തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം മുൻ കൗൺസിലറും പ്രമുഖ കോൺട്രാക്ടറും പൊതുപ്രവർത്തകനും എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗവുമായ തിരുവനന്തപുരം കുമാരപുരം ചെട്ടിക്കുന്ന് പത്മഗിരിയിൽ എസ്.രഞ്ജിത്ത് (75) നിര്യാതനായി. പരേതരായ പി.സദാശിവൻ കോൺട്രാക്ടറുടെയും സുജാതയുടെയും മകനാണ്. തൃശൂർ ചേർത്തേടത്ത് വീട്ടിൽ പരേതയായ ചാന്ദ്നിയാണ് ഭാര്യ.മക്കൾ പാർവതി,ജാനകി. മരുമക്കൾ: അഭിലാഷ് (അഭിഭാഷകൻ),ലിൻസൻ (എഫ്.സി.ഐ). സഹോദരിമാർ : ഡോ.ഉഷാ മോഹനചന്ദ്രൻ,ഗീത മധുസൂദനൻ,സുധ മധു, ലത രത്നകുമാർ. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.എസ്.എൻ.ഡി.പി യോഗം തിരുവന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റായും യോഗം അസിസ്റ്റന്റ് സെക്രട്ടറിയായും യോഗം കൗൺസിലറായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കെ എ.ഐ.വൈ.എഫിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് എത്തിയത്. എസ്.ആർ.പി രൂപംകൊണ്ടതോടെ പാർട്ടിയുടെ സംസ്ഥാന ചെയർമാനായി.സംവരണ സമുദായമുന്നണി,പിന്നാക്ക സമുദായ മുന്നണി തുടങ്ങിയ സംഘടനകളുടെയും നേതൃ പദവികൾ വഹിച്ചിട്ടുണ്ട്. തലസ്ഥാനത്തെ പ്രമുഖ ക്ലബുകളായ മേസോണിക് ലോഡ്ജ്, ട്രിവാൻഡ്രം ക്ലബ്, ശ്രീമൂലം ക്ലബ്, ടെന്നീസ് ക്ലബ്, ശ്രീനാരായണ ക്ലബ് എന്നിയിൽ സജീവ പ്രവർത്തകനായിരുന്നു. തിരുവനന്തപുരം മോഡൽ സ്ക്കൂളിൽ നിന്ന് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. സൈനിക് സ്ക്കൂളിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരുന്നു. എം.ജി.കോളേജിൽ നിന്ന് ബി കോം ബിരുദം നേടിയ ശേഷം മുംബയിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ഡിപ്ലോമയും നേടി. പി.ഡബ്ല്യു.ഡി എ ക്ലാസ് കോൺട്രാക്ടറായിരുന്നു. മണ്ണന്തല ഗവ.പ്രസ് ഉൾപ്പെടെ നിരവധി സുപ്രധാന നിർമ്മാണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |