തിരുവനന്തപുരം: ''കേരളം...കേരളം...കേളികൊട്ടുയരുന്ന കേരളം..."" കേരളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര ആലപിച്ചപ്പോൾ കനകക്കുന്ന് ആ സ്വരമാധുര്യത്തിൽ ലയിച്ചു. മലയാള നാടിന്റെ മനോഹാരിത വർണിക്കുന്ന വരികൾ ചിത്രയുടെ സ്വരത്തിൽ അലിഞ്ഞപ്പോൾ ദൈവത്തിന്റെ സ്വന്തം നാടിന്റെ സൗന്ദര്യത്തിന് പകിട്ടേറി...
നവംബർ ആദ്യവാരം സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയുടെ മീഡിയ സെന്റർ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ചിത്ര.
കേരളത്തിന്റെ സംസ്കാരം ലോകത്തിന് മുമ്പിൽ അവതരിപ്പിക്കാൻ കേരളീയത്തിന് സാധിക്കട്ടെയെന്ന് ചിത്ര ആശംസിച്ചു. സംസ്ഥാനത്തിന്റെ ലോകോത്തര സംഭാവനകളെ ലോകത്തിന് മുമ്പിൽ വിളംബരം ചെയ്യാനുള്ള ഉജ്ജ്വല വേദിയാണ് കേരളീയമെന്നും ചിത്ര പറഞ്ഞു.
കൊവിഡ‌് വേളയിൽ ചിത്രയും മറ്റു ഗായകരും ചേർന്ന് ആലപിച്ച 'ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ" എന്ന ഗാനത്തിന്റെ വീഡിയോ പ്രദർശിപ്പിച്ചാണ് ചടങ്ങ് തുടങ്ങിയത്.
മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, എ.എ. റഹീം എം.പി, കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു, പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറും സ്വാഗതസംഘം കൺവീനറുമായ എസ്. ഹരികിഷോർ, കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി എന്നിവർ പങ്കെടുത്തു. കേരളീയം ലോഗോ ബോസ് കൃഷ്ണമാചാരി ചിത്രയോട് വിശദീകരിച്ചു.
കനകക്കുന്ന് കൊട്ടാരത്തിലാണ് മീഡിയ സെന്റർ പ്രവർത്തിക്കുക.
21ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളീയം സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനവും ലോഗോ, വെബ്സൈറ്റ് പ്രകാശനവും നിർവഹിച്ചിരുന്നു.
കേരളത്തിന്റെ നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് കേരളീയം സംഘടിപ്പിക്കുന്നത്. അതിന്റെ ഭാഗമായി കവടിയാർ മുതൽ കിഴക്കേകോട്ട വരെ കേരളീയം പരിപാടികൾ നടക്കും. സെമിനാറുകൾ, പ്രദർശനങ്ങൾ, സാംസ്‌കാരിക പരിപാടികൾ, ചലച്ചിത്രമേളകൾ, പുസ്തകമേളകൾ, പുഷ്പമേളകൾ, ഭക്ഷ്യമേളകൾ തുടങ്ങിയവ സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |