കൊച്ചി: കുറഞ്ഞ ചെലവിൽ പ്രകൃതി സൗഹൃദ വീടുകൾ നിർമ്മിക്കുന്നതിനുള്ള പാർപ്പിടനയം അടുത്ത വർഷം കേരളത്തിൽ യാഥാർത്ഥ്യമാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേമ്പേഴ്സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ സംഘടിപ്പിച്ച അഫോഡബിൾ ഹൗസിംഗ് സമ്മേളനം ഉദ്ഘാടനം ചെയ്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കാലാവസ്ഥ, ഭൂമിയുടെ സാഹചര്യം, ലഭ്യത തുടങ്ങിയ പ്രശ്‌നങ്ങൾ മനസിലാക്കി ഈ രംഗത്ത് സമഗ്രമായി പ്രവർത്തിക്കുന്നവരുമായി കൂടിയാലോചിച്ചാണ് പാർപ്പിട നയം നടപ്പിലാക്കുക. ബോൾഗാട്ടിയിൽ ഭവന നിർമ്മാണ ബോർഡിന്റെ കീഴിൽ വരുന്ന 17 ഏക്കർ സ്ഥലത്ത് കുറഞ്ഞ കാലത്തിനുള്ളിൽ പുതിയ കെട്ടിട സമുച്ചയം ആരംഭിക്കും. ഇതിനെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എക്‌സിബിഷൻ സെന്ററാക്കും. എൻ.ബി.സി.സിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ 3,06,000 ചതുശ്ര അടി വ്യവസായിക ആവശ്യങ്ങൾക്കായും 40 ലക്ഷം ചതുശ്ര അടി ഹൗസിംഗ് പ്രവർത്തനങ്ങൾക്കായും മാറ്റിവയ്ക്കും. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വീട് വയ്ക്കാനുള്ള ഉപകരണങ്ങൾ കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിതി കേന്ദ്രയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കലവറ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ മോർട്ട്‌ഗേജ് ഗാരന്റി കോർപ്പറേഷൻ (ഐ.എം.ജി.സി.), ക്രെഡായ് കേരള എന്നിവയുടെ സഹകരണത്തോടെയാണ് അഫോഡബിൾ ഹൗസിംഗ് സമ്മേളനം സംഘടിപ്പിച്ചത്. ഫിക്കി അംഗം വി.പി. നന്ദകുമാർ, ക്രെഡായ് കേരള ജനറൽ കൺവീനർ എസ്.എൻ. രഘുചന്ദ്രൻ നായർ, ഐ.എം.ജി.സി ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ അമിത് ദിവാൻ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ എ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബാങ്കിംഗ്, എൻ.ബി.എഫ്.സി, ഹൗസിംഗ് ഫിനാൻസ് മേഖലകളിലുള്ളവരും റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി ഡെവലപ്പർമാർ, ബിൽഡർമാർ, കൺസൾട്ടിംഗ് സ്ഥാപനങ്ങൾ, റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |