ചെന്നൈ: കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യവുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ഔദ്യോഗിക തീരുമാനം തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിക്കുമെന്ന് ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിൻ. കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന കമൽഹാസന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഡിഎംകെ നേതാവിന്റെ പ്രതികരണം. വലിയ സ്വീകാര്യത ഉള്ളതിനാൽ കോയമ്പത്തൂരിൽ മത്സരിക്കുമെന്നായിരുന്നു മക്കൾ നീതി മയ്യം സ്ഥാപക നേതാവായ കമൽഹാസൻ ഇന്നലെ അറിയിച്ചത്.
ഭരണകക്ഷിയായ ഡിഎംകെയും സഖ്യസാദ്ധ്യത പരീക്ഷിക്കുന്നതായാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം നൽകുന്ന സൂചന. അതേസമയം പ്രതിപക്ഷ സ്ഥാനത്തുള്ള എഐഎഡിഎംകെ ബിജെപിയുമായുള്ള സഖ്യത്തിലെ വിള്ളലുകൾ നികത്താനുള്ള ശ്രമത്തിലാണ്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ മുൻമന്ത്രി സി എൻ അണ്ണാദുരൈയ്ക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളാണ് ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. സീറ്റ് വിഭജനത്തിലും എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് ധാരണയിലെത്താനായിട്ടില്ല. ഇക്കാര്യങ്ങൾ ബിജെപി കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തി പരിഹരിക്കാനായി മുതിർന്ന എഐഎഡിഎംകെ നേതാക്കളുടെ സംഘം ഇന്നലെ രാജ്യതലസ്ഥാനത്ത് എത്തിയിരുന്നു. ഇതിനിടയിലാണ് സനാതന ധർമ്മ വിവാദത്തിലടക്കം മൃദുനിലപാടുമായി രംഗത്തെത്തിയ കമൽഹാസനുമായി ഡിഎംകെ അടുക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |