കാസർകോട്: വികസിത ഭാരതത്തിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമാണ് വന്ദേഭാരത് ട്രെയിനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടന്ന രണ്ടാം വന്ദേ ഭാരത് എക്സ്‌പ്രസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത 25 വർഷം വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണഘട്ടം ആണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അതിലേക്കുള്ള ചുവടുവയ്പാണ് വേഗതയേറിയ ട്രെയിൻ സർവീസുകൾ. രാജ്യത്ത് അനുവദിക്കുന്ന 400 വന്ദേഭാരത് ട്രെയിനുകളിൽ മറ്റു സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ വന്ദേഭാരത് കേരളത്തിന് അനുവദിക്കും. കേരളത്തിന് അർഹതപ്പെട്ടതിനേക്കാൾ കൂടുതൽ നൽകുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
നിലവിൽ കാസർകോട് നിന്നു തിരുവനന്തപുരത്തേക്ക് ഏഴുമണിക്കൂർ 45 മിനിട്ടാണ് യാത്രാസമയം. അത് അഞ്ചുമണിക്കൂർ 30 മിനിട്ടിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നു നടക്കുന്നുണ്ട്. കൂടുതൽ വേഗത്തിൽ യാത്ര ചെയ്യാൻ കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അതിന്റെ ഉദാഹരണമാണ് വന്ദേഭാരതിന് ലഭിച്ച സ്വീകാര്യതയെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ജനസന്ദ്രതയേറിയതും മറ്റു സംസ്ഥാനങ്ങളുമായി നോക്കുമ്പോൾ വാഹന സാന്ദ്രത ഏറിയതുമായ സംസ്ഥാനമാണ് കേരളം. ഇവിടെ കൂടുതൽ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് ഏറ്റവും ഉചിതം റെയിൽ മാർഗ്ഗമാണ്. അതിവേഗപാത നിർമ്മിക്കുന്നതിന് ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കും എന്ന ആശങ്കയും വന്ദേഭാരതിന്റെ വരവോടെ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പ്രകാശ് ബാബു, സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് കാസർകോട് ജില്ല പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |