ഒട്ടാവ : കാനഡയിലെ ഹിന്ദുക്കളെ വിദ്വേഷ വീഡിയോയിൽ ഭീഷണിപ്പെടുത്തിയ ഖാലിസ്ഥാൻ ഭീകരൻ ഗുർപന്ത്‌വന്ത് സിംഗ് പന്നുനെ പറ്റി ജസ്റ്റിൻ ട്രൂഡോ ഭരണകൂടം മൗനം പാലിക്കുന്നതിനെതിരെ വിമർശനം.
ഹിന്ദുക്കൾ ഇന്ത്യയിലേക്ക് മടങ്ങണമെന്ന പന്നുനിന്റെ വിദ്വേഷ വീഡിയോ കനേഡിയൻ ഭരണകൂടം കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വെറുപ്പിന് രാജ്യത്ത് സ്ഥാനമില്ലെന്നും എല്ലാവരും രാജ്യത്ത് സുരക്ഷിതരാണെന്നും കനേഡിയൻ പൊതു സുരക്ഷാ മന്ത്രാലയം പ്രതികരിച്ചിരുന്നു. ഹിന്ദു വിഭാഗക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി.
എന്നാൽ, വീഡിയോയ്‌ക്കെതിരെ പ്രതികരിച്ച ഉന്നത നേതാക്കളിൽ മിക്കവരും പന്നുനിനെയോ, ഖാലിസ്ഥാനെയോ, പന്നു സ്ഥാപിച്ച തീവ്രവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസിനെയോ പേരെടുത്ത് പരാമർശിക്കാത്തതിനാണ് വിമർശം.
കാനഡയിലെ സറെയിൽ ഒക്ടോബർ 29ന് ഇന്ത്യക്കെതിരെ ഖാലിസ്ഥാൻ അനുകൂല ഹിതപരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് പന്നുൻ. ഇയാൾ മുമ്പ് പലതവണ ഖാലിസ്ഥാൻ ഹിതപരിശോധനകൾക്ക് നേതൃത്വം നൽകിയിരുന്നു. കനേഡിയൻ സർക്കാർ പ്രതികരിക്കാത്തത് ഇയാളെ വളരാൻ അനുവദിക്കുന്നെന്നാണ് ആരോപണം.
അതേ സമയം, ട്രൂഡോയുടെ ലിബറൽ പാർട്ടിയിലെ എം.പിയും ഇന്ത്യൻ വംശജനുമായ ചന്ദ്ര ആര്യ കഴിഞ്ഞ ദിവസം പന്നുനെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |