തിരുവനന്തപുരം: വരും വർഷങ്ങളിൽ രാജ്യത്തെ സാങ്കേതിക വിദ്യയുടെ പ്രധാന കേന്ദ്രങ്ങളാകുന്ന നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരവും. ഇന്ത്യയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബംഗളൂരുവിനോടു പോലും കിടപിടിക്കുന്ന വളർച്ചയാണ് തലസ്ഥാനം കൈവരിച്ചിരിക്കുന്നത്. ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ നാസ്കോം, യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിലോയ്റ്റി എന്നീ കമ്പനികൾ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
കൊച്ചിയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മാർ ഇവാനിയോസ്, സി.ഇ.ടി, യൂണിവേഴ്സിറ്റി കോളേജ്, ഐ.ഐ.എസ്.ടി, കൊച്ചിയിലെ ഇൻഫോപാർക്ക്, ഗവ. ലാ കോളേജ്, സ്കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്നിവ നൈപുണ്യമുള്ള യുവതയെ സംഭാവന ചെയ്യുന്നതായും പഠനം വ്യക്തമാക്കുന്നു.
അഞ്ചു വർഷത്തിനിടെ 100ലേറെ കമ്പനികൾ മറ്റ് നഗരങ്ങളിൽ നിന്ന് തലസ്ഥാനത്തേക്ക് ചേക്കേറിയിട്ടുണ്ട്. സംരംഭക സൗഹൃദാന്തരീക്ഷവും അടിസ്ഥാനസൗകര്യ വികസനവുമാണ് നേട്ടത്തിന് വഴിതെളിച്ചത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക് പുറമേ ക്ലൗഡ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേർണിംഗ്, ബിഗ്ഡേറ്റ, ബ്ലോക്ക് ചെയിൻ ടെക്നോളജി, നിർമ്മിതബുദ്ധി എന്നീ രംഗങ്ങളിലെ സ്റ്റാർട്ടുപ്പുകളിലും വർദ്ധനവുണ്ടായി. ടെക്നോപാർക്കിന്റെ പള്ളിപ്പുറത്തെ നാലാമത്തെ ഫെയിസായ ടെക്നോസിറ്റിയിൽ 1000 സ്റ്റാർട്ടപ്പുകളെ ഉൾക്കൊള്ളുന്ന സ്റ്റാർട്ടപ്പ് ഹബും കുതിപ്പിന് കാരണമാവും. അഞ്ചു വർഷത്തിനുള്ളിൽ 49,000 തൊഴിലവസരങ്ങളാണ് ടെക്നോപാർക്കിൽ സൃഷ്ടിക്കപ്പെടുന്നത്.
2030ൽ ഇന്ത്യ
ലോകത്തിൽ ഏറ്റവും കൂടുതൽ നൈപുണ്യമുള്ള ആളുകളുള്ള രാജ്യമായി ഇന്ത്യ മാറും
സാങ്കേതികരംഗത്ത് 40 ശതമാനം തൊഴിലവസരങ്ങൾ വർദ്ധിക്കും.
(2021-2022ലെ കണക്കുകൾ)
പഠിച്ചിറങ്ങിയ ബിരുദധാരികൾ: 66,000- 70,000
ശാസ്ത്ര- സാങ്കേതിക- വിദ്യാഭ്യാസ- ആരോഗ്യ രംഗങ്ങളിലേക്ക് പ്രവേശിക്കുന്നവർ: 23,000- 25,000
ഐ.ടി കമ്പനികളിലേക്ക് പോകുന്നവർ: 55,000
ടെക് സ്റ്റാർട്ടപ്പുകൾ: 550
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |