കാസർകോട്: രണ്ടാം വന്ദേഭാരത് എക്സ്‌പ്രസിന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ ആവേശത്തുടക്കം. റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ തിങ്ങിനിറഞ്ഞ യാത്രക്കാരും റെയിൽവേ ഉദ്യോഗസ്ഥരും ജീവനക്കാരും രാഷ്ട്രീയപാർട്ടി നേതാക്കളും പാസഞ്ചേഴ്സ് അസോസിയേഷൻ അടക്കമുള്ളവരും പുഷ്പവൃഷ്ടി നടത്തിയാണ് വന്ദേഭാരതിനെ തിരുവനന്തപുരത്തേക്ക് യാത്രയാക്കിയത്.
റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയ വലിയ സ്ക്രീനോടുകൂടിയ പന്തലിൽ ഉച്ചയ്ക്ക് 11.30ന് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരനും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും ഡി.ആർ.എം അരുൺ കുമാർ ചതുർവേദിയും പ്രസംഗിച്ചുകഴിഞ്ഞ ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ഘാടനം ഓൺലൈനിൽ ആരംഭിച്ചു. വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നത് കൂറ്റൻ സ്‌ക്രീനിലും ട്രെയിനിലെ ഓരോകോച്ചിലുമുള്ള സ്‌ക്രീനിലും ദൃശ്യമായി. എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തിയ ശേഷം വാതിലുകൾ അടയുകയും 1. 5ന് ട്രെയിൻ കാസർകോട് നിന്ന് പുറപ്പെടുകയും ചെയ്തു. സി 1, സി 2 കോച്ചുകളിൽ പാർട്ടി നേതാക്കൾക്കും സി 6ൽ മാദ്ധ്യമ പ്രവർത്തകർക്കും സി 4ൽ വിദ്യാർത്ഥികൾക്കും ആണ് കന്നിയാത്ര നടത്താൻ സൗകര്യം ഏർപ്പെടുത്തിയത്. ഇ -1 കോച്ച് വി.വി.ഐ.പികൾക്കും സി 5 വി.ഐ.പികൾക്കും ആണ് റിസർവ് ചെയ്തിരുന്നത്. റെയിൽവേ ജീവനക്കാർക്ക് സി 7 കോച്ചും മാറ്റിവച്ചിരുന്നു. ജനപ്രതിനിധികൾക്ക് സി 3യും അനുവദിച്ചു. കന്നിയാത്ര സൗജന്യപാസ് നൽകി നിയന്ത്രിച്ചു. ആദ്യ യാത്ര നടത്താനുള്ള ആവേശത്തിൽ നിരവധി പേർ കാസർകോട് നിന്ന് കയറി കണ്ണൂർ വരെയും കോഴിക്കോട് വരെയും പോയി തിരിച്ചുവന്നു.
ബിരിയാണിയും ചപ്പാത്തിയും
കന്നി യാത്ര നടത്തിയ മുഴുവൻ ആളുകൾക്കും വെജിറ്റബിൾ ബിരിയാണിയും ചപ്പാത്തിയും നൽകി. കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെട്ട് കാഞ്ഞങ്ങാട് എത്തുന്നതിനു മുമ്പ് എട്ടു കോച്ചുകളിലും ചപ്പാത്തിയും ബിരിയാണിയും വിതരണം നടന്നിരുന്നു. പ്രത്യേകം പാക്ക് ചെയ്ത ബിരിയാണിയും കുടിവെള്ളവും ഓരോസീറ്റിലും ജീവനക്കാർ എത്തിച്ചു നൽകി.
സൗകര്യങ്ങൾ കൂടുതൽ
ആദ്യ വന്ദേഭാരത് ട്രെയിനിന്റെ പോരായ്മകൾ തീർത്തുകൊണ്ടുള്ളതാണ് ഓറഞ്ച് നിറത്തിലുള്ള രണ്ടാം വന്ദേഭാരത്. കടുംനീല നിറത്തിലുള്ള കുഷ്യൻ ആണ് സീറ്റുകളിൽ. ചാരി കിടന്നാൽ തല പുറത്തേക്ക് തെന്നി പോകാതിരിക്കാൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു. സീറ്റിന് അടിയിൽ ഉണ്ടായിരുന്ന മൊബൈൽ ചാർജർ പോയിന്റ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ബയോടോയ്ലറ്റിലും കൂടുതൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
കന്നി യാത്രയ്ക്ക് കേന്ദ്രമന്ത്രിയും
കന്നി യാത്രയ്ക്കായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും കാസർകോട് നിന്ന് കയറി. വി.വി.ഐ.പി കോച്ചിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ബി.ജെ.പി നേതാക്കളായ പി.കെ കൃഷ്ണദാസ്, പ്രകാശ് ബാബു എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |