തിരുവനന്തപുരം:കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കൊള്ളക്കാരെ സംരക്ഷിച്ച് നിക്ഷേപകരെ ഒറ്രുകൊടുക്കാനാണ് ശ്രമമെങ്കിൽ യു.ഡി.എഫ് സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസ്താവിച്ചു.
തട്ടിപ്പ് സമഗ്രമായി അന്വേഷിക്കണമെന്നും നിക്ഷേപകരുടെ പണം എത്രയും വേഗം മടക്കി കൊടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഏറ്റവും വലിയ കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത്. തൃശൂർ ജില്ലയിലെ മറ്റ് നിരവധി സഹകരണ ബാങ്കുകളിൽ 500 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടുകൾ കൂടി നടന്നിട്ടുണ്ടെന്നും വ്യക്തമായി. സി.പി.എം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് പെരുംകൊള്ള. കൊള്ളക്കാരെ രക്ഷിക്കാൻ ശ്രമിക്കുന്നതും സി.പി.എമ്മും സർക്കാരുമാണ്.
വൻമരങ്ങൾ വേരോടെ നിലംപൊത്തുമെന്ന ഭീതിയാണ് സി.പി.എമ്മിന്. കൊള്ളക്കാരെ സംരക്ഷിക്കുന്നതിലൂടെ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകർക്കുകയാണ്. ബാങ്ക് കൊള്ളയെക്കുറിച്ച് 2011ൽ തന്നെ പാർട്ടിക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. കൊള്ളമുതലിന്റെ പങ്ക് പറ്റിയ സി.പി.എം അന്ന് മുതൽ കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിച്ചു. നിരപരാധികളെ കള്ളക്കേസിൽ കുടുക്കി, പ്രധാന നേതാക്കളെ രക്ഷപ്പെടുത്തി.
സഹകരണ പ്രസ്ഥാനത്തിനേറ്റ കറുത്തപാടാണ് കരുവന്നൂരെന്ന സ്പീക്കർ എ.എൻ ഷംസീറിന്റെ അഭിപ്രായമാണോ സി.പി.എമ്മിനും സർക്കാരിനും ഉള്ളതെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യക്തമാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |