സാധാരണഗതിയിൽ രാഷ്ട്രീയവും മതവും സ്പർദ്ധയുമൊന്നും ബാധിക്കാത്ത മേഖലയാണ് കായികരംഗം. അതേസമയം ചില വർഗക്കാരുടെ കരുത്തിന്റെ പ്രതീകമായിട്ടുമുണ്ട്. പ്രത്യേകിച്ചും കറുത്തവർഗക്കാർ കായികരംഗത്ത് നേടിയ സ്വപ്നതുല്യമായ നേട്ടങ്ങൾ അവരുടെ അവകാശ പോരാട്ടങ്ങൾക്ക് നൽകിയ പിന്തുണ ചെറുതല്ല. അപൂർവമായാണെങ്കിലും, ഒളിമ്പിക്‌സിൽ മെഡൽ വാങ്ങുമ്പോൾ അത്‌ലറ്റുകൾ ചില രാജ്യങ്ങളോടുള്ള പ്രതിഷേധങ്ങൾ പ്രകടിപ്പിച്ചിട്ടുമുണ്ട്. രാഷ്ട്രീയവും ശത്രുതയും കറുത്ത പാട് വീഴ്‌ത്തിയത് മ്യൂണിച്ച് ഒളിമ്പിക്‌സിലായിരുന്നു. ഒളിമ്പിക് വില്ലേജിൽ കടന്നുകയറിയ പാലസ്‌തീൻ തീവ്രവാദികൾ പതിനൊന്ന് ഇസ്രയേലി അത്‌ലറ്റുകളെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കുകയും പിന്നീട് വധിക്കുകയും ചെയ്ത സംഭവം കായികരംഗത്തിന് മേൽ വീണ ഏറ്റവും വലിയ കരിനിഴലായി ഇന്നും നിലനിൽക്കുന്നു.
രാജ്യങ്ങൾ തമ്മിൽ ശത്രുതയിൽ കഴിയുമ്പോഴും കളിക്കളത്തിലിറങ്ങുന്ന ടീമുകൾ തമ്മിൽ ശത്രുത പാടില്ലെന്ന തത്വമാണ് കായിക മേഖല ഉയർത്തിപ്പിടിക്കുന്നത്. ഇതാണ് രാഷ്ട്രീയത്തിൽ നിന്നും സ്പോർട്സ് രംഗത്തെ വ്യത്യസ്തമാക്കുന്ന ഘടകം. എന്നാൽ കൂടുതൽ പ്രചാരം ലഭിക്കാനായി ചില രാജ്യങ്ങൾ കായികരംഗത്തെ തരംതാഴ്‌ന്ന രീതിയിൽ ഉപയോഗിക്കാറുണ്ട്. അത്തരമൊരു അതിരുവിട്ട കളിയാണ് ചൈന ഇപ്പോൾ ഇന്ത്യയ്ക്കെതിരെ കളിച്ചിരിക്കുന്നത്. അരുണാചൽപ്രദേശിൽ നിന്നുള്ള മൂന്ന് വനിതാ വുഷു താരങ്ങൾക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ചൈന വിസ നിഷേധിച്ചു. ഇതിന് തിരിച്ചടിയെന്ന നിലയിൽ കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ ചൈനയിലേക്കുള്ള ഏഷ്യൻ ഗെയിംസ് യാത്ര റദ്ദാക്കുകയും ചെയ്തു. അതിർത്തി പ്രശ്നത്തിന്റെ പേരിൽ ഭിന്നത മൂർച്ഛിച്ചിരിക്കുന്ന ഇന്ത്യ - ചൈന ബന്ധം കൂടുതൽ വഷളാകാൻ ഇതിടയാക്കും. ഹാങ് ചോ ഏഷ്യൻ ഗെയിംസ് ഓർഗനൈസേഷൻ കമ്മിറ്റി താരങ്ങൾക്കെല്ലാം അക്രഡിറ്റേഷൻ കാർഡ് അനുവദിച്ചിരുന്നു. എന്നാൽ അരുണാചൽപ്രദേശിൽ നിന്നുള്ള മൂന്ന് താരങ്ങൾക്ക് ഇത് ഡൗൺലോഡ് ചെയ്യാനായില്ല. ഇതോടെ മൂന്ന് താരങ്ങളുടെയും യാത്ര മുടങ്ങി. അരുണാചൽ ചൈനയുടെ ഭാഗമാണെന്നും ഇവർക്ക് വിസ നൽകേണ്ടെന്നുമാണ് ചൈനയുടെ നിലപാട്. അരുണാചൽപ്രദേശിനെ ചൈന അംഗീകരിക്കുന്നില്ലെന്നും അത് ചൈനയുടെ ഭാഗമാണെന്നുമാണ് ചൈനീസ് വിദേശകാര്യ വക്താവ് ബീജിംഗിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇന്ത്യൻ പൗരന്മാരെ രണ്ടായി പരിഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി ഡൽഹിയിൽ പ്രതികരിച്ചു. അതേസമയം താരങ്ങൾക്ക് വിസ അനുവദിച്ചിട്ടുണ്ടെന്നും അവർ അത് സ്വീകരിക്കാത്തതാണ് പ്രശ്നമെന്നുമാണ് ഒ.സി.എ എത്തിക്‌സ് കമ്മിറ്റി അദ്ധ്യക്ഷന്റെ വിശദീകരണം.
അരുണാചൽ പ്രദേശിന്റെ പേരിൽ ചൈന ഇന്ത്യയെ പ്രകോപിപ്പിക്കുന്നത് ഈ വർഷം നാലാം തവണയാണ്. ഏപ്രിലിൽ അരുണാചൽപ്രദേശിലെ 11 സ്ഥലങ്ങൾക്ക് ചൈന പുതിയ പേരുകൾ പ്രഖ്യാപിച്ചിരുന്നു. ജൂലായിൽ മൂന്ന് അരുണാചൽ താരങ്ങൾക്ക് ലോക സർവകലാശാലാ ഗെയിംസിൽ വിസ നിഷേധിച്ചു. ആഗസ്റ്റിൽ അക്സായി ചിന്നും ദക്ഷിണ ടിബറ്റ് എന്ന പേരിൽ അരുണാചൽ പ്രദേശും ഭൂപടത്തിൽ ഉൾപ്പെടുത്തി. ഏറ്റവും ഒടുവിലത്തെ നടപടിയാണ് ഏഷ്യൻ ഗെയിംസിലും താരങ്ങൾക്ക് വിസ നിഷേധിച്ചത്. ചൈനയുടെ ഈ അഹങ്കാരം കലർന്ന നടപടി ഏഷ്യൻ ഗെയിംസിന്റെ ശോഭ കെടുത്താനേ ഉപകരിക്കൂ. രാഷ്ട്രീയവും ശത്രുതയുമൊന്നും കളിക്കേണ്ടത് കളിക്കളത്തിലല്ല. ചൈനയുടെ നടപടി ഏഷ്യൻ ഗെയിംസിന്റെ തത്വങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം കൂടിയാണ്. ഇത്തരം ചെപ്പടിവിദ്യകളിലൊന്നും ഇന്ത്യ കുലുങ്ങില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |