തിരുവനന്തപുരം: കെ സുധാകരൻ ആളുമാറി അനുശോചനമറിയിച്ചതിന് പിന്നിൽ തെറ്റിദ്ധാരണയാണെന്ന് മുൻ എംഎൽഎ പിസി ജോർജ്. ഞാൻ ജീവനോടെയുണ്ടെന്ന മുഖവുരയോടെയായിരുന്നു അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്. താൻ മരിച്ചതായി കെ സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
"ഞാൻ ജീവിച്ചിരിപ്പുണ്ട്. നമ്മുടെ പ്രിയങ്കരനായ സുധാകരൻ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ച് ഞാൻ മരിച്ചു എന്നറിയിച്ചു. അദ്ദേഹത്തിന്റെ ദുഃഖത്തോടെയുള്ള സംസാരം കേൾക്കാൻ ഇടയായി. ഞാനപ്പോൾ പള്ളിയിൽ കുർബാന കണ്ടുകൊണ്ടിരിക്കുകയാണ്. ആളുകൾ ഓടിവന്ന് എന്നെ വിളിച്ചറിയിച്ചു. അങ്ങനെയാണ് ഇറങ്ങി വന്നത്. ഏതായാലും സുധാകരനെ പോലെ മാന്യമായ വ്യക്തിയെ തെറ്റിദ്ധരിപ്പിക്കുന്ന ആളുകൾ ശരിയോ ഈ ചെയ്യുന്നത് എന്ന് ഓർക്കുക. ഞാൻ ജീവിച്ചിരിപ്പുണ്ട്. എന്തായാലും വളരെ നന്ദി. നല്ല മനുഷ്യനാണ് സുധാകരൻ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കരുത്"- പി സി ജോർജ് അറിയിച്ചു.
വിഖ്യാത സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിക്കവേ അദ്ദേഹം മികച്ച പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു എന്നാണ് കെ സുധാകരൻ പറഞ്ഞത്. പിന്നാലെയാണ് അദ്ദേഹം ആളുമാറിയാണ് അനുശോചനം രേഖപ്പെടുത്തിയത് എന്ന ആരോപണമുയർന്നത്. തന്റെ പഴയ സഹപ്രവർത്തകന്റെ പേരിന് സമാനമായതിനാൽ, സിനിമാ മേഖലയിലെ വ്യക്തിത്വത്തിന്റെ വിയോഗത്തെക്കുറിച്ചാണ് മാദ്ധ്യമപ്രവർത്തകർ ചോദിച്ചത് എന്ന് മനസിലാക്കാനായില്ല എന്നാണ് കെ സുധാകരൻ വിഷയത്തിൽ പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |