക്ഷേപകരും സഹകാരികളുമടക്കം യാത്രയിൽ പങ്കെടുക്കും. രാവിലെ എട്ടിന് കരുവന്നൂർ ബാങ്ക് പരിസരത്ത് കെ.പി.സി.സി വർക്കിംഗ് പ്ര സിദ്ദിഖ് എം.എൽ.എയും വൈകിട്ട് നാലിന് കളക്ടറേറ്റിന് മുന്നിൽ സമാപന പൊതുസമ്മേളനം കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പിയും ഉദ്ഘാടനം ചെയ്യും.
ഗാന്ധിജയന്തി ദിനത്തിൽ കരുവന്നൂർ ബാങ്കിന് മുന്നിൽ നിന്നാണ് ബി.ജെ.പിയുടെ നേതൃത്വത്തിൽ സുരേഷ് ഗോപിയുടെ പദയാത്ര. തൃശ്ശൂരിൽ സമാപിക്കുന്ന പദയാത്രയിൽ, ബാങ്ക് നിക്ഷേപം നഷ്ടമായതിനെ തുടർന്ന് ആത്മഹത്യ ചെയ്തവരുടെയും ദുരിതത്തിലായവരുടെയും കുടുംബാംഗങ്ങളും അണിനിരക്കും. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ എം.ടി. രമേശും പ്രസംഗിക്കും. പഞ്ചായത്ത് തലത്തിലും ബി.ജെ.പി പ്രതിഷേധം സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |