പലപ്പോഴും കർഷകരുടെ നഷ്ടക്കണക്കുകൾ മാത്രമാണ് നമ്മൾ കേൾക്കാറുള്ളത്. കടം കയറി ജീവനെടുക്കേണ്ടിവന്ന കർഷകരുടെ വാർത്തകൾ വേദിനിപ്പിക്കുന്നതാണ്. എന്നാൽ നഷ്ടക്കണക്ക് മാത്രമല്ല, ലാഭക്കണക്കും ചില കർഷകർക്ക് പറയാനുണ്ട്. ഇക്കഴിഞ്ഞ ഓണം സീസണിൽ മാത്രം ലക്ഷക്കണക്കിന് രൂപയോളം ലാഭം കൊയ്ത ഒരു വിളവിനെ കുറിച്ചാണ് ഇനി പറയുന്നത്. മറ്റൊന്നുമല്ല, വാഴയിലയെ കുറിച്ചാണ്. ഇന്നത്തെ കാലത്ത് കർഷകർ വാഴകുലയേക്കാൾ കൂടുതൽ പ്രാധാന്യം നൽകി കൃഷി ചെയ്യുന്നത് വാഴയില ആള് ചില്ലറക്കാരനല്ല.
വാഴയില വിറ്റ് മാത്രം ഒരു മാസം 28000 രൂപയോളം വരുമാനം നേടുന്ന കർഷകർ കേരളത്തിലുണ്ട്. ഇതോടൊപ്പം വാഴക്കുല കിട്ടുന്നത് ഒരു ബോണസായിട്ടാണ് ചില കർഷകർ കാണുന്നത്. ചില കർഷകർ വാഴക്കുലയ്ക്ക് പ്രാധാന്യം നൽകി കൃഷി ചെയ്യുമ്പോൾ മറ്റ് ചിലർ നൽകുന്നത് ഇലയ്ക്കാണ് പ്രധാന്യം.
ആലപ്പുഴയിലെ ചാക്കോ എന്ന കർഷകന്റെ പുരയിടത്തിൽ 1800 വാഴകളുണ്ട്. ഒരു കുഴിയിൽ തന്നെ രണ്ടും മൂന്നും വാഴ നടും. ഇദ്ദേഹത്തിന് സ്ഥിരം ഉപഭോക്താക്കളായി കാറ്ററിംഗ് യൂണിറ്റുകളും ഹോട്ടലുകളുമുണ്ട്. ഇവരുടെ ആവശ്യത്തിനുള്ള ഇല ലഭ്യമാക്കാൻ സാധിക്കുന്നില്ലെന്ന പരാതിയാണ് ഇദ്ദേഹത്തിനുള്ളത്.
ആവശ്യമെങ്കിൽ ഒരു ദിവസം ആയിരം ഇലവരെ വെട്ടാം. പക്ഷേ, ഇരുന്നൂറ്റിയമ്പതിൽ ഒതുക്കിയിരിക്കുകയാണ് ഇദ്ദേഹം. ഇല മുഴുവനായും വെട്ടില്ല. കട്ടി കുറഞ്ഞതും നല്ല ആകൃതിയുള്ളതും പെട്ടെന്ന് കീറിപ്പോകാത്തതുമായ ഞാലിപ്പൂവനാണ് കൃഷി ചെയ്യുന്നത്.
കോട്ടയത്തെ അനിൽ കുമാർ എന്ന കർഷകൻ മാസം വാഴയില വിറ്റ് മികച്ച വരുമാനമാണ് സമ്പാദിക്കുന്നത്. വാഴയില കൃഷി ചെയ്ത് ഇങ്ങനെ വരുമാനം കണ്ടെത്താൻ സാധിക്കുമെന്ന് അനിൽകുമാർ ഒരിക്കൽ പോലും കരുതിയിരുന്നില്ല. കോട്ടയം ജില്ലയിലെ മിക്ക കാറ്ററിംഗ് സ്ഥാപനങ്ങൾക്കും വിവാഹപാർട്ടികൾക്കും അനിൽകുമാറാണ് ഇല എത്തിക്കാറുള്ളത്. 25,000ഓളം ഇല ഓരോ ആഴ്ചയും വെട്ടാറുണ്ടെന്ന് അദ്ദേഹം പറയുന്നു.
വാഴയിലയ്ക്ക് ഇത്രയധികം ഡിമാൻഡ് വർദ്ധിച്ചതോടെ പ്രത്യേക പരിപാലനം നൽകാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ഇക്കഴിഞ്ഞ ഓണം സീസണിൽ വിവിധ ഗൾഫ് രാജ്യങ്ങളിലേക്കും അനിൽകുമാർ വാഴയില കയറ്റി അയച്ചിട്ടുണ്ട്. ഓണസദ്യ ലോകമെങ്ങും ഹിറ്റായതോടെ വിദേശരാജ്യങ്ങളിലും വാഴയിലയ്ക്ക് വൻ ഡിമാൻഡാണ്. ഇക്കഴിഞ്ഞ ഓണം സീസണിൽ പത്ത് രൂപയ്ക്കാണ് ഒരു വാഴയില വിറ്റത്. മൂന്നേക്കർ സ്ഥലത്താണ് അനിൽ കുമാർ കൃഷി ചെയ്യുന്നത്. വാഴയിലയുടെ ഡിമാൻഡ് മനസിലാക്കിയ കൂടുതൽ കർഷർ ഈ മേഖലയിലേക്ക് തിരിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |