മലയാളത്തിൽ നവതരംഗ സിനിമകൾക്ക് വഴി തുറന്ന സംവിധായകൻ കെ. ജി ജോർജ് ഇനി ഓർമ്മ
പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംവിധാനം പഠിച്ചിറങ്ങിയ വർഷമാണ് രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന ചിത്രത്തിന് കെ. ജി. ജോർജ് തിരക്കഥ രചിച്ചത്. രാമു കാര്യാട്ട് ആയിരുന്നു കെ. ജി. ജോർജിന്റെ ചലച്ചിത്ര ഗുരു. നെല്ലിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച കെ. ജി. ജോർജ് എന്നും സ്വപ്നം കണ്ടത്, സിനിമ മാത്രമായിരുന്നു. സ്വപ്നാടനമെന്ന ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായം. മികച്ച ചിത്രം, മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരം എന്നീ ബഹുമതികൾ ആദ്യ ചിത്രത്തിലൂടെ തന്നെ ലഭിച്ചു. വേറിട്ട വഴികളിലൂടെയാണ് കെ. ജി ജോർജും അദ്ദേഹത്തിന്റെ ചിത്രങ്ങളും സഞ്ചരിച്ചത്. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാള സിനിമയിൽ പുതിയ ഭാഷ്യം നൽകിയ കെ. ജി. ജോർജ് നാലു പതിറ്റാണ്ടിനിടെ സംവിധാനം ചെയ്തത് പത്തൊൻപത് ചിത്രങ്ങൾ. കലാമൂല്യമുള്ള സിനിമ. കച്ചവട സിനിമ എന്നിങ്ങനെയുള്ള സാങ്കൽപ്പിക അതിർത്തികളെ കെ. ജി. ജോർജ് പൊളിച്ചെഴുതി. മലയാള സിനിമയിലെ വ്യവസ്ഥാതീതമായ നായീകാ നായക സങ്കൽപ്പങ്ങളെ, കപട സദാചാരത്തെ, അഴിമതിയെ എല്ലാം ചോദ്യം ചെയ്തു. മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ സിനിമയെന്ന് കെ. ജി. ജോർജിന്റെ ആദാമിന്റെ വാരിയെല്ലിനെ വിശേഷിപ്പിക്കാം. മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായി പഞ്ചവടിപ്പാലം പുതിയ കാലത്തും ചർച്ച ചെയ്യപ്പെടുന്നു. ഉൾക്കടൽ, കോലങ്ങൾ, യവനിക, ഇരകൾ, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, കഥയ്ക്ക് പിന്നിൽ, മറ്റൊരാൾ, ഈ കണ്ണികൂടി എന്നീ ചിത്രങ്ങളെല്ലാം വേറിട്ട പാതയിലൂടെയാണ് സഞ്ചരിച്ചത്.
മമ്മൂട്ടി ആദ്യമായി മുഴുനീള പൊലീസ് വേഷത്തിൽ നിറഞ്ഞാടിയത് കെ. ജി. ജോർജിന്റെ യവനിക എന്ന ചിത്രത്തിലാണ്. മമ്മൂട്ടി ആയിരുന്നു എന്നും കെ. ജി ജോർജിന്റെ പ്രിയ നടൻ. അവസാന ചിത്രമായ ഇലവങ്കോടു ദേശത്തിലും മമ്മൂട്ടി നായകൻ. മലയാളത്തിൽ നവതരംഗ സിനിമകൾക്ക് വഴി തുറന്നതും കെ. ജി. ജോർജാണ്. എഴുപതുകളിലും എൺപതുകളിലും വിപ്ളവകരമായ ചലച്ചിത്ര സൃഷ്ടികളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ കെ. ജി ജോർജിനെ പുതിയ തലമുറയും നവതരംഗ സിനിമാ പ്രവർത്തകരും നല്ലയൊരു പാഠപുസ്തകമായി കണ്ടിരുന്നു. അനാരോഗ്യകാരണങ്ങളാൽ മാറി നിന്നപ്പോഴും ദിവസവും രണ്ട് സിനിമകൾ കാണുന്നതായിരുന്ന ശീലം. നവതരംഗ സിനിമകളോടായിരുന്നു എല്ലാകാലത്തും ആഭിമുഖ്യം. രാജേഷ് പിള്ളയുടെയും ആഷിക്ക് അബുവിന്റെയും ദിലീഷ് പോത്തന്റെയും നവതരംഗ സിനിമകളെ ചേർത്ത് പിടിച്ചു. ട്രാഫിക്ക്, 22 ഫീമെയിൽ കോട്ടയം, മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങൾ തനിക്ക് പ്രിയപ്പെട്ടവയാണെന്ന് കെ. ജി. ജോർജ് തന്നെ പറഞ്ഞിട്ടുണ്ട്. കെ. ജി ജോർജ് യാത്രയാവുമ്പോൾ മലയാളത്തിലെ ക്ളാസിക് നവതരംഗ സിനിമകളുടെ കാലഘട്ടം കൂടി മറയുകയാണ്. ഉൾക്കടലിലെ രാഹുലനും ഇരകളിലെ ബേബിയും പുതിയ കാലത്തും സംസാരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |