കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ ലോക്സഭാ സ്ഥാനാർത്ഥിയാകുന്നതിൽ പൂർണ്ണമായും യോജിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അച്ചു ഉമ്മൻ പാർലമെന്റിൽ മത്സരിക്കണമെന്ന് യു ഡി എഫിന് താത്പര്യമുണ്ടോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായിട്ടാണ് അദ്ദേഹം സംസാരിച്ചത്.
സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് തനിക്ക് പറയാൻ കഴിയില്ലെന്നും പാർട്ടി നേതൃത്വം ആലോചിച്ചല്ലേ അതിനെക്കുറിച്ച് തീരുമാനമെടുക്കുന്നതെന്നും തിരുവഞ്ചൂർ ചോദിച്ചു. ഒരു വ്യക്തി എന്ന നിലയിൽ അച്ചു ഉമ്മൻ മിടുക്കിയാണെന്നും സ്ഥാനാർഥിത്വം തീരുമാനിക്കുന്നത് വേറെയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനെക്കുറിച്ചും തിരുവഞ്ചൂർ മാദ്ധ്യമങ്ങളോട് സംസാരിച്ചു.
മുൻഗണന നോക്കിയാൽ പ്രതിപക്ഷനേതാവാകാൻ പലരുമുണ്ടെന്നും സതീശന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിലുളളവയാണെന്നും അദ്ദേഹം പറഞ്ഞു. സതീശൻ കാര്യങ്ങൾ വിശദമായി പഠിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ടെന്ന് തിരുവഞ്ചൂർ പറഞ്ഞു. കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കുകയാണെങ്കിൽ കേരളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും പുതുപ്പളളിയിലെ ടീം സ്പിരിറ്റ് ഉദാഹരണമാണെന്ന് തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |