ആലപ്പുഴ: അതിവേഗ ട്രെയിനായ വന്ദേഭാരത് ആലപ്പുഴ വഴിയുള്ള രണ്ടാമത്തെ സർവ്വീസ് നാളെ ആരംഭിക്കാനിരിക്കെ തീരദേശ പാതയിൽ അറ്റകുറ്റപ്പണികൾ സജീവമായി. പഴയ പാളങ്ങളും സ്ളീപ്പറുകളും നീക്കം ചെയ്യുന്ന ജോലികളാണ് റെയിൽവേ ഊർജിതമാക്കിയത്. അതേസമയം, മംഗലപുരത്ത് നിന്ന് ആലപ്പുഴ വഴിയുള്ള രണ്ടാം ട്രയൽ റണ്ണിൽ യഥാർത്ഥ സമയത്തിന് അഞ്ച് മിനിട്ട് മുമ്പേ വന്ദേഭാരത് എത്തി റെയിൽവേ ജീവനക്കാരെ ഞെട്ടിച്ചു. വെളളിയാഴ്ച ഉച്ചയ്ക്ക് നടന്ന രണ്ടാമത്തെ ട്രയൽ റണ്ണിൽ ഉച്ചയ്ക്ക് 12.38ന് എത്തിച്ചേരേണ്ട ട്രെയിൽ 12.33നെത്തി. രണ്ട് മിനിട്ടാണ് ആലപ്പുഴയിൽ സ്റ്റോപ്പ്. സമയ ക്ളിപ്തത പാലിച്ച് ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിൻ ഇനി നാളെ ഫ്ലാഗ് ഓഫിന് ശേഷം തീരദേശപാതയിൽ ഔദ്യോഗിക യാത്ര തുടങ്ങും.
വന്ദേഭാരതിന്റെ വരവ് കണക്കിലെടുത്ത് സിഗ്നൽ സംവിധാനം കാര്യക്ഷമമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ജില്ലാ അതിർത്തിയായ കായംകുളം റെയിൽവേ സ്റ്റേഷന് തെക്ക് വശം കെ.പി റോഡിൽ റെയിൽ ഓവർബ്രിഡ്ജ് ബലപ്പെടുത്തുന്നതിനൊപ്പം കരുവാറ്റ മുതൽ ആയാപറമ്പ് വരെയുള്ള ട്രാക്കിലെ പഴയ പാളങ്ങളും സ്ളീപ്പറുകളും മാറ്റിത്തുടങ്ങിയിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ പാളങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. കായംകുളം- ആലപ്പുഴ- എറണാകുളം തീരദേശപാതയിൽ ഇരട്ടപ്പാതയില്ലാത്തതിന്റെ നിലവിലെ പാതയിൽ പരമാവധി വേഗത്തിൽ സർവീസ് നടത്താനുള്ള ശ്രമങ്ങളാണ് റെയിൽവേ തുടരുന്നത്.
തകഴിക്കും അമ്പലപ്പുഴയ്ക്കും മദ്ധ്യേയുള്ള കോരൻ കുഴി, കുമ്പളം പാലം എന്നിവിടങ്ങളിൽ ട്രെയിനുകൾ വേഗത കുറച്ചാണ് നിലവിൽ സർവീസ് നടത്തുന്നത്. ഈ സ്ഥലങ്ങളിലുൾപ്പെടെ വേഗത്തിലാക്കാൻ കഴിഞ്ഞാൽ മാത്രമേ വന്ദേഭാരതിന് സമയനിഷ്ഠ പാലിക്കാനാകു. ഇരട്ടപ്പാതയില്ലാത്ത ആലപ്പുഴ റൂട്ടിലെ വന്ദേഭാരത് ട്രെയിനിനെ തീരദേശവാസികളും യാത്രക്കാരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഇതേ റൂട്ടിലെ മറ്റ് ദീർഘദൂര, പാസഞ്ചർ ട്രെയിനുകളുടെ സർവീസ് താറുമാറാക്കുമോയെന്ന ആശങ്കയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |