ന്യൂയോർക്ക് : ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലിയുടെ 78-ാം സെഷനിൽ കാശ്മീർ വിഷയം ഉന്നയിച്ച പാകിസ്ഥാൻ കാവൽ പ്രധാനമന്ത്രി അൻവാർ ഉൽ ഹഖ് കക്കറിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് ഇന്ത്യ.
ഇന്ത്യ അടക്കമുള്ള എല്ലാ അയൽരാജ്യങ്ങളുമായും സമാധാനപരമായ ബന്ധം തങ്ങൾ ആഗ്രഹിക്കുന്നതായും ഇന്ത്യയും പാകിസ്ഥാനും തമ്മിലെ സമാധാനത്തിന്റെ താക്കോൽ ജമ്മു കാശ്മീരാണെന്നും കക്കർ കഴിഞ്ഞ ദിവസം യു.എന്നിൽ ഉന്നയിച്ചിരുന്നു. കാശ്മീരിനെ ഇന്ത്യ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്നും കക്കർ പരാമർശിച്ചിരുന്നു.
എന്നാൽ, ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കാശ്മീരിനെയും ലഡാക്കിനെയും സംബന്ധിച്ച എല്ലാ വിഷയങ്ങളും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതിൽ അഭിപ്രായം പറയാൻ പാകിസ്ഥാന് അധികാരമില്ലെന്നും യു.എന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗെഹ്‌ലോട്ട് പ്രതികരിച്ചു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് നേരെ വിരൽ ചൂണ്ടാൻ ധൈര്യപ്പെടുന്നതിന് മുന്നേ ആദ്യം സ്വന്തം രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കണം. ദക്ഷിണേഷ്യയിൽ സമാധാനം വേണമെങ്കിൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് മൂന്ന് കാര്യങ്ങൾ പാലിക്കപ്പെടണം.
ഒന്ന്, ഭീകരർക്ക് സഹായം നൽകുന്നതും അതിർത്തി കടന്നുള്ള തീവ്രവാദവും അവസാനിപ്പിക്കണം. രണ്ട്, ജമ്മു കാശ്മീരിൽ അനധികൃതമായി കൈയ്യടക്കിവച്ചിരിക്കുന്ന പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞ് പോകണം.
സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കാൻ പാകിസ്ഥാൻ തയാറാകണമെന്നതാണ് മൂന്നാമത്തേത്.
മുംബയ് ഭീകരാക്രമണത്തിന് പിന്നിലുള്ളവർക്കെതിരെ വിശ്വസനീയമായ നടപടി സ്വീകരിക്കാൻ ഞങ്ങൾ പാകിസ്ഥാനോട് ആവശ്യപ്പെടുന്നു. ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമായ പ്രചാരണങ്ങൾ നടത്താൻ അന്താരാഷ്ട്ര വേദികളെ പാകിസ്ഥാൻ പതിവായി ദുരുപയോഗം ചെയ്യുന്നതായും പെറ്റൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |