കാൺപൂർ: മദ്യം വാങ്ങാൻ അതീവ രഹസ്യ സ്വഭാവം ഉള്ളതുൾപ്പടെ നിരവധി ഫയലുകൾ തൂക്കിവിറ്റ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിൽ കാൺപൂരിലെ വികാസ് ഭവനിലാണ് സംഭവം. ശുചീകരണ വിഭാഗത്തിൽ ജോലിചെയ്യുന്ന ആളാണ് ഫയലുകൾ വിറ്റതെന്നാണ് റിപ്പോർട്ട്. ഇയാൾ നേരത്തേയും ഫയലുകൾ വിറ്റിരുന്നു. സാമൂഹ്യ ക്ഷേമം, വയോജന പെൻഷൻ, പൂന്തോട്ട നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട രേഖകളാണ് ഇയാൾ ആക്രിക്കടയിൽ കൊടുത്തതെന്നാണ് അധികൃതർ പറയുന്നത്. പരിശോധനയിൽ ചിലത് വീണ്ടെടുത്തു. ജീവനക്കാരനെ സർവീസിൽ നിന്ന് പുറത്താക്കി. അന്വേഷണം കഴിയുന്നതോടെ ഇയാൾക്കെതിരെ കൂടുതൽ ശിക്ഷാ നടപടികൾ ഉണ്ടാവും.
ഓഫീസിൽ നിന്ന് ഫയലുകൾ ചാക്കിൽ കുത്തിനിറയ്ക്കുന്നത് കണ്ട ഉയർന്ന ഉദ്യോഗസ്ഥൻ പിടികൂടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതീവ പ്രാധാന്യമുളള രേഖകളും അപേക്ഷകളും ഓഫീസിൽ നിന്ന് കാണാതാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നീരീക്ഷണം കർശനമാക്കിയിരുന്നു. ഇതിനിടെയാണ് ജീവനക്കാരനെ താെണ്ടി സഹിതം പിടികൂടിയത്. മദ്യം വാങ്ങാനുളള പണം സംഘടിപ്പിക്കാനാണ് മോഷണം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. ഇയാളെയും കൂട്ടി ആക്രിക്കടകളിൽ നടത്തിയ പരിശോധനയിലാണ് ചില ഫയലുകൾ വീണ്ടെടുക്കാനായത്. അതിപ്രാധാന്യമുള്ള ചില ഫയലുകൾ ഇനിയും കണ്ടെത്താനുണ്ട്. സംഭവത്തെത്തുടർന്ന് അധികൃതർ ഓഫീസ് മേധാവിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. പ്രകടമായ അനാസ്ഥ എന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |