കെ.ജി. ജോർജ് (1945 - 2023 )
കൊച്ചി: പ്രിയതരമാമൊരു സ്വപ്നമുറങ്ങീ... ഇനിയുണരാതെയുറങ്ങീ...
മനുഷ്യ മനസിന്റെ ഉൾക്കടലുകളിൽ നിന്ന് ക്ലാസിക് സിനിമകൾ സൃഷ്‌ടിച്ച സംവിധായകൻ കെ. ജി. ജോർജിന്റെ ജീവിതത്തിന് യവനിക വീണു.
കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ ഇന്നലെ രാവിലെ 10.15നായിരുന്നു അന്ത്യം. 78 വയസായിരുന്നു. പക്ഷാഘാതത്തിനും വാർദ്ധക്യരോഗങ്ങൾക്കും ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ.
കാക്കനാട്ടെ സിഗ്നേച്ചർ ഏജ് ഡി കെയർ എന്ന സ്ഥാപനത്തിലായിരുന്നു രണ്ടു വർഷമായി താമസം. പക്ഷാഘാതത്തെ തുടർന്ന് സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ എത്തിയത്. ഭാര്യ ഗോവയിൽ മകനൊപ്പമാണ്. അവർ ഇന്ന് എത്തിയശേഷം സംസ്‌കാര സമയവും സ്ഥലവും തീരുമാനിക്കും. ഭൗതികദേഹം മോർച്ചറിയിലേക്ക് മാറ്റി. വെണ്ണലയിലായിരുന്നു താമസം.
2016ൽ സർക്കാർ ജെ.സി. ഡാനിയേൽ പുരസ്കാരം നൽകി.
നടനും ഗായകനുമായിരുന്ന പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സൽമയാണ് ഭാര്യ. ഉൾക്കടലിലെ ശരദിന്ദു മലർദീപ നാളം എന്ന ഗാനം പാടിയത് സൽമയാണ്. മക്കൾ - അരുൺ (കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്, ഗോവ), താര (ഖത്തർ എയർവേസ്, ദോഹ). മരുമകൾ: നിഷ.
വിഷയവൈവിദ്ധ്യവും സാമൂഹ്യപ്രസക്തിയുമുള്ള കെ.ജി. ജോർജിന്റെ യവനിക പോലുള്ള സിനിമകൾ ആ രംഗത്തുള്ളവർക്ക് ഇന്നും പാഠപുസ്തകമാണ്. 1971ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാന പഠനശേഷമാണ് സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടത്. 19 സിനിമകൾ സംവിധാനം ചെയ്തു. രാഷ്ട്രീയവും അഴിമതിയും കപട സദാചാരവുമെല്ലാം ആ സിനിമകളിൽ ചോദ്യം ചെയ്യപ്പെട്ടു. സ്ത്രീ മനസിന്റെ സങ്കീർണതകൾ തീക്ഷ്ണമായ അനുഭവമാക്കി. ത്രില്ലറും ആക്ഷേപഹാസ്യവും പ്രണയവും ക്രൈമും ഒരുപോലെ വഴങ്ങിയ സംവിധായകൻ.
തിരുവല്ല കുളക്കാട്ടിൽ സാമുവലിന്റെയും അന്നമ്മയുടെയും മകനായി 1945 മേയ് 24 നാണ് ജനനം. തിരുവല്ല എസ്.ഡി സെമിനാരി സ്‌കൂളിലും ചങ്ങനാശേരി എൻ.എസ്.എസ് കോളേജിലും പഠനം. പൊളിറ്റിക്കൽ സയൻസിൽ ബിരുദം.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിട്ടശേഷം രാമു കാര്യാട്ടിന്റെ അസിസ്റ്റന്റായി. കാര്യാട്ട് സംവിധാനം ചെയ്ത നെല്ലിന്റെ തിരക്കഥ രചിച്ച് തുടക്കം. അഭയം, മായ, ചെമ്മീൻ സിനിമകളിലും കാര്യാട്ടിന്റെ അസിസ്റ്റന്റായി. ജോൺ എബ്രഹാം, രാമചന്ദ്രബാബു എന്നിവർക്കൊപ്പവും പ്രവർത്തിച്ചു.
1976ൽ ആദ്യസിനിമ സ്വപ്‌നാടനം. രാപ്പാടികളുടെ ഗാഥ, ആദാമിന്റെ വാരിയെല്ല്, മേളം, കോലങ്ങൾ, യവനിക, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഇരകൾ തുടങ്ങിയവയാണ് പ്രധാന സിനിമകൾ. മികച്ച സിനിമ, തിരക്കഥ, സംവിധാനം എന്നിവയ്ക്ക് ദേശീയ, സംസ്ഥാന അവാർഡുകൾ നേടി. ഏഴുസിനിമകൾ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |