ന്യൂഡൽഹി: റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ മുൻ ഗവർണർ ഉർജിത് പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പാമ്പിനോട് ഉപമിച്ചതായി വെളിപ്പെടുത്തൽ. മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിന്റെ 'വി ഓൾസോ മെയ്ക്ക് പോളിസി ' എന്ന പുസ്തകത്തിലാണ് പണത്തിന് മുകളിൽ അടയിരിക്കുന്ന പാമ്പാണ് ഉർജിത് എന്ന്മോദി പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുന്നത്. ലോംഗ് ടേം ക്യാപിറ്റൽ ഗെയിൻ ടാക്സ് (എൽ.ടി.സി.ജി) പിൻവലിക്കാൻ നിർദേശം നൽകിയ സമയത്താണ് മോദി ഉർജിത് പട്ടേലിനെ പണത്തിന് മുകളിൽ ഇരിക്കുന്ന പാമ്പ് എന്ന് വിശേഷിപ്പിച്ചതെന്നും പുസ്തകത്തിൽ പറയുന്നു.
2018ലാണ് കേന്ദ്രസർക്കാരും ഉർജിത് പട്ടേലും തമ്മിലുള്ള ഭിന്നത രൂക്ഷമായത്. ദേശസാൽകൃത ബാങ്കുകളുടെ മേലുള്ള നിയന്ത്രണം നീക്കാൻ സർക്കാരിന് കഴിയുന്നില്ലെന്ന് ഉർജിത് വിമർശിച്ചതും അകർച്ച വർദ്ധിപ്പിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതിനുള്ള കടപത്രവുമായി ബന്ധപ്പെട്ട് ഉർജിത് കടുംപിടിത്തം തുടർന്നത് സർക്കാരിന് ബുദ്ധിമുട്ടുണ്ടാക്കിയെന്നും പുസ്തകത്തിലുണ്ട്. റിസർവ് ബാങ്കിന് മാത്രമേ കടപത്രം നൽകാൻ അധികാരമുള്ളൂ എന്നായിരുന്നു ഉർജിത് പട്ടേലിന്റെ നയം. 2018 ജൂണിൽ ഉർജിത് പട്ടേൽ റിപ്പോ നിരക്ക് 6.25 ശതമാനമായി ഉയർത്തി. മൂന്നു മാസത്തിനു ശേഷം റിപ്പോ നിരക്ക് വീണ്ടും 25 ശതമാനം വർധിപ്പിച്ചു. തുടർന്ന്, കോടിക്കണക്കിനു രൂപയുടെ അധിക മൂലധനം ബാങ്കുകളിൽ നിക്ഷേപിക്കാൻ സർക്കാരിനുമേൽ സമ്മർദമുണ്ടായി.
ഉർജിതിന്റെ നയങ്ങളിൽ അന്നത്തെ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലിക്കും എതിർപ്പുണ്ടായിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. ഉർജിത് പട്ടേലിന്റെ നയങ്ങളെ അപ്രായോഗികമെന്നാണ് ജെയ്റ്റ്ലി വിശേഷിപ്പിച്ചത്. 2018 ഡിസംബറോടെ ഉർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണർ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |