വിദ്യാർത്ഥികളെ രാഷ്ട്രപുനർനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കണമെന്ന ഗാന്ധിജിയുടെ ആശയമാണ് നാഷണൽ സർവീസ് സ്കീമിന് അടിത്തറ പാകിയത്. വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമായാണ് എൻ.എസ്.എസ് പ്രവർത്തിക്കുന്നത്. 'ഞാൻ" എന്ന ചിന്തയിൽ നിന്നും നിസ്വാർത്ഥമായ 'നമ്മൾ' എന്ന ചിന്തയിലേക്കും ഐക്യത്തിലേക്കും വെളിച്ചം വീശുകയാണ് ഓരോ എൻ.എസ്.എസ് വോളന്റിയറുടെയും ലക്ഷ്യം.
ഭാവി ഭാരതത്തിന്റെ ഭാഗധേയം നിർണയിക്കുന്ന വിദ്യാർത്ഥി സമൂഹത്തെ അച്ചടക്കം, ആത്മാർത്ഥത, അർപ്പണ മനോഭാവം, സേവനസന്നദ്ധത,സാമൂഹിക പ്രതിബദ്ധത, സ്നേഹം, ദയ, ആർദ്രത, കാരുണ്യം തുടങ്ങിയ നല്ല ഗുണങ്ങളുള്ളവരാക്കി രാഷ്ട്ര പുനർനിർമ്മാണ പ്രക്രിയയിൽ ഭാഗമാക്കുക എന്നതാണ് എൻ.എസ്.എസിന്റെ മഹത്തായ ലക്ഷ്യം. ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊവിഡ് കാലത്തും തങ്ങളുടെ ജീവസുരക്ഷ പോലും പരിഗണിക്കാതെ സാമൂഹിക സേവനം ലക്ഷ്യംവച്ച് പല മേഖലകളിലും വോളന്റിയർമാർ പോരാട്ട മുഖത്തിറങ്ങി. രോഗികളെ ശുശ്രൂഷിക്കാനും അവർക്ക് ഭക്ഷണമെത്തിക്കാനും കൊവിഡ് രോഗികളുടെ മൃതദേഹ സംസ്കരണ സമയങ്ങളിലും വാക്സിനേഷൻ കേന്ദ്രങ്ങളിലും തളരാതെ പോരാടാൻ യുവ തലമുറയെ പ്രാപ്തമാക്കാൻ എൻ.എസ് .എസ് കുടുംബത്തിന് സാധിച്ചു. പ്രളയ ബാധിത മേഖലകൾ, വീടുകൾ, പൊതു ഇടങ്ങൾ എന്നിവ പൂർവസ്ഥിതിയിലെത്തിക്കാൻ ശുചീകരണ പ്രവർത്തനങ്ങളിലും ആവശ്യസാധന വിതരണ കേന്ദ്രങ്ങളിലും ഹെൽപ്പ് ലൈൻ ഡെസ്കുകളിലും വോളന്റിയർ വലിയ പങ്കുവഹിച്ചു.
ദേശസേവനത്തിന് വിദ്യാർത്ഥികളെ സജ്ജമാക്കണമെന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്വപ്നവും അദ്ധ്യാപകനും വിദ്യാർത്ഥിയും വിദ്യാലയത്തെ സമൂഹവുമായി ബന്ധിപ്പിക്കുന്ന കണ്ണികളായി പ്രവർത്തിക്കണമെന്ന, സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ വിദ്യാഭ്യാസ കമ്മിഷൻ തലവനും മുൻ രാഷ്ട്രപതിയുമായ ഡോ.രാധാക്യഷ്ണന്റെ നിർദ്ദേശവും കോത്താരി കമ്മിഷന്റെ ശുപാർശയും സി.ഡി.ദേശ്മുഖിന്റെയും പ്രൊഫ.സെയ്ദിന്റെയും പ്രായോഗിക നിർദ്ദേശങ്ങളും ഒത്തുചേർന്ന് ഉരുത്തിരിഞ്ഞ കർമ്മ പദ്ധതിയാണിത്. മഹാത്മാഗാന്ധിയുടെ 100-ാം ജന്മവാർഷികവേളയിൽ 1969 സെപ്തംബർ 24ന് ഇന്ത്യയിലെ 37സർവകലാശാലകളിൽ 40,000അംഗങ്ങളുമായാണ് നാഷണൽ സർവീസ് സ്കീം രൂപീകൃതമായത്.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന നാഷണൽ സർവീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണ്. കേരളത്തിലെ 25എൻ.എസ്.എസ് സെല്ലുകളിലായി 3.5ലക്ഷത്തോളം വോളന്റിയർമാർ പങ്കെടുക്കുന്നതോടൊപ്പം വ്യത്യസ്ത സാമൂഹ്യ സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ ഇടപെടുന്നു. കേരളത്തിലെ എൻ.എസ്.എസിന് ലഭിക്കുന്ന പ്രാതിനിധ്യവും അവാർഡുകളും ഇതിനുള്ള അംഗീകാരമാണ്.
600-ലധികം എൻ.എസ്.എസ് ഭവനങ്ങൾ, സംസ്ഥാനത്തുടനീളമുള്ള പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ, സ്കൂൾ ദത്തെടുക്കൽ, സൗജന്യ ട്യൂഷൻ പദ്ധതികൾ തുടങ്ങിയവ നടപ്പിലാക്കി.
തന്റേതായ ലോകത്തിലേക്ക് ഒതുങ്ങികൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ക്രിയാത്മകചിന്തകളുടേയും ശുഭ പ്രതീക്ഷകളുടേയും സഹവർത്തിത്വത്തിന്റെയും, സമഭാവനയുടെയും വിശാലമായൊരു നവലോകമാണ് എൻ.എസ് .എസ് പരിചയപ്പെടുത്തുന്നത്. വിദ്യാർത്ഥികൾക്ക് സമൂഹത്തിലിറങ്ങി പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന അദ്ധ്യാപകരായ പ്രോഗ്രാം ഓഫീസർമാരുടെ പങ്ക് നിസ്തുലമാണ്.
(ലേഖകൻ എൻ.എസ്.എസ് സ്റ്റേറ്റ് ഓഫീസറാണ് .ഫോൺ: 9447304366)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |