വീട്ടിൽ പെട്ടെന്ന് അതിഥികൾ വരുമ്പോഴോ അധികം കറികളൊക്കെ ഉണ്ടാക്കാൻ മടിയുള്ളപ്പോഴോ മിക്കവരും തയ്യാറാക്കുന്ന ഒരു ഈസി വിഭവമാണ് തക്കാളി ചോറ് അഥവാ ടൊമാറ്റോ റൈസ്. കുട്ടികൾക്ക് ഇടയ്ക്കിടെ ലഞ്ചിന് ഇതുണ്ടാക്കി കൊടുക്കാറുമുണ്ടായിരിക്കും. എന്നാൽ ടൊമാറ്റോ റൈസ് പോലെ അല്ലെങ്കിൽ അതിനേക്കാൾ കുറവ് സമയത്തിനുള്ളിൽ തയ്യാറാക്കാൻ സാധിക്കുന്ന മറ്റൊരു വിഭവമുണ്ട്, ഒണിയൻ റൈസ്. ഇത് എങ്ങനെയുണ്ടാക്കാമെന്ന് നോക്കിയാലോ?
ആദ്യം ഒരു ചീനച്ചട്ടി ചൂടാക്കിയതിനുശേഷം ഒരു ടേബിൾ സ്‌പൂൺ നെയ്യ് ചേർക്കണം. ഇത് ചൂടായി വരുമ്പോൾ അര ടീസ്‌പൂൺ പെരും ജീരകം, മൂന്ന് ഏലയ്ക്ക, രണ്ട് ഗ്രാംപൂ, ഒരു ചെറിയ കഷ്ണം കറുവാപ്പട്ട എന്നിവ ചേർക്കണം. ഇത് കുറച്ചുനേരം വഴറ്റിയെടുത്തതിനുശേഷം വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റണം. ഇനി ഇതിലേയ്ക്ക് ഒരു സവാള അരിഞ്ഞത് ചേർത്ത് വഴറ്റാം.
സവാള ലൈറ്റ് ബ്രൗൺ നിറത്തിലെത്തുമ്പോൾ ഒരു ടീസ്‌പൂൺ മുളകുപൊടി, കാൽ ടീസ്‌പൂൺ മഞ്ഞൾപൊടി, അര ടീസ്‌പൂൺ ഗരം മസാലപൊടി, അര ടീസ്‌പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നതുവരെ വഴറ്റണം. ഇതിലേയ്ക്ക് ഒരു മൂന്ന് സ്‌പൂൺ വെള്ളം ചേർക്കാം. അവസാനം ഇതിലേയ്ക്ക് വേവിച്ചുവച്ചിരിക്കുന്ന ചോറും കൂടി ചേർത്ത് പൊടികളുമായി യോജിപ്പിക്കണം. തുടർന്ന് കുറച്ച് മല്ലിയിലയും പകുതി നാരങ്ങാനീരും കൂടി ചേർത്തുകഴിഞ്ഞാൽ ഒണിയൻ റൈസ് റെഡി. ഇത് വെറുതേകഴിക്കുകയോ പപ്പടം, സാലഡ്, അച്ചാർ എന്നിവയോടൊപ്പം കഴിക്കുകയോ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |