എന്നും എപ്പോഴും എല്ലാ ഭാഷകളിലും പ്രേക്ഷകരെ വിസ് മയിപ്പിക്കുന്ന താരമാണ് കന്നട നടൻ രാജ് ബി.ഷെട്ടി.സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും തിളങ്ങുന്ന രാജ് ബി.ഷെട്ടി ടോബി എന്ന ചിത്രവുമായി എത്തുന്നു. മലയാളത്തിൽ ആദ്യമായി രാജ് ബി.ഷെട്ടി നായകനായി അഭിനയിക്കുന്ന രുധിരം റിലീസിന് ഒരുങ്ങുന്നതാണ് മറ്രൊരു വിശേഷം. അപർണ ബാലമുരളി ആണ് നായിക.മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നതിനെക്കുറിച്ചും സിനിമയിലെ യാത്രയെക്കുറിച്ചും രാജ് ബി.ഷെട്ടി സംസാരിച്ചു.
കേരളത്തിൽ ആരാധകർ ഉണ്ടെന്ന വിവരം അറിയാമോ?
സത്യത്തിൽ, അങ്ങനെ ഒരു കാര്യം ഞാൻ ആലോചിക്കുന്നത് പോലുമില്ല. ഒരുപക്ഷേ മലയാളികൾ ഗരുഡ ഗമന വൃഷഭ വാഹന യും 777 ചാർളിയും കണ്ടിട്ടുണ്ടാകാം. അതുപോലെ ഞാൻ ചെയ്ത മറ്റു സിനിമകൾ മലയാളി പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാകാം. പക്ഷേ അവരെ ആരാധകരായി കണക്കാക്കാനുള്ള അത്രയും വലിയ സ്വാധീനം എനിക്കവിടെയുണ്ടോ എന്നറിയില്ല.മലയാളി പ്രേക്ഷകർ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് അറിയാം.
ടോബിയുടെ പിന്നിൽ മലയാളി സാന്നിധ്യം ഏറെയാണല്ലോ?
തീർച്ചയായും. മാത്രമല്ല, ടോബി ചിത്രീകരിച്ചത് കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കുംത എന്ന സ്ഥലത്താണ്. കേരളത്തിന്റെയും ഉത്തര കന്നഡയുടെയും ദക്ഷിണ സ്ഥലങ്ങൾ തമ്മിൽ വലിയ രൂപവ്യത്യാസങ്ങളൊന്നും ഇല്ല. രണ്ട് സ്ഥലങ്ങളിലെയും ഭൂപ്രകൃതിയും കടലുമെല്ലാം ഒരുപോലെ ആണെന്ന് തോന്നിയിട്ടുണ്ട്. ഭക്ഷണവും ഏകദേശം ഒരുപോലെ. അതുപോലെതന്നെ ആളുകളുടെ വസ്ത്രധാരണവും ഒരുപോലെയാണ്. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചിത്രമാണ് ടോബി. എല്ലാ ഗ്രാമങ്ങളിലും കാണാൻ കഴിയുന്ന സാധാരണ വ്യക്തിയാണ് ടോബി. ഒന്നിനും കൊള്ളാത്ത, പ്രത്യേകിച്ച് ഒരു ജോലിയുമില്ലാത്ത വ്യക്തി.
ഋഷഭ് ഷെട്ടിയോടൊപ്പം എപ്പോഴായിരിക്കുംവീണ്ടും ഒന്നിക്കുക ?
ഉടൻ ഒരു പ്രോജക്ട് ഉണ്ടാകില്ല. ഋഷഭ് ഇപ്പോൾ കാന്താര 2 സിനിമയുടെ ജോലിയിലാണ്.
ദുൽഖർ സൽമാന്റെ കന്നഡ അരങ്ങേറ്റം രാജ് ബി. ഷെട്ടിയോടൊപ്പമെന്ന് കേൾക്കുന്നത് ശരിയാണോ ?
ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസാണ് ടോബിയുടെ കേരളത്തിലെ വിതരണം.ഞങ്ങളുടെ സഹകരണം ആരംഭിച്ച് തുടങ്ങിയതേയുള്ളൂ. ഞാനും ദുൽഖർ സൽമാനും ഒരുമിച്ച് അഭിനയിക്കുന്ന കന്നഡ സിനിമയെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. എന്നെ സംബന്ധിച്ച് സിനിമ എന്നത് കഥയും ഉള്ളടക്കവുമാണ്.
മലയാളത്തിൽ നായകനായി അഭിനയിക്കണം എന്ന ആഗ്രഹം കൂടിയാണോ രുധിരം ?
മറ്റ് ഭാഷകളിൽ ജോലി ചെയ്യാൻ ഇഷ്ടമാണ്, കാരണം അവിടെനിന്ന് ധാരാളം പഠിക്കാൻ കഴിയും. ഇനി മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യുമ്പോൾ എന്റെ കഥപാത്രത്തോട് പൂർണമായും നീതി പുലർത്താൻ മലയാളം നന്നായി പഠിക്കാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ മലയാളം മനസിലാക്കാനും കുറച്ച് സംസാരിക്കാനും കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |