ഇടുക്കി എന്ന ഇമ്മിണി ബല്യ മിടുക്കി
ചെന്തമിഴ് സംസ്കാരം അതിരിടുന്ന അഞ്ചുനാട് മുതൽ മലയിറങ്ങുമ്പോൾ തൊടുന്ന സമതലം വരെ വൈവിദ്ധ്യങ്ങൾ നിറഞ്ഞ ഇടുക്കി ജില്ല രൂപീകരിച്ചിട്ട് അരനൂറ്റാണ്ട് പിന്നിടുമ്പോൾ വലിപ്പത്തിലെ ഒന്നാംസ്ഥാനം തിരികെ പിടിച്ചിരിക്കുകയാണ്. പാലക്കാടിനെ പിന്തള്ളിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായി വീണ്ടും ഇടുക്കി മിടുക്കിയായത്. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെ ഭാഗമായ സ്ഥലം ഇടമലക്കുടി വില്ലേജിലേക്ക് കൂട്ടിച്ചേർത്തതോടെയാണ് സംസ്ഥാനത്തെ വലിപ്പം കൂടിയ ജില്ല എന്ന സ്ഥാനം ഇടുക്കിയ്ക്ക് തിരികെ ലഭിച്ചത്. ഭരണ സൗകര്യത്തിനായാണ് ഈ മാറ്റം. കുട്ടമ്പുഴ വില്ലേജിലെ ഒന്ന് മുതൽ 20 വരെയുള്ള സർവേ നമ്പറുകളിലുള്ള സ്ഥലം ഇനി ഇടമലക്കുടിയുടെ ഭാഗമാകും. ഇതോടെ ഇടുക്കിയുടെ ആകെ വിസ്തീർണം 448504.64 ഹെക്ടറിൽ നിന്ന് 461223.1495 ആയി ഉയർന്നു. ഇടുക്കിയുടെ വിസ്തീർണം കൂടുന്നതനുസരിച്ച് ജനസംഖ്യയിലും വർദ്ധനയുണ്ടാകും. കാൽനൂറ്റാണ്ട് മുമ്പ് ഇടുക്കി തന്നെയായിരുന്നു വലിപ്പത്തിൽ വമ്പൻ. 1997 ജനുവരി ഒന്നിനു ദേവികുളം താലൂക്കിൽ നിന്ന് കുട്ടമ്പുഴ വില്ലേജ് എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലേക്ക് ചേർത്തു. ഇതോടെ ഇടുക്കിയുടെ വലിപ്പം കുറഞ്ഞ് രണ്ടാം സ്ഥാനത്തായി, പാലക്കാട് ഒന്നാമതുമെത്തി.
1972 ജനുവരി 26 നാണ് ഇടുക്കി ജില്ല നിലവിൽ വന്നത്. അതുവരെ കോട്ടയം ജില്ലയുടെ ഭാഗമായിരുന്നു. മലയിടുക്ക് എന്നർത്ഥമുള്ള ഇടുക്ക് എന്ന വാക്കിൽ നിന്നാണ് ഇടുക്കി എന്ന പേര് ഈ ജില്ലയ്ക്ക് വന്നത്. രൂപീകൃത കാലഘട്ടത്തിൽ 'ഇടിക്കി" എന്ന് ഔദ്യോഗികരേഖകളിൽ രേഖപ്പെടുത്തിയിരുന്നത് തിരുത്തി 'ഇടുക്കി" എന്നാക്കി മാറ്റി റവന്യൂവകുപ്പിന്റെ ഉത്തരവ് ഇറങ്ങിയത് 1973 ജനുവരി 11നാണ്.
വലയ്ക്കും ഈ വലിപ്പം
വലിപ്പം കൂടുതലായതിനാൽ തന്നെ ഇടുക്കിയുടെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്ത് എത്തുകയെന്നത് അത്ര നിസാരമല്ല. മറയൂരിനടുത്ത് കാന്തല്ലൂരിൽ നിന്ന് പീരുമേടിന്റെ പടിഞ്ഞാറെ അറ്റത്തുള്ള കൊക്കയാറിൽ എത്താൻ 170 കിലോമീറ്റർ ദൂരം സഞ്ചരിക്കണം. മലയോരമായതിനാൽ കുറഞ്ഞത് അഞ്ചര മണിക്കൂർ യാത്രയുണ്ട്. തൊടുപുഴയിൽ നിന്ന് നാല് ജില്ലകൾ കടന്ന് തിരുവനന്തപുരമെത്താൻ നാല് മണിക്കൂർ തികച്ച് വേണ്ടെന്ന് ഓർക്കണം. അതുപോലെ കുട്ടമ്പുഴയിൽ നിന്ന് പെരുവന്താനത്ത് എത്തണമെങ്കിൽ കോട്ടയം ജില്ലയിലൂടെ 115 കിലോമീറ്റർ യാത്ര ചെയ്യണം. ജില്ലാ ആസ്ഥാനമായ പൈനാവിൽ നിന്ന് അതിർത്തികളിലേക്ക് 60 മുതൽ 109 കിലോമീറ്റർ വരെ ദൂരമുണ്ട്. ഭൂമിയിലെ സ്വർഗമായി ലോകം വിശേഷിപ്പിച്ച രാജ്യങ്ങളിൽ നിന്നുവരെ ഇടുക്കി കാണാൻ ഓരോ വർഷവും എത്തുന്നത് ആയിരങ്ങളാണ്. അവർക്ക് മുന്നിൽ കാഴ്ചവെക്കാൻ ചരിത്രവും പ്രകൃതിഭംഗിയും ചേർത്ത് ഇടുക്കി മിനുക്കിയെടുത്ത വിസ്മയങ്ങൾ നിരവധിയുണ്ട്. ഇടുക്കിയുടെ പ്രൗഢിയുടെ കമാനമെന്ന് വിശേഷിപ്പിക്കാവുന്ന ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമടക്കം അത്ഭുതം അണകെട്ടിയ നിരവധി അണക്കെട്ടുകൾ, കേരളത്തിന് ദീപാലങ്കാരം ചാർത്താൻ മൂലമറ്റം വൈദ്യുതി നിലയം, കാണുന്നവരുടെ മനസ്സിൽ കൽപ്പാന്തകാലത്തോളം പൂത്തുനിൽക്കുന്ന നീലക്കുറിഞ്ഞിയുടെ സൗന്ദര്യം ഏലവും കുരുമുളകും കാപ്പിയും തേയിലയും സുഗന്ധം പരത്തുന്ന തോട്ടങ്ങൾ, തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാർ, ലോക ടൂറിസം ഭൂപടത്തിൽ പതിഞ്ഞ തേക്കടി, ചന്ദനം മണക്കുന്ന മറയൂർ കാടുകൾ, വരയാടുകളുടെ രാജമല, രാജ്യത്തെ ഏറ്റവും മികച്ച കടുവാ സങ്കേതം, കേരളത്തിന്റെ സ്വിറ്റ്സർലാന്റായ വാഗമൺ, കാനായി കുഞ്ഞിരാമന്റെ കരവിരുതിൽ വിരിഞ്ഞ കുറവൻ കുറത്തി ശില്പവും കൂറ്റൻ മലമുഴക്കി വേഴാമ്പൽ വാച്ച് ടവറും, പാഞ്ചാലിമേട്, ആനയിറങ്കൽ, മാട്ടുപ്പെട്ടി, തൂവൽ, തൂവാനം, കുത്തുങ്കൽ വെള്ളച്ചാട്ടങ്ങൾ, അരുവിക്കുഴി, ഇലവീഴാപൂഞ്ചിറ... ഇടുക്കിയുടെ മടിശ്ശീലയിൽ കാഴ്ചകളുടെ കൂമ്പാരം ഒടുങ്ങുന്നില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും ജലവൈദ്യുത പദ്ധതികളുമുള്ള ജില്ല എന്ന പ്രത്യേകതയും ഇടുക്കിയ്ക്ക് സ്വന്തമാണ്. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയും ജില്ലയിൽ തന്നെ. കാടിനു നടുവിൽ കളക്ടറേറ്റുള്ള സംസ്ഥാനത്തെ ഏക ജില്ലയും ഇടുക്കി തന്നെ. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗ്ലാസ് ബ്രിഡ്ജ് ഇപ്പോൾ വാഗമണ്ണിലുണ്ട്. പടയപ്പ, അരിക്കൊമ്പൻ തുടങ്ങി ചർച്ചയായ കാട്ടാനകളും ഇടുക്കിയിലൂടെയാണ് പേരുകേട്ടത്.
വെളുത്തുള്ളി മുതൽ ശർക്കര വരെ
ലോകത്തിലെ ഏറ്റവും ഗുണനിലവാരമുള്ള ഏലം ഉത്പാദിപ്പിക്കുന്നത് ഇടുക്കിയിലാണ്. സംസ്ഥാനത്ത് വെളുത്തുള്ളി കൃഷി ചെയ്യുന്ന ഏക ജില്ലയെന്ന ഖ്യാതിയും ഭൗമസൂചികാ പദവി ലഭിച്ച മറയൂർ ശർക്കരയും ഇടുക്കിയുടെ പ്രത്യേകതകളാണ്. മൂന്നാറിലെ തേയില ലോക പ്രശസ്തമാണ്. ലോകോത്തര ചന്ദനം ഉത്പാദിപ്പിക്കുന്ന മറയൂർ ഇടുക്കിയുടെ ചന്ദനക്കുറിയാണ്. മറയൂരിന് മാത്രമായി പ്രത്യേക ചന്ദന ഡിവിഷൻ രൂപീകരിച്ചത് 2006ൽ. 64 ചതുരശ്ര കിലോമീറ്റർ. മറയൂർ സാൻഡൽ ഡിവിഷൻ ഡി.എഫ്.ഒയുടെ നിയന്ത്രണത്തിൽ 150 ഉദ്യോഗസ്ഥരാണു കാവൽ.
എല്ലും കപ്പേം ഇടിയിറച്ചിയും...
കാടിനോട് ഇണങ്ങിയും പിണങ്ങിയും ജീവിതം കെട്ടിപ്പടുത്ത ഇടുക്കികാരുടെ രുചി കൂട്ടുകളിൽ കാന്താരിയുടെ എരിവും കുടംപുളിയുടെ തീഷ്ണതയുമുണ്ട്. ഇടുക്കിക്കാരുടെ ഭക്ഷണ മേശകളെ അലങ്കരിക്കുന്ന മാംസ വിഭവങ്ങളിൽ ബീഫ് തന്നെയാണ് മുമ്പൻ. 'എല്ലും കപ്പേം"(കപ്പ ബിരിയാണി, ഏഷ്യാഡ്), എല്ലു കറി, ഇടിയിറച്ചി എന്നിവ തനത് വിഭവങ്ങളാണ്. നാടൻ കോഴിയും പന്നിയും മുയലുമെല്ലാം ഇടുക്കിക്കാരുടെ അടുക്കളയെ വിസ്മയിപ്പിക്കും. മീൻ വിഭവങ്ങളുടെ കാര്യത്തിൽ കുടംപുളിയിട്ടു വറ്റിച്ച നല്ല ആറ്റുമീൻ കറിയാണ് പ്രത്യേകത. ചെണ്ടൻ കപ്പേം, കപ്പ പുഴുങ്ങിയതുമാണ് കറിക്കൂട്ടുകൾക്ക് പ്രത്യേക കോംബിനേഷൻ.
സിനിമാക്കാരുടെ കോടമ്പാക്കം
'മലമേലെ തിരിവച്ച് പെരിയാറിൻ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി..."ഇടുക്കിയെക്കുറിച്ച് പാടുക മാത്രമല്ല ഇടുക്കിയുടെ ജീവിതം പറഞ്ഞ് ഹിറ്റായ ഒരുപാട് സിനിമകളുണ്ട്. 'മഹേഷിന്റെ പ്രതികാര"വും 'കട്ടപ്പനയിലെ ഋത്വിക് റോഷനും" 'കെട്ടിയോളാണെന്റെ മാലാഖ"യും തുടങ്ങി നീളുന്നു പട്ടിക. 1958ൽ 'വനമോഹിനി"എന്ന സിനിമയാണ് ഇടുക്കിയിൽ ആദ്യമായി ഷൂട്ട് ചെയ്തത്. ഏറെ ചർച്ച ചെയ്യപ്പെട്ട ലിജോ ജോസ് പെല്ലിശേരിയുടെ 'ചുരുളി" കുളമാവിന്റെ ദൃശ്യ വിസ്മയമാണ്. സിനിമക്കാരുടെ ഭാഗ്യ ലൊക്കേഷനായ ഇടുക്കിയിൽ ചിത്രീകരിച്ച് ഹിറ്റായ അനവധി ചിത്രങ്ങളുണ്ട്. നീലച്ചടയൻ എന്ന കഞ്ചാവിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ഗോൾഡുമിറങ്ങി. ദൃശ്യം, പുലിമുരുകൻ, ഇലവീഴാ പൂഞ്ചിറ...പട്ടിക തീരുന്നില്ല.
അണക്കെട്ട് എന്ന അത്ഭുതം
രാജ്യത്ത് ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ള ജില്ലയാണ് ഇടുക്കി. ഏറ്റവും പഴക്കമുള്ളത്, സുർക്കഉപയോഗിച്ച് നിർമ്മിച്ചത് എന്നിവ ജില്ലയിലുണ്ട്. 1895 ൽ നിർമ്മിച്ച മുല്ലപ്പെരിയാർ ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ്. നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. കുറവൻ- കുറത്തി മലകളെ തമ്മിൽ ബന്ധിപ്പിച്ച ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമാണ് ഇടുക്കി ഡാം. ഉയരത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനമാണ് ചെറുതോണി അണക്കെട്ടിനുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുത നിലയമാണ് ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവർഹൗസ്. ഇനിയുമുണ്ട് വേറെ.
ഇവിടെ നിറയെ സിറ്റികൾ
ഇടുക്കിയിലെ പലസ്ഥലങ്ങളുടെയും പേരിനൊപ്പം സിറ്റിയുണ്ടാകും. കുടിയേറ്റ കാലത്ത് ചായക്കട നടത്തിയിരുന്ന ബാലൻപിള്ളയുടെ പേരിൽ പിന്നീട് നാട് അറിയപ്പെട്ടു, ബാലൻപിള്ള സിറ്റി. പേരിലൊരു സിറ്റി ഒളിച്ചുവച്ച് കഴിയുന്ന വേറെയും സ്ഥലങ്ങളുണ്ട്: മൈനർ സിറ്റി, പുട്ട് സിറ്റി, കുരുവിള സിറ്റി, എൻആർ സിറ്റി, വാക്കോടൻ സിറ്റി, വേങ്ങ സിറ്റി, കടുക്കാ സിറ്റി, പുന്ന സിറ്റി, കുവൈത്ത് സിറ്റി, ജലന്തർ സിറ്റി, പ്രഭാ സിറ്റി, നിർമല സിറ്റി, ഓടയ്ക്കാ സിറ്റി, തൊമ്മൻസിറ്റി, ആത്മാവ് സിറ്റി, മൈക്ക് സിറ്റി,ആനക്കുളം സിറ്റി, പള്ളി സിറ്റി, കലുങ്ക് സിറ്റി,ഗൗരി സിറ്റി, ചാലി സിറ്റി, ഉണ്ണി സിറ്റി, കുട്ടപ്പൻ സിറ്റി, കാക്കാ സിറ്റി, പിള്ള സിറ്റി, നങ്കിസിറ്റി, ചൂടൻ സിറ്റി, ഒടക്കു സിറ്റി.
അന്ന് തീവണ്ടിയുണ്ട്
റെയിൽവേ ഇല്ലാത്ത ജില്ല എന്ന് പറഞ്ഞാലും രാജ്യത്തെ ആദ്യ റെയിൽവേയുടെ ഭൂപടത്തിൽ ഇടുക്കിയുടെയും ചൂളം വിളിയുണ്ട്. ഇപ്പോൾ റെയിൽപാളമില്ലെങ്കിലം 1902 ൽ മോണോ റെയിലായി തുടങ്ങി 1924 വരെ 22 വർഷം മൂന്നാറിന്റെ തേയിലക്കാടുകൾക്കിടയിൽ ചൂളം വിളിച്ച് ട്രെയിൻ പാഞ്ഞിരുന്നു. മൂന്നാറിലെ തേയിലത്തോട്ടങ്ങൾക്കിടയിലെ മൺപാതയുടെ നടുവിൽ ഒറ്റ റെയിൽ സ്ഥാപിച്ചാണ് ആദ്യ മോണോറെയിൽ നിലവിൽ വന്നത്. 1924ലെ വെള്ളപ്പൊക്കം എല്ലാം നശിപ്പിച്ചു.
നീലക്കുറിഞ്ഞിയുടെ നാട്
പശ്ചിമഘട്ട മലനിരകളിലാണു നീലക്കുറിഞ്ഞികൾ കൂടുതലായി പൂക്കുന്നത്. ഇടുക്കി ജില്ലയിൽ മൂന്നാർ മലനിരകൾ, മാട്ടുപ്പെട്ടി, വട്ടവട, കൊട്ടാക്കമ്പൂർ, മറയൂർ മേഖലകളിലും ധാരാളമായി നീലക്കുറിഞ്ഞി പൂക്കും. 2018 ആഗസ്റ്റിലാണ് മൂന്നാർ മേഖലകളിൽ ഏറ്റവും ഒടുവിലായി നീലക്കുറിഞ്ഞി പൂത്തത്. ഇരവികുളം ദേശീയോദ്യാനം, ചൊക്രമുടി മല, ലക്ഷ്മി, കൊരണ്ടിക്കാട് മലനിരകളിലാണ് അന്നു നീലക്കുറിഞ്ഞി കൂടുതലായി പൂത്തത്. 2030ൽ ആണ് ഇനി കുറിഞ്ഞി പൂക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |