തിരുവനന്തപുരം: ഉഗ്രവിഷമുള്ള കരിമൂർഖനെ അതിസാഹസികമായി പിടികൂടി സ്നേക്ക് മാസ്റ്റർ വാവ സുരേഷ്. കേരളത്തിൽ നിന്ന് ആദ്യമായാണ് കരിമൂർഖനെ പിടകൂടുന്നതെന്ന് സുരേഷ് പറഞ്ഞു. വഞ്ചിയൂർ പൊലീസ് സ്റ്റേഷന് സമീപത്തെ പറമ്പിൽ നിന്നാണ് മൂന്ന് വയസോളം പ്രായമുള്ള പെൺ കരിമൂർഖനെ കഴിഞ്ഞദിവസം പിടികൂടിയത്.
വഞ്ചിയൂർ സ്റ്റേഷന് സമീപത്തെ ക്ഷേത്രത്തിനടുത്തെ മരത്തിന് മുകളിലായിരുന്നു ആദ്യം കരിമൂർഖനെ കണ്ടത്. ഇഴഞ്ഞു നീങ്ങുന്നതിനിടെ താഴെ വീണു. തുടർന്ന് സമീപത്തെ പറമ്പിൽ അടുക്കിവച്ചിരുന്ന രണ്ട് ചാക്കുകെട്ടുകൾക്കടിയിലേക്ക് കയറി. ഇതുകണ്ട് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് വാവാ സുരേഷ് എത്തിയാണ് പിടികൂടിയത്. അപ്പോഴാണ് കരിമൂർഖനാണെന്ന് തിരിച്ചറിഞ്ഞത്. പാമ്പിനെ പത്തനംതിട്ട വനത്തിൽ തുറന്ന് വിടുമെന്ന് വാവ സുരേഷ് പറഞ്ഞു.
പുറംഭാഗം കറുപ്പുനിറം
കേരളത്തിൽ സാധാരണ കരിമൂർഖനെ കാണാറില്ല. മഹാരാഷ്ട്രയിലാണ് കൂടുതലായി കാണപ്പെടുന്നത്. ഇത് ഈ ഭാഗത്ത് എങ്ങനെ എത്തിയെന്ന് വ്യക്തതയില്ല.
കരിമൂർഖന്റെ പുറംഭാഗം കറുപ്പ് നിറത്തിലാണ്. സാധാരണ മൂർഖന് പത്തിയുടെ ഭാഗത്ത് കണ്ണടയുടെ മാതൃകയിൽ അടയാളമുണ്ടെങ്കിലും കരിമൂർഖന് അതില്ല.
കൗമുദി ടിവിയിൽ
28ന് സംപ്രേഷണം
കരിമൂർഖനെ പിടികൂടുന്നതടക്കം 28ന് രാത്രി 7.30ന് കൗമുദി ടിവിയിലെ സ്നേക്ക് മാസ്റ്റർ പരിപാടിയിലൂടെ പ്രേക്ഷകർക്ക് കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |