തിരുവനന്തപുരം: രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം റെയിൽവേ പ്രഖ്യാപിച്ചു. കാസർകോട് നിന്ന് രാവിലെ 7ന് സർവീസ് ആരംഭിക്കും. വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. മടക്കയാത്ര വൈകിട്ട് 4.05ന് പുറപ്പെട്ട് രാത്രി 11.58ന് കാസർകോട്ടെത്തും. തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നും ചൊവ്വാഴ്ച കാസർകോട്ടു നിന്നും സർവീസ് ഉണ്ടാകില്ല. കാസർകോട്ടുനിന്നുള്ള ട്രെയിൻ നമ്പർ 20631ഉം തിരുവനന്തപുരത്തു നിന്നുള്ളത് 20632ഉം ആണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉച്ചയ്ക്ക് 12.30ന് വീഡിയോ കോൺഫറൻസിലൂടെ ഫ്ളാഗ് ഓഫ് ചെയ്യും. കാസർകോഡ് റെയിൽവേ സ്റ്റേഷനിലാണ് സംസ്ഥാനത്തെ ചടങ്ങുകൾ നടക്കുക. പാലക്കാട്, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർമാർ, കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ, റെയിൽവേ ചുമതലയുള്ള സംസ്ഥാന മന്ത്രി അബ്ദുറഹിമാൻ എന്നിവർ പങ്കെടുക്കും. ഞായറാഴ്ച തിരുവനന്തപുരത്തേക്ക് സ്‌പെഷ്യൽ സർവീസ് നടത്തും. തിരുവനന്തപുരത്ത് നിന്നുള്ള റെഗുലർ സർവീസ് ചൊവ്വാഴ്ച മുതലും തിരിച്ചുള്ളത് ബുധനാഴ്ച മുതലും ആരംഭിക്കും. ടിക്കറ്റ് റിസർവേഷൻ ഉടൻ തുടങ്ങും. അതിനുശേഷമേ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിക്കുള്ളൂ.
ട്രെയിനിന്റെ ട്രയൽ റൺ ഇന്നലത്തോടെ പൂർത്തിയായി. രാവിലെ 7ന് കാസർകോട് നിന്ന് പുറപ്പെട്ട് വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തി. വ്യാഴാഴ്ച വൈകിട്ട് 4.05ന് കാസർകോട്ടേക്കും ട്രയൽ റൺ നടത്തിയിരുന്നു.
തിരുനൽവേലി- ചെന്നൈ, ഇൻഡോർ- ജയ്പൂർ, പാറ്റ്ന- ഹൗറ, ചെന്നൈ- ഹൈദരാബാദ്, പുരി- റൂർക്കല, ജയ്പൂർ- ചണ്ഡീഗഡ്, ജാം നഗർ- അഹമ്മദാബാദ്, ജയ്പൂർ- ഉദയ്പൂർ സർവീസുകളും പ്രധാനമന്ത്രി നാളെ ഫ്ളാഗ് ഓഫ് ചെയ്യും.
തിരൂരിൽ സ്റ്റോപ്
രണ്ടാം വന്ദേ ഭാരതിന് മലപ്പുറം തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചെന്ന് റെയിൽവേ അറിയിച്ചതായി ഇ.ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഷൊർണൂർ, തിരൂർ, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുള്ളത്. ആദ്യ വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടത്തിൽ തിരൂരിൽ സ്‌റ്റോപ്പുണ്ടായിരുന്നെങ്കിലും പിൻവലിച്ചു. രണ്ടാം വന്ദേഭാരതിനും സ്‌റ്റോപ്പ് അനുവദിച്ചിരുന്നില്ല.
കാസർകോട് നിന്ന് രാവിലെ 7ന്
തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4:05ന്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |