'മാളികപ്പുറം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നായകനാകുന്ന ഫാന്റസി ചിത്രമാണ് 'ഗന്ധർവ്വ ജൂനിയർ'. പ്രഖ്യാപനം മുതൽ ഏറെ ചർച്ചയായ ചിത്രത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 'വേൾഡ് ഓഫ് ഗന്ധർവ്വാസ്' എന്ന പേരിലാണ് അണിയറ പ്രവർത്തകർ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പതിവ് ഗന്ധർവ്വ സങ്കൽപങ്ങളെ പൊളിച്ചെഴുതുന്നതായിരിക്കും ഈ ചിത്രമെന്നാണ് വീഡിയോയിൽ വ്യക്തമാകുന്നത്. ആരാലും പറയപ്പെടാതെ പോയ ഗന്ധർവ്വന്മാരുടെ പോരാട്ടങ്ങളുടെ കഥയാകും ചിത്രത്തിൽ പറയുക. ചിത്രത്തിന്റെ വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. പ്രതികരണവും ലഭിക്കുന്നുണ്ട്.
സെക്കന്റ് ഷോ, കൽക്കി തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകൻ ആയിരുന്ന വിഷ്ണു അരവിന്ദ് സ്വതന്ത്ര സംവിധായകൻ ആവുന്ന ചിത്രമാണ് ഗന്ധർവ്വ ജൂനിയർ. കൽക്കിക്ക് ശേഷം പ്രവീൺ പ്രഭാറാമും സുജിൻ സുജാതനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം കൂടിയാണിത്.
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഫാന്റസിയും ഹാസ്യവുമാണ് ചിത്രത്തിന്റെ ജോണർ. ഒരു ഗന്ധർവന്റെ ഭൂമിയിലേക്കുള്ള അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ലിറ്റിൽ ബിഗ് ഫിലിംസും ജെ എം ഇൻഫോടെയിൻമെന്റും ചേർന്നാണ് ഗന്ധർവ ജൂനിയർ നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |