ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ നീക്കവുമായി മദ്ധ്യപ്രദേശ് സർക്കാർ. 21 വയസിന് മുകളിൽ പ്രായമുളള അവിവാഹിതരായ സ്‌ത്രീകളെയും ലാഡ്ലി ബെഹ്ന യോജന പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രഖ്യാപിച്ചു. ഇതോടെ യുവതികൾക്ക് പ്രതിമാസം 1250 രൂപ പ്രതിമാസം ധനസഹായം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബിജെപിയുടെ ജനസമ്പർക്ക പരിപാടിയായ ജൻ ആശിർവാദ് യാത്രയുടെ ഭാഗമായി ജബൽപൂരിലെ രഞ്ജി മേഖലയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗ്യരായ സ്‌ത്രീകളെ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ഇവർക്ക് അടുത്ത മാസം മുതൽ തന്നെ സഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ വർഷം അവസാനത്തോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഏകദേശം 1.32 കോടി സ്ത്രീകൾക്ക് പദ്ധതി പ്രയോജനപ്പെടുമെന്നും ക്രമേണ പ്രതിമാസം 3000 രൂപയായി ധനസഹായം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ പാർലമെന്റ് പാസാക്കിയ വനിതാ സംവരണ ബിൽ പ്രകാരം ലോക്സഭയിലും നിയമസഭയിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ലഭിക്കും. ലാഡ്ലി ബെഹ്ന പദ്ധതി പ്രകാരം സ്ത്രീകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ധനസഹായം 1250 (മുൻപ് 1000 രൂപ ) ആയി ഉയർത്തിയെന്നും 450 രൂപ ഗ്യാസ് സിലിണ്ടറുകൾക്കായി നൽകുമെന്ന് മുൻപും പ്രഖ്യാപിച്ചിരുന്നു. പ്രതിവർഷം രണ്ടര ലക്ഷത്തിന് താഴെ വരുമാനമുളള കുടുംബങ്ങളിൽ നിന്നുളള 23 നും 60 നുമിടയിൽ പ്രായമുളള സ്ത്രീകൾക്ക് പ്രത്യേക ധനസഹായം നൽകുന്ന പദ്ധതിയാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |