ചെന്നൈ: പ്രണയബന്ധം തകർന്നതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത് റെയിൽവേ ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസങ്ങളിലാണ് രണ്ട് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ ട്രെയിനിന് മുൻപിൽ ചാടി മരിച്ചത്. തമിഴ്നാട്ടിലെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരായ ജയലക്ഷ്മിയും(30), സൊക്കലിംഗ പാണ്ഡ്യനുമാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച തന്റെ രണ്ട് കുട്ടികൾക്കൊപ്പമാണ് ജയലക്ഷ്മി ട്രെയിനിന് മുൻപിൽ ചാടിയത്. വിവരമറിഞ്ഞ് മണിക്കൂറുകൾക്കകം സൊക്കലിംഗ പാണ്ഡ്യനും ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മധുരയിലും ചെങ്കോട്ടയിലുമായാണ് ഇരുവരും ജീവനൊടുക്കിയത്.
ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ജയലക്ഷ്മി മക്കൾക്കൊപ്പം മാറി താമസിക്കുകയായിരുന്നു. കഴിഞ്ഞ ആറുവർഷമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ ഉദ്യോഗസ്ഥനായ സൊക്കലിംഗവുമായി അടുപ്പത്തിലായിരുന്നു. ഇയാളും മുൻവിവാഹ ബന്ധം വേർപ്പെടുത്താനുളള നിയമപോരാട്ടത്തിലായിരുന്നു. ഇതിനുശേഷം രണ്ടുപേരും വിവാഹം കഴിക്കാനായി പദ്ധതിയുമിട്ടിരുന്നു.ജയലക്ഷ്മിയിൽ നിന്നും സൊക്കലിംഗം ലക്ഷക്കണക്കിന് പണവും കാറും വാങ്ങിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
സൊക്കലിംഗത്തിന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ജയലക്ഷ്മി കണ്ടെത്തിയതിനെ തുടർന്ന് ജയലക്ഷ്മി സ്ത്രീയെ ഫോണിൽ വിളിച്ച് ബന്ധത്തിൽ നിന്നും പിൻമാറണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഫോൺ കോളുകളുടെ ഓഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ജയലക്ഷ്മി മക്കളുമായി തിരുച്ചിറപ്പളളിയിലേക്ക് മാറി താമസിച്ചുവരികയായിരുന്നു. തുടർന്ന് ഇവർ മെഡിക്കൽ ലീവിൽ പ്രവേശിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് ജയലക്ഷ്മി ഒൻപതും പതിനൊന്നും പ്രായമുളള മക്കൾക്കൊപ്പം ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്തത്. ജയലക്ഷ്മിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് വെളളിയാഴ്ച പുലർച്ചയോടെ സൊക്കലിംഗവും ആത്മഹത്യ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |