വനിത സംവരണബിൽ യാഥാർത്ഥ്യമാകുന്നതോടെ സ്ഥാനാർത്ഥിയാകാൻ തിക്കിത്തിരക്കുന്ന പുരുഷന്മാർക്കിടയിലേക്ക് സീറ്റും ചോദിച്ചു ചെല്ലേണ്ട ഗതികേടിൽനിന്ന് രക്ഷപ്പെടുമെന്ന ആശ്വാസത്തിലാണ് പൊതുപ്രവർത്തകരായ സ്ത്രീകൾ. സ്ഥാനാർത്ഥി നിർണയ സമിതികളിലും യോഗങ്ങളിലും പ്രാതിനിധ്യമില്ലാത്തതിനാൽ പുരുഷനേതൃത്വം കനിഞ്ഞു നൽകുന്ന സീറ്റുകൾകൊണ്ടു സ്ത്രീകൾ തൃപ്തിപ്പെടുകയായിരുന്നു. അനുയോജ്യയായ വനിതാസ്ഥാനാർത്ഥിയെ തേടി രാഷ്‌ട്രീയക്കാർ പരക്കംപാഞ്ഞു നടന്ന ഒരു കാലമുണ്ട്. നേതാക്കളുടെ ഭാര്യമാരും കുടുംബാംഗങ്ങളും സ്ഥാനാർത്ഥികളായി. സ്ത്രീകൾക്ക് ഭരണം ലഭിക്കുമ്പോൾ പുരുഷന്മാർ പിന്നിലിരുന്നു ചരടു വലിക്കുന്നുവെന്ന ആക്ഷേപം ശക്തമായി. എന്നാൽ തദ്ദേശതിരഞ്ഞെടുപ്പിലെ വനിത സംവരണവും കുടുംബശ്രീ പ്രവർത്തനങ്ങളിൽ നിന്നു ലഭിച്ച അനുഭവസമ്പത്തും കേരളത്തിൽ
കൂടുതൽ സ്ത്രീകളെ പൊതുരംഗത്തെത്തിച്ചു. സമരപരിപാടികളിൽ സ്ത്രീപങ്കാളിത്തം വർദ്ധിച്ചു. ഇതിന്റെ തുടർച്ചയെന്നോണം സ്ഥാനാർത്ഥി മോഹികളായ വനിതകളുടെ എണ്ണവും കൂടി. എന്നാൽ സീറ്റിന്റെ കാര്യം വരുമ്പോൾ രാഷ്‌ട്രീയസംഘടനകൾ സ്ത്രീകളെ കൈയകലത്തിൽ നിറുത്തി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് എല്ലാ ജില്ലകളിലും ജയസാദ്ധ്യതയുള്ള സീറ്റുകളിൽ സ്ത്രീകളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ മുതിർന്ന വനിത നേതാക്കൾ സോണിയഗാന്ധിക്ക് കത്തു നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. തോൽക്കുമെന്ന് ഉറപ്പുള്ള സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിച്ച് വഴിപാടു തീർക്കുന്നതായിരുന്നു മറ്റൊരു രീതി. വനിതസംവരണ ബിൽ പാസായതോടെ ഇക്കാര്യങ്ങളിലെല്ലാം മാറ്റംവരും.
പതിറ്റാണ്ടുകളുടെ
ചരിത്രം
വനിതാ സംവരണ ബില്ലിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 1974 ൽ സ്ത്രീകളുടെ സാമൂഹികാവസ്ഥ പഠിക്കാൻ കേന്ദ്രസർക്കാർ ഒരു സമിതിയെ നിശ്ചയിച്ചു. തിരഞ്ഞെടുപ്പിൽ വനിതാപ്രാതിനിധ്യം വേണമെന്ന് സമിതി നിർദേശം നൽകി. തദ്ദേശ തിരഞ്ഞെടുപ്പിൽ സംവരണം വേണമെന്ന് ശുപാർശ ചെയ്തെങ്കിലും നടപടികളൊന്നുമുണ്ടായില്ല,
1996 സെപ്തംബർ 12ന് ദേവഗൗഡ സർക്കാരാണ് ആദ്യം വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടു. 1996 ഡിസംബർ 10 ന് സംയുക്ത പാർലമെന്ററി സമിതി സംവരണത്തിന് അനുകൂലമായി റിപ്പോർട്ട് നൽകി. തൊട്ടുപിന്നാലെ ദേവഗൗഡ സർക്കാർ വീണു. 1998 ജൂൺ 26ന് വാജ്‌പേയ് സർക്കാർ ഭരണഘടനാ ഭേദഗതിയായി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. എന്നാൽ ബില്ലിൽ അഭിപ്രായ ഐക്യം സാദ്ധ്യമായില്ല.
2004ൽ ഒന്നാം യു.പി.എ സർക്കാരിന്റെ പൊതുമിനിമം പരിപാടിയിൽ സംവരണം ഇടംപിടിച്ചു.
2010 മാർച്ച് ഒൻപതിന് വനിതാ സംവരണബിൽ രാജ്യസഭ പാസാക്കി. എന്നാൽ സമാജ്‌വാദി പാർട്ടിയും ആർ.ജെ.ഡിയും എതിർത്തു. അതുകഴിഞ്ഞ് 13 വർഷത്തിനു ശേഷമാണ് ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കുന്നത്.
പാർലമെന്റിലെ
സ്ത്രീപ്രാതിനിധ്യം
മറ്റു രാജ്യങ്ങളിൽ( 1990, 2023 )
സ്വീഡൻ - 38.4 , 46.4
നോർവേ - 35.7, 46.1
ചൈന - 21.2, 26.5
ജർമ്മനി - 20.5, 35
റഷ്യ - 8.7, 16.4
യു.എസ് - 6.4, 28.8
യു.കെ - 6.3, 34.5
അർജന്റീന - 6.3, 44.7
ബ്രസീൽ - 5.5, 17,5
ഇന്ത്യ- 5, 15
അർഹമായ
പ്രാതിനിധ്യമില്ല
ലോക്‌സഭയിലെ 543 സീറ്റുകളിൽ 78 വനിതാ പ്രതിനിധികളാണ് ആകെയുള്ളത്. അതായത് മൊത്തം എം.പിമാരുടെ എണ്ണത്തിൽ 14.36 ശതമാനം മാത്രം. വനിതാ പാർലമെന്റ് അംഗങ്ങളുടെ ആഗോള ശരാശരി 24.6 ശതമാനമാണ്. ലോകമെമ്പാടുമുള്ള നിയമനിർമാണ സഭകളിലെ സ്ത്രീപ്രാതിനിധ്യം പ്രതിവർഷം കൂടിക്കൊണ്ടിരിക്കുമ്പോൾ ഭാരതത്തിൽ അത് 10 ശതമാനം കടക്കാൻ അരനൂറ്റാണ്ടെടുത്തു. നിലവിൽ ഒരേയൊരു സംസ്ഥാനത്തു മാത്രമാണ് വനിതാമുഖ്യമന്ത്രി. സംസ്ഥാന നിയമസഭകളിലെ സ്ത്രീപ്രാതിനിധ്യം 15 ശതമാനത്തിൽ താഴെയാണ്. രാജ്യത്ത് 16 സ്ത്രീകൾക്ക് മാത്രമാണ് മുഖ്യമന്ത്രിസ്ഥാനത്തെത്താൻ സാധിച്ചത്. സാക്ഷര കേരളത്തിൽ ഒരു വനിതയും മുഖ്യമന്ത്രിയായിട്ടില്ല. കഴിഞ്ഞ ഏഴ് ദശകങ്ങൾക്കിടയിൽ ഇവിടെനിന്ന് ഒൻപത് വനിതാ എം.പിമാർ മാത്രമാണ് പാർലമെന്റിലെത്തിയത്. 1951 ലെ ഒന്നാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആനി മസ്‌ക്രീൻ മുതൽ 2019 ൽ വിജയിച്ച രമ്യ ഹരിദാസ് വരെ വിരലിലെണ്ണാനാകുന്ന വനിതകൾ മാത്രം.
പാർലമെന്റിലെത്തുന്ന വനിതകളിൽ ഭൂരിപക്ഷവും ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരാണ്. മിക്കവരും കുടുംബപരമായ രാഷ്ട്രീയപശ്ചാത്തലമുള്ളവർ. വിദ്യാർത്ഥി രാഷ്ട്രീയത്തിൽനിന്നും വരുന്നവരുണ്ട്. അപൂർവം ചിലർ പിന്നാക്ക സമുദായത്തിന്റെ ഉന്നമനത്തിനായുള്ള ശ്രമങ്ങളുടെ ഫലമായും പാർലമെന്റിലെത്തി. എന്നാൽ കൊടിപിടിക്കാനും ജാഥയിൽ പങ്കെടുക്കാനും താഴേക്കിടയിലുള്ള സ്ത്രീകളെ രാഷ്‌ട്രീയ പാർട്ടികൾ ഉപയോഗിക്കുമെങ്കിലും അധികാര അവർക്ക് രാഷ്‌ട്രീയത്തിൽ പ്രവേശനം ലഭിക്കാറില്ല. സംവരണ സീറ്റുകളുടെ മൂന്നിലൊന്ന് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി നീക്കിവയ്ക്കാൻ പുതിയബിൽ വ്യവസ്ഥ ചെയ്യുന്നു എന്നത് ഇത്തരമൊരു സാഹചര്യത്തിൽ ശുഭസൂചന നൽകുന്നു.
പാസാകാൻ
വൈകി
വനിതാ സംവരണബിൽ വളരെ നേരത്തെതന്നെ നടപ്പിലാക്കേണ്ടതായിരുന്നു. അത് സ്ത്രീകളുടെ അവകാശമാണ്. പാർലമെന്റിൽ കൂടുതൽ സ്ത്രീകൾ എത്തുന്നതിൽ അഭിമാനവും സന്തോഷവുമുണ്ട്. ലക്ഷദ്വീപ് ഉൾപ്പടെ രാജ്യത്ത് എല്ലാ ഭാഗത്തും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെൽപും യോഗ്യതയുമുള്ള നിരവധി സ്ത്രീകളുണ്ട്. എന്നാൽ അവർക്ക് അവസരം ലഭിക്കുന്നില്ല എന്നതാണ് സത്യം. വനിത സംവരണബിൽ അവർക്ക് മുന്നിൽ പുതിയ വാതിലുകൾ തുറക്കുകയാണ്. അധികാരത്തിൽ പങ്കാളിത്തം ലഭിക്കുന്നതോടെ സ്ത്രീകളുടെ സാമൂഹികാവസ്ഥയിൽ മാറ്റം വരും.
അയിഷ സുൽത്താന
സംവിധായിക
സ്ത്രീപക്ഷ നിലപാട്
സ്വീകരിക്കണം
വനിതാ സംവരണ ബിൽ നടപ്പാക്കണമെന്ന ദീർഘകാല ആവശ്യം വൈകിയ വേളയിലെങ്കിലും നടപ്പായതിൽ സന്തോഷമുണ്ട്. എന്നിരുന്നാലും തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾ രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളായി മാറുന്നതിൽ നിരാശയും ആശങ്കയുമുണ്ട്. സ്ത്രീകൾക്ക് അനുകൂലമായി പ്രതികരിക്കാനോ സ്ത്രീവിഷയങ്ങളിൽ ഇടപെടാനോ പലരും തയ്യാറാകുന്നില്ല. സംവരണ സീറ്റിൽ വിജയിച്ചു വരുന്നവർക്ക് സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കാൻ ആർജ്ജവമുണ്ടാകണം. ഏറ്റെടുക്കുന്ന ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാൻ പ്രാപ്തിയുണ്ടാകണം.
ബീന സെബാസ്റ്റ്യൻ
കൾച്ചറൽ അക്കാഡമി
ഫോർ പീസ് അദ്ധ്യക്ഷ
എണ്ണത്തിലല്ല കാര്യം
പുരുഷന്മാർ ഇരിക്കുന്ന കസേരയിൽ സ്ത്രീകൾ കയറിയിരുന്നതു കൊണ്ട് അവരുടെ അജൻഡകളിലോ മുൻഗണനകളിലോ മാറ്റം വരില്ല. ഇതൊക്കെ മാറ്റിപ്പണിയാൻ പ്രാപ്തിയുള്ള കക്ഷി രാഷ്‌ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി പ്രവർത്തിക്കാൻ കഴിവുള്ള സ്ത്രീകളെയാണ് നാടിനാവശ്യം. അങ്ങനെയുള്ള സ്ത്രീകൾ വന്നാൽ മാത്രമേ വനിത സംവരണബിൽ കൊണ്ട് ഉദേശിച്ച ഫലം ലഭിക്കൂ. സ്ത്രീകളുടെ എണ്ണത്തിലല്ല പ്രവർത്തനമികവിലാണ് കാര്യം. ബിൽ നടപ്പാകുമ്പോൾ ധനിക, മദ്ധ്യവർഗ കുടുംബങ്ങളിലെ സ്ത്രീകൾക്ക് കൂടുതൽ അവസരം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കണം. പിന്നാക്കവിഭാഗത്തിൽ നിന്നുള്ള സ്ത്രീകൾക്ക് സംവരണം നൽകണം.
ജ്യോതി നാരായണൻ
സാമൂഹികപ്രവർത്തക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |