ലഖ്നൗ: മനംനൊന്ത് വിഷം കഴിച്ച് മരിച്ച് യുവ ദമ്പതികൾ. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ കൂട്ടബലാത്സംഗത്തിനിരയായ ഭാര്യയും ഭർത്താവുമാണ് വിഷം കഴിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 27 കാരിയായ യുവതി പീഡനത്തിനിരയായി മണിക്കൂറുകൾക്കകമായിരുന്നു ആത്മഹത്യ.
മുപ്പതുകാരനായ ഭർത്താവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നുവെന്നും യുവതി ഗോരഖ്പൂരിലെ ഒരു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത് എന്നും എസ് പി ഗോപാൽ കൃഷ്ണ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി യുവതിയെ രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രതികളുടെ വിവരങ്ങൾ വീഡിയോയിൽ റെക്കോർഡ് ചെയ്തതിനുശേഷമാണ് ദമ്പതികൾ ആത്മഹത്യ ചെയ്തതെന്ന് എസ് പി കൂട്ടിച്ചേർത്തു.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളായ ആദർശ് (25), ത്രിലോകി (45) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. മരിച്ച ദമ്പതികൾക്ക് എട്ടും ആറും പ്രായമുളള രണ്ട് ആൺമക്കളും ഒരു വയസുളള പെൺകുഞ്ഞുമുണ്ട്. ദമ്പതികളുടെ ഉടമസ്ഥതയിലുളള ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ടാണ് പ്രതികൾ വീട്ടിലെത്തിയത് എന്നു പൊലീസ് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |