ഇൻഡോർ: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന മദ്ധ്യപ്രദേശിൽ ബി.ജെ.പിക്ക് തിരിച്ചടിയായി കൊഴിഞ്ഞുപോക്ക്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അടുത്ത അനുയായി പ്രമോദ് ടൻഡൻ തിരികെ കോൺഗ്രസിലെത്തി. ഇൻഡോറിൽ സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ കമൽനാഥിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. ചടങ്ങിൽ രാംകിഷോർ മിശ്ര, ദിനേശ് മൽഹർ എന്നീ നേതാക്കളും മടങ്ങിയെത്തി.
2020ൽ ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ നേതാക്കളിൽ പ്രമുഖനാണ് പ്രമോദ് ടൻഡൻ. ബി.ജെ.പി സംസ്ഥാന സമിതി അംഗമായിരുന്ന ടൻഡൻ അടുത്തിടെ സ്ഥാനം രാജിവച്ചിരുന്നു. സിന്ധ്യക്കൊപ്പം പോയിരുന്ന സമന്ദർ പട്ടേൽ, ബൈജ്നാഥ് സിങ് എന്നിവരും അടുത്തിടെ കോൺഗ്രസിൽ തിരിച്ചെത്തിയിരുന്നു. ഇതോടെ, സന്ധ്യക്കൊപ്പം പോയവരിൽ ആറു പേർ കോൺഗ്രസിൽ തിരികെയെത്തി.
ജനപ്രിയ പദ്ധതികളുമായി ചൗഹാൻ
തിരഞ്ഞെടുപ്പിൽ കളംപിടിക്കാൻ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് പദ്ധതികളുമായി ബി.ജെ.പി സർക്കാർ. ലാഡ്ലി ബെഹന യോജന പദ്ധതിയിൽ 21 വയസ് തികഞ്ഞ അവിവാഹിതരായ സ്ത്രീകളെയും ഉൾപ്പെടുത്താൻ തീരുമാനം. പദ്ധതി പ്രകാരം നൽകുന്ന തുക 1,000ത്തിൽ നിന്ന് 1,250 രൂപയാക്കി ഉയർത്തിയതിനു പിന്നാലെയാണ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പുതിയ പ്രഖ്യാപനം. 1.32 കോടി സ്ത്രീകൾക്ക് പ്രയോജനം ലഭിക്കുമെന്നും ഭാവിയിൽ ഈ തുക 3,000 രൂപയാക്കി ഉയർത്തുമെന്നും ബി.ജെ.പിയുടെ ജന ആശിർവാദ് യാത്രയ്ക്കിടെ ജബൽപൂരിലെ രഞ്ജിയിൽ സംഘടിപ്പിച്ച യോഗത്തിൽ ചൗഹാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |