കോടതിയലക്ഷ്യ ഹർജിയിൽ സുപ്രീംകോടതി നിർദ്ദേശം
ന്യൂഡൽഹി : കേരളത്തിൽ പിന്നാക്ക വിഭാഗങ്ങളുടെ സംവരണപ്പട്ടിക പുതുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ കോടതിയലക്ഷ്യഹർജിയിൽ നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ, സംസ്ഥാന പട്ടികവിഭാഗ കമ്മിഷൻ എന്നിവർക്ക് നോട്ടീസ് അയയ്ക്കാനാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, പി.എസ്. നരസിംഹ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം. ഇന്ദിരാ സാഹ്നി വിധി (മണ്ഡൽ കമ്മിഷൻ വിധി) വന്ന് 30 വർഷം കഴിഞ്ഞിട്ടും വിധി നടപ്പാക്കുന്നതിൽ ബോധപൂർവമായ വീഴ്ച് വരുത്തുന്നുവെന്ന് ഹർജിക്കാരായ മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് കോടതിയെ അറിയിച്ചു.
സാമൂഹ്യ - സാമ്പത്തിക പഠനം നടത്തി റിപ്പോർട്ട് സംസ്ഥാന പട്ടികവിഭാഗ കമ്മിഷന് കൈമാറാൻ 2020 സെപ്തംബർ എട്ടിന് കേരള ഹൈക്കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ആറുമാസം സമയമാണ് അന്ന് അനുവദിച്ചത്. ഇതിനെതിരെ കേന്ദ്രം സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. 2021 ജൂണിൽ ഹൈക്കോടതി ഒരു വർഷം കൂടി സമയം അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |