ചുറ്റും തണുപ്പ് പരക്കുകയാണ്. ശരീരമാകെ വിറയ്ക്കുന്നു.നേരം പരപരാന്ന് വെളുത്തുവരുന്നതേയുള്ളൂ.
ഞാനെവിടെയാണ്? അറിയില്ല.
എന്റേതെന്ന് കരുതിയിരുന്നതെല്ലാം എന്റേതല്ലാതായി മാറുന്നുവോ?
ഒരു നടുക്കം, ഒരു പൊട്ടിത്തെറിപോലെ. എല്ലാം പെട്ടെന്നായിരുന്നു. പിന്നെ ഒന്നും ഓർമ്മയിലെത്തുന്നില്ല. ഒാർമ്മിച്ചെടുക്കാൻ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല. കാണാത്തതും കണ്ടതുമായ കാഴ്ചകൾ.
ഒന്നുമാത്രം ഓർമ്മയിലെത്തുന്നു. 1986 ലെ തുലാവർഷം ഉറങ്ങാൻ കിടക്കുമ്പോൾ തുലാവർഷം കനക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കനംകൂടിയത് തുലാവർഷക്കാറ്റിനായിരുന്നു. കൊള്ളിമീൻ പ്രത്യക്ഷപ്പെട്ടതും മങ്ങി മറിഞ്ഞതും പെട്ടെന്നായിരുന്നു. ഇടയ്ക്കിടെ കൂട്ട ആരവം, പിന്നെ നിശ്ചലം. എന്താണ് സംഭവിക്കുന്നത്? എനിക്കൊന്നും മനസിലാക്കാൻ പറ്റുന്നില്ല.
ഞാൻ എവിടെയാണ്?
എന്റെ തലവര ആരാണ് കുറിച്ചത്?
അതും എനിക്കറിയില്ല.
എന്റെ മുഖത്തെമ്പാടും മൺകട്ടകൾ തുരുതുരാ വീണുകൊണ്ടിരുന്നു. പൊട്ടിപ്പൊളിഞ്ഞ കല്ലിൻ കഷ്ണങ്ങൾ. കണ്ണുകൾ മണ്ണുകൊണ്ട് മൂടിയിരിക്കുന്നു. ഏതോ ഗുഹയ്ക്കുള്ളിൽ അകപ്പെട്ടതുപോലെ. എന്റെ മകളെവിടെ... ഭാര്യ എവിടെ?
ആറ് പകലും ആറ് രാത്രിയും കഴിഞ്ഞിരിക്കുന്നു. ഏതോ ഒരു പ്രഭാതത്തിൽ എന്നെ ആരോ എടുത്തെറിഞ്ഞിരിക്കുന്നു.എവിടേക്കാണ് ഞാൻ വീണത്. കൊയ്യാറായ നെന്മണികൾക്ക് മീതെയാണോ?നെന്മണികൾക്ക് എങ്ങനെ കിട്ടി ഈ സ്വർണനിറം.
കണ്ണെത്താ ദൂരത്തോളം നെല്പാടങ്ങൾ. എല്ലാം തകർന്നുകിടക്കുകയാണ്.
തലയില്ലാത്ത ശരീരങ്ങൾ. തുടിക്കുന്ന കൈകാലുകൾ. തെറിച്ചുവീണ കൃഷ്ണമണികൾ.
ദൂരത്തെവിടെയോ നിന്ന് ഒരു ചോരക്കുഞ്ഞിന്റെ കരച്ചിൽ.അതാരുടെ കരച്ചിലാണ്.
എന്റെ മകളുടേതല്ലേ.? എന്റെ മകളെവിടെ? എന്തുപറ്റി എന്റെ മകൾക്ക്."
കരച്ചിലുകൾക്ക് കാതോർത്തപ്പോൾ അതിൽ പൊന്തിവന്നത് സ്ത്രീകളുടേത്..വൃദ്ധരുടേത്, യുവാക്കളുടേത്.
എന്റെ ഭാര്യ, അവൾ എവിടെ?
എന്റെ കണ്ണുകൾക്ക് നിറം മങ്ങുന്നു. എന്റെ നാവ് ചലിക്കുന്നില്ല. എന്റെ ചെവികളിൽ ശബ്ദം അടയുന്നുവോ?എന്താണിവിടെ നടക്കുന്നത്.
എനിക്ക് മനസ് നിയന്ത്രിക്കാനാവുന്നില്ല.ഒരിടത്തും എന്റെ മകളുടെയും ഭാര്യയുടെയും അനക്കം പോലുമില്ലല്ലോ?
എങ്ങനെയാണ് ഞാനവരെ തിരിച്ചറിയുക. ദുഃഖഭാരം താങ്ങാനാവുന്നില്ല.
ഞാൻ ഒറ്റപ്പെട്ടുവോ... ഒന്നും എനിക്കറിയില്ല.
കൈയെത്താവുന്ന അകലത്തിൽ മണ്ണെണ്ണയൊഴിച്ച് കത്തിച്ച എത്രയെത്ര ശരീരങ്ങളുടെ ചീഞ്ഞുനാറുന്ന ഗന്ധം.
ഞാനും ഒരുപക്ഷേ കത്തിയെരിഞ്ഞേനെ. എന്തോ? എന്നിലെ സ്വത്വം എന്നെ വലിച്ചെടുത്തു നെല്പാടത്തിലിട്ടു.ചോരത്തുള്ളികൾ തെറിച്ചുവീണ നെന്മണികളും മണ്ണും കനാലുകളിലെ വെള്ളവും.
ആകെ ചോരമയം. ശരീരം കത്തി കൊണ്ട് കീറിയുണ്ടായ ചോരയല്ല. ഇത് ഈശ്വരൻ നൽകിയ ചോരത്തുള്ളികളാണ്.
മണ്ണെണ്ണപ്പാട്ടകളും തീക്കൊള്ളികളുമായി ഒരുകൂട്ടം പട്ടാളക്കാർ എന്റെ അരികിലെത്തി. ഞാൻ നിശ്ചലമായിക്കിടന്നു. അടഞ്ഞ കൺപോള തുറക്കാൻ നന്നേ പാടുപെട്ടു. ഒരുവിധത്തിലും തുറക്കാൻ പറ്റുന്നില്ല. പട്ടാളക്കാരുടെ ബൂട്ടുകളുടെ ശബ്ദം എന്റെ ചെവികളെ പ്രകമ്പനം കൊള്ളിച്ചു. അവസാനം ഞാൻ പതിയെ കണ്ണുതുറന്നു. പട്ടാളക്കാർ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. ഞാൻ ശവമാണെന്ന് കരുതി അവർ തിരിച്ചുപോയി.
ഒരിറ്റുവെള്ളത്തിനായി എന്റെ നാവലഞ്ഞു. ഒഴുകുന്ന കനാലിൽനിന്ന് കൈക്കുമ്പിളിൽ വെള്ളം കോരിക്കുടിച്ചു. വെള്ളത്തിന് ചോരയുടെ ചുവ.
ദിനരാത്രങ്ങൾ കഴിഞ്ഞു. പ്രകാശം എങ്ങും പരുന്നു. എന്റെ കണ്ണുകൾക്ക് ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണാൻ കഴിയുന്നു. ഞാൻ ഉണർന്നപ്പോഴും എന്റെ ഭാഷ എന്റെ ചുണ്ടിൽ തങ്ങിനിന്നു. ഭൂമിപാതാളങ്ങൾക്ക് മദ്ധ്യേ തുരങ്കങ്ങൾ ഞാൻ കണ്ടു. ഞാൻ മാനസികരോഗിയാണെന്ന് സംശയിച്ചു. ഒരിക്കലുമല്ലെന്ന് എനിക്കറിയാം.
ഒരു മൂടൽ മഞ്ഞുപോലെ ഉരുകുകയാണ് എന്റെ മനസ്. എനിക്കെല്ലാം ഓർമ്മയിലെത്തുന്നു.
സൂര്യന്റേതുപോലെ തേജസുള്ള മുഖമായിരുന്നു എന്റെ മകളുടേത്. ഉരുണ്ട കണ്ണുകളും വട്ടമുഖവും വിടർന്ന ചുണ്ടുകളുമുള്ള എന്റെ ഭാര്യ. എന്റെ മനസിനെ കീഴടക്കുന്ന അവളുടെ പുഞ്ചിരി.
എല്ലാം എന്റെ ഓർമ്മകളിലേക്കെത്തുന്നു. എന്റെ മകളും ഭാര്യയുമെവിടെ?
ഭൂമിയുടെ പാതാളത്തിൽ അവരാണ്ടു. ഇനി ഒരിക്കലും അവർ വരില്ലേ? എനിക്ക് സഹിക്കാൻ കഴിയുന്നില്ല.വർഷങ്ങൾക്കുമുമ്പുള്ള ഒരു തുലാവർഷ സന്ധ്യ. പെട്ടെന്നായിരുന്നു അത് ഒാർമ്മയിലെത്തിയത്.
തെരുവുകളിൽ പ്രകാശം പരന്നു തുടങ്ങിയതേയുള്ളൂ.പെട്ടെന്നാണ് ചാറ്റൽമഴ വന്നുപെട്ടത്. അതിന് ശക്തിയാർജ്ജിച്ചതും പെട്ടെന്നായിരുന്നു.
ഒരുമിനിട്ടിനകം ശമനമുണ്ടായി. എല്ലാം കൊള്ളിമീൻപോലെ.മഴയിൽക്കുളിച്ച മരങ്ങൾക്ക് തെരുവുവിളക്കുകളുടെ തിളക്കം.
നാട്ടുവഴികളിലെങ്ങും നേരത്തെ നിലാവെളിച്ചം വീണിരുന്നു.ഓർമ്മകളിൽ എനിക്കുമുന്നിലൂടെ ഒരു പെൺകുട്ടി നടന്നു നീങ്ങുന്നു.
പെട്ടെന്നവളുടെ നിലവിളി ആകാശത്തേക്കുയർന്നു. ഞാൻ ചെവി കോർത്തു. അവൾ അലമുറയിട്ടു വിളിക്കുകയാണ്.
ആരോ അവളെ ഉപദ്രവിക്കാൻ ഒരുങ്ങുകയാണ്. അയാൾ ആരാണ്? എനിക്കറിയില്ല. ഞാൻ ഓടി അവർക്കരികിലെത്തി.
അവന്റെ കൈയിൽ നിന്നവളെ രക്ഷിക്കാൻ ഞാൻ നന്നേ പാടുപെട്ടു.
വല്ലവിധേനേയും ഞാനവളെ രക്ഷിച്ചു.ഞാനവളുടെ പേരും ഊരും ഒക്കെ മനസിലാക്കി.
ഗായത്രി ദേവിയെന്ന് പേര്. വയസ് ഇരുപത്. ഗ്രാമത്തിലെ ആർട്സ് ക്ളബ് നടത്തുന്ന നൃത്തവിദ്യാലയത്തിലെ അദ്ധ്യാപിക. അച്ഛൻ ആഢ്യത്വം നിറഞ്ഞ ജന്മി. അമ്മ തറവാടിത്തമുള്ള കുടുംബിനി. അച്ഛന്റെയും അമ്മയുടെയും പൊന്നോമന. കൂടപ്പിറപ്പുകളാരുമില്ല. കുട്ടികളെ നൃത്തം പഠിപ്പിച്ചിട്ട് നാലുകെട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു. എന്റെ കണ്ണിൽപ്പെട്ടില്ലെങ്കിൽ അവളുടെ ജീവിതം ഇവിടെ തകരുമായിരുന്നു.
ഇവിടെ നിന്നാണ് ഞാനും ഗായത്രിയും തമ്മിലുള്ള സ്നേഹബന്ധം ഉടലെടുക്കുന്നത്.ചിപ്പിക്കുള്ളിലെ മുത്തുപോലെ എന്റെ മനസിലെ സ്നേഹം ഞാൻ ഒതുക്കിവച്ചു. അവളും. പിന്നെ പല ആവർത്തി ഞങ്ങൾ ഇരുവരും കണ്ടുമുട്ടി. അവളുടെ കലാലയ സ്വപ്നങ്ങൾ എന്നോട് ഉരുവിട്ടു. ഞങ്ങൾ പരസ്പരം കലാലയ സ്വപ്നങ്ങൾ പങ്കുവച്ചു. ഞങ്ങളുടെ സൗഹൃദത്തിന് ആഴം കൂടിയത് പെട്ടെന്നായിരുന്നു. ഊടുവഴികളിൽ തൂവൽ പക്ഷികളെപ്പോലെ അവൾ പറന്നുനടന്നു. ഒപ്പം ഞാനും. ഞങ്ങളുടെ സൗഹൃദം പ്രണയമായത് ഞങ്ങളറിഞ്ഞിരുന്നില്ല. എന്റെയുള്ളിന്റെ ഉള്ളിൽ ഒതുക്കിവച്ചിരുന്ന മോഹം ഒരു മുത്തായി പറന്നുനടന്നു. പിന്നെ എന്റെ സ്നേഹം പ്രണയമായത് ഞാൻ അവൾക്ക് മുന്നിൽ അർപ്പിച്ചു. വേണ്ടുവോളം ഞങ്ങളടുത്തു. ഒരേ മനസുപോലെ, വാത്സല്യവും സ്നേഹവും പ്രേമവും എല്ലാം ഒന്നായി. പാദസരങ്ങളണിഞ്ഞ് തത്തച്ചുണ്ടിന്റെ നിറമുള്ള ധാവണി അണിഞ്ഞ് മുടിയിൽ മുല്ലപ്പൂവ് ചൂടി വഴിയോരങ്ങളിൽ അവൾ എന്നെക്കാത്ത് നിൽക്കുമായിരുന്നു.ഞാനവളെയും, അവളുടെ വീട്ടുകാരറിയാതെ ഞങ്ങളുടെ പ്രണയത്തിന് ചിറകുവിടരുകയായിരുന്നു, അതിർവരമ്പുകളില്ലാതെ. എനിക്ക് അച്ഛനോ അമ്മയോ ഇല്ല. തെരുവുകളിൽ ഏകനായാണ് വളർന്നത്. ആരുടെയൊക്കെയോ സഹായത്താൽ വേണ്ടുവോളം പഠിച്ചു. നല്ലൊരു ജോലിയും സമ്പാദിച്ചു. ഇതുമാത്രമാണ് എനിക്ക് സ്വന്തമായുള്ളത്. എന്റെ കഥ അവളെ എന്നിലോട്ട് കൂടുതൽ അടുപ്പിക്കുകയായിരുന്നു. ഒരിക്കലും പിരിയാൻ പറ്റാത്തവിധം ഞങ്ങൾ അടുത്തു. അവളുടെ വീട്ടുകാരറിയാതെ ഒരു രജിസ്റ്റർ ഓഫീസിൽ വച്ച് ഞാനവളെ സ്വന്തമാക്കി.
അവൾ എന്നെയും.ഞങ്ങൾ ഒരുവാക്കും ഒരു മെയ്യും ഒരു സ്വരവും ഒരു താളവും ഒരു ജീവനും പോലെയായി.അങ്ങനെ ഞങ്ങൾ ഒന്നായി ജീവിച്ചു. പാദസരങ്ങൾ കെട്ടിയ ജീവിതദിനരാത്രങ്ങൾ. വർഷങ്ങൾക്കുശേഷം ഞങ്ങൾക്ക് ഒരു മകൾ പിറന്നു. അവളുടെ ഛായയുള്ള പൊന്നോമന മകൾ. അവൾക്ക് ഞങ്ങൾ നീലിമ എന്നുപേരിട്ടു.
എന്റെ മകൾ നീലിമ. എന്റെ ഭാര്യ ഗായത്രിദേവി, അവരെവിടെ?മനസ് പിടയുന്നു. ഒരുനിമിഷം കൊണ്ടല്ലേ എല്ലാം തകർന്നടിഞ്ഞത്.അവർ മരിച്ചിട്ടില്ല. അവർക്ക് എന്നെ പിരിയാൻ കഴിയില്ല. എല്ലാം ഭഗവാൻ നിശ്ചയിക്കട്ടെ.ദാനം കിട്ടിയ റൊട്ടി കഴിക്കുകയാണ്. ഭൂകമ്പത്തിന്റെ കലാശം തുള്ളിയ ദുഃഖഭൂമിയിൽ മനുഷ്യനിണം ഏറ്റുവാങ്ങിയ നെല്പാടങ്ങൾ, അവയ്ക്കുമീതേ മണ്ണെണ്ണ വീണിട്ടും തീ എരിഞ്ഞിട്ടും കത്താതെ എന്റെ ശരീരം.ഞാൻ ശാന്തിയുടെയും സമാധാനത്തിന്റെയും ഗുഹയിലാണ്. ദൈവമേ നീ മാത്രം സാക്ഷി. ഇനി ഭൂമി കുലുങ്ങുന്നതുവരെ ഞാനിവിടെ ഉറങ്ങട്ടെ...എന്റെ ഗായത്രിയുടെയും നീലിമയുടെയും അരികിലെത്താൻ...!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |