നിങ്ങളുടെ കുഞ്ഞ് കൂർക്കംവലിക്കാറുണ്ടോ? വായ് തുറന്നാണോ ഉറങ്ങുന്നത്? മൂക്കിലൂടെയല്ലാതെ വായിൽക്കൂടി കുഞ്ഞ് ഇടക്കെങ്കിലും ശ്വസിക്കാറുണ്ടോ? മൂന്നുവയസിനുമേൽ പ്രായമുള്ള കുഞ്ഞുങ്ങളുടെ കാര്യമാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ഏഴുവയസുവരെയുള്ള പ്രായത്തിനിടയിൽ അവരുടെ പല്ല് തള്ളിവരുന്നതായി നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? ചെവി അടഞ്ഞിരിക്കുന്നതായി അവർ അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടോ? മുകളിൽ ഉന്നയിച്ച ചോദ്യങ്ങൾക്കെല്ലാം 'ഉണ്ട്" എന്നാണ് നിങ്ങളുടെ മറുപടിയെങ്കിൽ നിങ്ങളുടെ കുഞ്ഞിന് ജനിതകമായ ഒരു തകരാറുണ്ടെന്ന് ഉറപ്പിക്കാം. അത് അഡിനോയിഡിന്റെ പ്രശ്നമാണ്.ജനിക്കുമ്പോൾത്തന്നെ കുഞ്ഞുങ്ങളുടെ മൂക്കിനു പിൻവശത്ത് കാണപ്പെടുന്ന ദശയാണ് അഡിനോയിഡ്. മിക്ക കുഞ്ഞുങ്ങളിലും ഇത് മൂന്നുവയസു മുതൽ വലുതായി തുടങ്ങും. മൂക്കിനു മുൻവശത്തുള്ളതുപോലെ തന്നെ മൂക്കിനു പിൻഭാഗത്തും രണ്ട് ദ്വാരങ്ങളുണ്ട്. ഇവിടെ മുകളിൽ നിന്ന് താഴേക്ക് വളർന്നുനിൽക്കുന്നതാണ് അഡിനോയിഡ് ദശ. വളർന്നുവളർന്ന് ഇവയുടെ വലിപ്പം കൂടുമ്പോൾ ചെവിയും മൂക്കും തമ്മിൽ ബന്ധിപ്പിക്കുന്ന ട്യൂബിന്റെ ഒരു ഭാഗം അടയുകയും അതുമൂലം ചെവിക്കുള്ളിൽ ഒരു പ്രത്യേക തരം ദ്രാവകം ഊറി നിറയുകയും ചെയ്യും. ഇത് പലവിധ രോഗങ്ങൾക്കും കാരണമാകും.അഡിനോയിഡ് വലുതാകുന്നതുകൊണ്ട് ആദ്യം സൂചിപ്പിച്ചതിനു പുറമെ കുഞ്ഞുങ്ങളിൽ കാണപ്പെടുന്ന വലിയ ന്യൂനതകൾ (ഒന്ന് ) കുഞ്ഞിനെ വിളിക്കുമ്പോൾ അത് പ്രതികരിക്കാതെ ഇരിക്കുക (രണ്ട് ) പാട്ടുകേൾക്കുമ്പോഴോ ടിവി കാണുമ്പോഴോ ഒച്ച പോരെന്നു തോന്നി ശബ്ദം കൂട്ടി വയ്ക്കുക എന്നിവയാണ്.
കുഞ്ഞുങ്ങളിലെ അഡിനോയിഡ് വലുതാകുമ്പോൾ ജൈവികമായി അതൊരു കാന്തം പോലെയാണ് പ്രവർത്തിക്കുക. അതിനർത്ഥം കുഞ്ഞുങ്ങളുമായി ഇടപഴകുന്ന മുതിർന്നവരിൽ എന്തെങ്കിലും തരത്തിലുള്ള അണുബാധയുണ്ടെങ്കിൽ അത് കുഞ്ഞുങ്ങളിലേക്ക് അതിവേഗം പകർന്നുപിടിക്കുമെന്നർത്ഥം. അഡിനോയിഡിന്റെ മറ്റൊരു പ്രതികൂല വശം, കുഞ്ഞുങ്ങളുടെ ശ്വാസകോശത്തിന്റെ മുകളിലത്തെ ഭാഗത്തുനിന്ന് ശ്വാസനാളത്തിലേക്ക് അണുബാധ തുടർച്ചയായി ഉണ്ടാകാനുള്ള സാദ്ധ്യത ഇത് വർദ്ധിപ്പിക്കും എന്നതാണ്. അതുപോലെ ചെവിയിൽ അണുബാധയുണ്ടാകാനും അത് നീണ്ടുനിൽക്കാനും ഇത് കാരണമാകും. പൊതുവേ മൂന്നു വയസു മുതലുള്ള കുഞ്ഞുങ്ങളിൽ അഡിനോയിഡിന്റെ ഈ വിധ ദൂഷ്യഫലങ്ങൾ കാണുമെങ്കിലും പ്രായം കൂടുന്തോറും അതായത് അഞ്ചുമുതൽ ഏഴുവയസ്സുവരെയുള്ള ഘട്ടത്തിൽ ഈ വിധ ബുദ്ധിമുട്ടുകൾ അധികരിക്കുന്നതായാണ് കാണപ്പെടുന്നത്.
അഡിനോയിഡു മൂലമുള്ള ഈ വിധ രോഗപ്രതിസന്ധികളൊക്കെ പരിഹരിക്കാൻ ഫലപ്രദമായ ചികിത്സയിലൂടെ ഒരു ഇ.എൻ.ടി ഡോക്ടർക്ക് കഴിയും. അതിനാൽ മൂന്നുവയസാകുമ്പോൾത്തന്നെ കുഞ്ഞുങ്ങളെ മറ്റു പ്രതിരോധ ചികിത്സകൾക്കു വിധേയമാക്കുന്നതുപോലെതന്നെ ഇ.എൻ.ടി പരിശോധനയ്ക്കും വിധേയമാക്കുന്നത് അഭികാമ്യമായിരിക്കും.
അഡിനോയിഡ് രോഗനിർണയം നടത്തുന്നതിന് ഇ.എൻ.ടിയിൽ പലവിധ സംവിധാനങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട എൻഡോസ്കോപ്പി പോലെയുള്ള മാർഗങ്ങളോട് കുഞ്ഞുങ്ങൾ വിമുഖത കാട്ടിയാൽ എക്സ്റേയിലൂടെ രോഗനിർണയം നടത്താനും ചികിത്സ നിശ്ചയിക്കാനും ഒരു വിദഗ്ദ്ധ ഇ.എൻ.ടി ഡോക്ടർക്ക് കഴിയും. ഈ രംഗത്ത് ആധുനിക സങ്കേതങ്ങൾ ഒട്ടേറെ വികസിക്കപ്പെട്ടിട്ടുണ്ട്.
അഡിനോയിഡ് മൂലം കുഞ്ഞുങ്ങളിലുണ്ടാകാൻ സാദ്ധ്യതയുള്ളതായി ഇവിടെ പ്രതിപാദിച്ച എല്ലാ രോഗങ്ങൾക്കും തുടക്കത്തിൽ തന്നെ ചികിത്സ തേടുന്നതാണ് ഉത്തമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |