തൃശൂർ: വിയ്യൂർ ജയിലിലെ തടവുകാർക്ക് പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ മുൻ പ്രിസൺ ഓഫീസർ അജുമോനെ (36) കാലടിയിൽ നിന്നും വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലിൽ നിരന്തരമായി പുകയില ഉത്പന്നങ്ങളും മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാർത്ഥങ്ങളും നിയമവിരുദ്ധമായി തടവുകാരിൽ നിന്നും കണ്ടെത്തിയ സാഹചര്യത്തിൽ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഉദ്യോഗസ്ഥന്റെ പങ്ക് വ്യക്തമായത്.
നൂറു രൂപ വിലവരുന്ന ബീഡി ഉൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങൾ 2,500 രൂപയ്ക്ക് തടവുകാർക്ക് വിൽപ്പന നടത്തുകയായിരുന്നു ഇയാൾ. ഉത്പന്നങ്ങൾ ഉദ്യോഗസ്ഥന്റെ കൈയ്യിൽ നിന്നും വാങ്ങുന്നതിന് മുമ്പ് തടവുകാരുടെ വീട്ടുകാർ ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന ഗൂഗിൾ പേ നമ്പറിലേക്ക് പണം കൈമാറണം. പണം ലഭിച്ചുവെന്ന് ഉറപ്പായാൽ തടവുകാർക്ക് എടുക്കാൻ പാകത്തിലുള്ള സ്ഥലത്ത് ഉത്പന്നങ്ങൾ വച്ചുകൊടുക്കുകയാണ് രീതി. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ പണമിടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്.
അച്ചടക്ക നടപടികളുടെ ഭാഗമായി ഇയാൾ മൂന്നുമാസമായി സസ്‌പെൻഷനിലായിരുന്നു. 13 വർഷമായി സർവീസിലുള്ള ഇയാൾ ജോലി ചെയ്തിരുന്ന പല ജയിലുകളിലും താത്കാലിക ജീവനക്കാരെ ഉപയോഗിച്ച് ഇത്തരം കാര്യങ്ങൾ ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എസ്.എച്ച്.ഒ: കെ.സി. ബൈജുവിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. എസ്.ഐ: എബ്രഹാം, വർഗീസ്, സിവിൽ പൊലീസ് ഓഫീസറായ ജോഷി ജോസഫ്, സിവിൽ പൊലീസ് ഓഫീസർമാരായ പി.സി. അനിൽകുമാർ, അനീഷ്, വൈ. ടോമി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |