തിരുവനന്തപുരം: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലുള്ള ശിവശക്തി പോയിന്റിൽ ഉറങ്ങുന്ന വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും സൂര്യ പ്രകാശം പരന്നിട്ടും ഉണർന്നില്ല. ഉണർത്താൻ ബാംഗ്ളൂരിലെ മിഷൻ കൺട്രോൾ സെന്ററിൽ നിന്ന് ഐ.എസ്.ആർ.ഒ. കമാൻഡുകൾ നൽകിയിട്ടും ഇരുവരും മൗനത്തിലാണ്.
ചന്ദ്രനിലെ രാത്രി തണുപ്പ് മൈനസ് 200 ഡിഗ്രിയായതോടെ ഫ്രീസറിൽ നിന്ന് പുറത്തെടുത്ത സ്ഥിതിയിലാണ് ലാൻഡറും റോവറും. സൂര്യൻ ഉദിച്ചത് ബുധനാഴ്ചയാണെങ്കിലും വെയിൽചൂട് കൂടാൻ കാത്തിരിക്കുകയായിരുന്നു ഐ.എസ്.ആർ.ഒ. താപനില മൈനസ് 10ൽ എത്തിയതോടെയാണ് സ്ളീപ്പ് മോഡിൽ നിന്ന് ഉണർത്താനുള്ള റീആക്ടിവേഷൻ ശ്രമം തുടങ്ങിയത്.
ഉണർത്താനുള്ള വേക്ക്അപ് സർക്കീറ്റ് ആക്ടിവേറ്റായിട്ടുണ്ട്. ഏത് നിമിഷവും ലാൻഡറും റോവറും ഉണർന്ന് സിഗ്നൽ നൽകി തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ. ചൂട് കൂടുന്നത് അനുസരിച്ച് അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ബാറ്ററികൾ പൂർണ്ണമായും ചാർജ്ജ് ചെയ്തിട്ടുണ്ട്. ലാൻഡറിലേയും റോവറിലേയും സിഗ്നൽ സംവിധാനങ്ങൾക്കും ഉപകരണങ്ങൾക്കും താപപ്രതിരോധ സംവിധാനങ്ങളുണ്ട്. അതാണ് പ്രതീക്ഷ നൽകുന്നത്. മറ്റെന്തെങ്കിലും കാരണത്താൽ ഉണരാതിരിക്കാൻ സാധ്യത 50 ശതമാനമാണ്.
ആഗസ്റ്റ് 23ന് ചന്ദ്രനിലെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ലാൻഡറും റോവറും ഇന്ത്യയുടേയും ഐ.എസ്.ആർ.ഒ.യുടേയും അഭിമാനമാണ്. സെപ്തംബർ രണ്ടുവരെ ഇതെല്ലാം മികച്ച രീതിയിൽ പ്രവർത്തിച്ചു. നൂറുകണക്കിന് ഡേറ്റയാണ് ഭൂമിയിലേക്ക് അയച്ചത്. അതെല്ലാം അപഗ്രഥിച്ചുവരികയാണ്. ചന്ദ്രനിൽ പതിനാലുദിവസത്തെ രാത്രി തുടങ്ങിയതോടെയാണ് സെപ്തംബർ രണ്ടിന് റോവറിനേയും നാലിന് ലാൻഡറിനേയും സ്ളീപ്പ് മോഡിലാക്കിയത്.
ഇതിനിടെ ലാൻഡറിനെ റീസ്റ്റാർട്ട് ചെയ്ത് ഉയർത്തി 16 ഇഞ്ച് അകലെ ലാൻഡ് ചെയ്യിച്ചു. രണ്ടിനെയും ഉണർത്തിയാൽ ചരിത്രനേട്ടമാവും. കൂടുതൽ ബഹിരാകാശ ദൗത്യങ്ങൾക്ക് കരുത്തേകും. ലാൻഡറും റോവറുമായി ബന്ധം പുനഃസ്ഥാപിക്കാൻ 14 ദിവസങ്ങൾ കൂടി കാത്തിരിക്കാനാണ് ഐ എസ് ആർ ഒയുടെ തീരുമാനം. ഉണർത്താനായില്ലെങ്കിൽ ഇന്ത്യയുടെ വിജയസ്‌മാരകങ്ങളായി ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ ശിവശക്തി പോയന്റിൽ ലാൻഡറും റോവറും അനന്തകാലം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |