കാസർകോട്: ബേഡഡുക്ക സർവീസ് സഹകരണ ബാങ്കിന്റെ ഉദ്ഘാടന വേദിയിൽ നിന്ന് ക്ഷുഭിതനായി ഇറങ്ങിപോയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണങ്ങിപ്പോയി എന്നത് മാദ്ധ്യമസൃഷ്‌ടിയാണെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുകയായിരുന്നു ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് തന്നെ നടന്ന പനയാൽ സി പി എം ലോക്കൽ കമ്മിറ്റി കെട്ടിടത്തിന്റെ ഉദ്ഘാടനവേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
'ഞാൻ പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുൻപ് അയാൾ അനൗൺസ്‌മെന്റ് നടത്താൻ തുടങ്ങി. ഞാൻ പിന്നെയും ഒരു വാചകം പറഞ്ഞതിനുശേഷമാണ് സ്‌നേഹാഭിവാദ്യം എന്നുപറഞ്ഞ് അവസാനിപ്പിക്കുന്നത്. അപ്പോൾ അത് തീരുന്നതിന് മുൻപ് എങ്ങനെയാണ് അനൗൺസ്‌മെന്റ് പറയുക. ഞാൻ പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുൻപ് നിങ്ങൾ എങ്ങനെ അനൗൺസ്‌മെന്റ് നടത്തുമെന്ന് ചോദിച്ചു. അപ്പോൾ അയാളത് കേൾക്കുന്നില്ല. ഇത് വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് ചെവിട് കേൾക്കില്ലേ?, ഇത് ചെയ്യാൻ പാടുണ്ടോ? ഞാൻ സംസാരിച്ച് അവസാനിപ്പിച്ചിട്ടല്ലേ നിങ്ങൾ അനൗൺസ് ചെയ്യാൻ പാടുള്ളൂ എന്ന് ഞാൻ പറഞ്ഞു.
അത് പറഞ്ഞ് ഞാൻ അവിടെനിന്ന് ഇറങ്ങിപ്പോന്നു. അതിന് ഞാൻ പിണങ്ങിപ്പോയെന്നാണ് വാർത്ത വന്നത്. ആരു പിണങ്ങിയെന്നാണ്? എന്ത് പിണക്കം? നിങ്ങൾ അങ്ങനെ പറഞ്ഞാൽ നാളെ ഞാൻ ഇതൊക്കെ പറയാതിരിക്കുമോ? ഒരാൾ ശരിയല്ലാതെ ഒരു കാര്യം ചെയ്താൽ അത് പറയേണ്ടത് എന്റെ ബാദ്ധ്യതയാണ്, അത് ഞാൻ പറഞ്ഞു, വീണ്ടും പറയും'- മുഖ്യമന്ത്രി വിശദീകരിച്ചു.
കാസർകോട് ബേഡഡുക്ക സർവീസ് സഹകരണ ബാങ്കിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗം കഴിയുന്നതിന് മുൻപ് മൊമെന്റോ കൈമാറാൻ അനൗൺസ്‌മെന്റ് ചെയ്തപ്പോഴാണ് മുഖ്യമന്ത്രി പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ചത്. താൻ പ്രസംഗം അവസാനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ അനൗൺസ്‌മെന്റ് വരുന്നത് വീഡിയോയിൽ കാണാം. ഇതോടെ ക്ഷുഭിതനായ മുഖ്യമന്ത്രി ഇതൊന്നും ശരിയല്ലെന്നും ചെവി കേട്ടുകൂടേയെന്നും ചോദിച്ചശേഷം വേദി വിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |