തൃശൂർ: കരുവന്നൂർ തട്ടിപ്പുക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്ത അയ്യന്തോൾ സഹകരണ ബാങ്കിൽ നിന്ന് വ്യാജവിലാസത്തിൽ വായ്പ നൽകിയെന്ന വിവരം കൂടി പുറത്തുവന്നു. ബാങ്ക് പരിധിയിൽ താമസക്കാരല്ലാത്ത വൃദ്ധ ദമ്പതികളുടെ പേരിൽ 92 ലക്ഷം രൂപയാണ് മാനദണ്ഡങ്ങൾ ലംഘിച്ച് 2017ൽ വായ്പ നൽകിയത്. തിരിച്ചടവ് മുടങ്ങി, പലിശയടക്കം 1.3 കോടിയുടെ ബാദ്ധ്യതയായതോടെ ജപ്തി നോട്ടീസ് കിട്ടിയപ്പോഴാണ് തട്ടിപ്പാണെന്ന് ദമ്പതികൾ തിരിച്ചറിഞ്ഞത്. കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിച്ചു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൃശൂർ ചിറ്റിലപ്പിള്ളി സ്വദേശി റിട്ട.ഡെപ്യൂട്ടി തഹസിൽദാർ കുട്ടികൃഷ്ണനും ഭാര്യ റിട്ട.അദ്ധ്യാപിക ശാരദയുമാണ് തട്ടിപ്പിനിരയായത്. മലപ്പുറം ആലക്കോട് അബൂബക്കറാണ് തങ്ങളുടെ ഭൂമി ഈടായി നൽകി വായ്പ എടുപ്പിച്ചതെന്ന് ദമ്പതികൾ പറയുന്നു. 25 ലക്ഷം രൂപ ദമ്പതികൾക്ക് നൽകിയശേഷം ശേഷിക്കുന്ന തുക ഇയാൾ കൈക്കലാക്കി. ഒരു വർഷത്തിനകം ബാക്കി തുക നൽകാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും കൊടുത്തില്ല. ഒരു ഗഡു മാത്രമാണ് അബൂബക്കർ അടച്ചത്.
ചിറ്റിലപ്പിള്ളിയിൽ ശാരദയുടെ പേരിലുള്ള 28.5 സെന്റ് ഭൂമിയാണ് ഈടായി നൽകിയത്. ഇതിൽനിന്ന് സെന്റിന് ഏഴുലക്ഷം വച്ച് 10 സെന്റ് താൻ വാങ്ങാമെന്ന് അബൂബക്കർ ഉറപ്പുനൽകിയാണ് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന ദമ്പതികളെ വായ്പയെടുക്കാൻ ഇയാൾ പ്രേരിപ്പിച്ചത്. ഇതിനായി തൃശൂർ അമലനഗർ ജില്ലാ സർവീസ് സഹകരണ ബാങ്കിൽ നിന്ന് ദമ്പതികൾ നേരത്തെ എടുത്തിരുന്ന 10 ലക്ഷത്തിന്റെ വായ്പാബാദ്ധ്യത അബൂബക്കർതന്നെ അടച്ച് വിശ്വാസ്യത നേടി.
മാനദണ്ഡം ലംഘിച്ച് വായ്പ നൽകിയതിന് അന്നത്തെ ബാങ്ക് സെക്രട്ടറിക്കെതിരെയും വഞ്ചന നടത്തിയതിന് അബൂബക്കറിനെതിരെയും പൊലീസിലും ഇ.ഡിക്കും പരാതി നൽകി. വടക്കാഞ്ചേരിയിലെ ആയുർവേദ സ്ഥാപനത്തിലെ ചികിത്സയ്ക്കിടെ പരിചയപ്പെട്ട മലപ്പുറം സ്വദേശി റാഫി എന്നയാൾ മുഖേനയാണ് അബൂബക്കറിനെ പരിചയപ്പെട്ടതെന്ന് ദമ്പതികൾ പറയുന്നു.
വായ്പ ഒറ്റദിവസം കൊണ്ട്
ബാങ്ക് പരിധിയിലെ താമസക്കാരല്ല ദമ്പതികൾ. ഇവരുടെ പേരിൽ തൃശൂർ ഒളരിയിലെ വ്യാജവിലാസം നൽകി ഒറ്റദിവസം കൊണ്ടാണ് അബൂബക്കർ വായ്പ തരപ്പെടുത്തിയത്. ഈ വിലാസത്തിലെ താമസക്കാരാണോ ദമ്പതികൾ എന്ന് അന്വേഷിക്കാതെയും രേഖകൾ പരിശോധിക്കാതെയുമാണ് ബാങ്ക് വായ്പ നൽകിയതെന്നാണ് ആക്ഷേപം. തിരിച്ചടവ് മുടങ്ങിയതോടെ ഇവരുടെ യഥാർത്ഥ വിലാസം തേടിപ്പിടിച്ച് ജപ്തി നോട്ടീസ് നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |