തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ വിയോഗത്തിൽ ആളുമാറി പ്രതികരിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കെ ജി ജോർജ് മികച്ചൊരു പൊതു പ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനും ആണെന്നായിരുന്നു മാദ്ധ്യമങ്ങളോടായി കോൺഗ്രസ് നേതാവിന്റെ പ്രതികരണം. കെ സുധാകരന്റെ പ്രതികരണം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ അന്തരിച്ച പ്രവർത്തകനെക്കുറിച്ചാണ് കെപിസിസി അദ്ധ്യക്ഷൻ പ്രതികരിച്ചത് എന്ന ന്യായീകരണവുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി.
"അദ്ദേഹത്തെക്കുറിച്ച് ഓർക്കാനൊരുപാടുണ്ട്. മികച്ച പൊതു പ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു. കഴിവും പ്രാപ്തിയുമുള്ള ആളാണ്. അദ്ദേഹത്തെക്കുറിച്ച് മോശം അഭിപ്രായമില്ല. അദ്ദേഹത്തോട് സഹതാപമുണ്ട്. മരണത്തിൽ ദുഃഖമുണ്ട്"- കെ ജി ജോർജിന്റെ വിയോഗത്തെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മുതിർന്ന കോൺഗ്രസ് നേതാവിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. പിന്നാലെ തന്നെ മരണപ്പെട്ടതാരാണെന്ന് കൃത്യമായി മനസിലാക്കാതെയാണ് കെ സുധാകരൻ പ്രതികരിച്ചതെന്നുള്ള അഭിപ്രായമുയർന്നു.
എന്നാൽ ജോർജ് എന്ന പേരിലുള്ള പ്രവർത്തകന്റെ വിയോഗത്തെക്കുറിച്ചാണ് കെപിസിസി പ്രസിഡന്റ് സംസാരിച്ചത് എന്നാണ് കോൺഗ്രസ് പ്രവർത്തരുടെ വാദം. ഇതേ നിലപാട് ആവർത്തിച്ച് കെ സുധാകരനും രംഗത്തെത്തി. പഴയകാല സഹപ്രവർത്തകനെക്കുറിച്ചാണ് മാദ്ധ്യമപ്രവർത്തരുടെ ചോദ്യമെന്ന് കരുതിയായിരുന്നു തന്റെ പ്രതികരണമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ആരാണ് മരണപ്പെട്ടതെന്ന് മാദ്ധ്യമപ്രവർത്തകർ എന്നോട് കൃത്യമായി പറഞ്ഞില്ല. അവരോടത് ചോദിച്ചറിയാതിരുന്നത് എന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയായി അംഗീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |