മാന്നാർ: ഡോക്ടറുടെയും പ്രവാസിയുടെയും വീടുകളിൽ ആളില്ലാത്ത സമയത്ത് പൂട്ട് തകർത്ത് മോഷണം. മാന്നാർ കുട്ടമ്പേരൂർ ഊട്ടുപറമ്പ് സ്കൂളിന് സമീപം ദീപ്തിയിൽ ഡോ.ദിലീപ് കുമാറിന്റെയും പ്രവാസി വ്യവസായി കുട്ടമ്പേരൂർ രാജശ്രീയിൽ രാജശേഖരൻ നായരുടെയും വീടുകളിലാണ് ശനിയാഴ്ച രാത്രിയിൽ മോഷണം നടന്നത്.
ഡോക്ടറും കുടുംബവും ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു. രാജശേഖരൻ നായർ കുടുംബസമേതം വിദേശത്താണ്. ഞായറാഴ്ച്ച രാവിലെ ജോലിക്കാരി എത്തിയപ്പോഴാണ് ഡോക്ടറുടെ വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് മാന്നാർ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. വീടിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്രില്ലുകളുടെ താഴുകൾ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. ഒന്നും മോഷണം പോയിട്ടില്ലെന്ന് ഡോ.ദിലീപ് കുമാർ പറഞ്ഞു
ഡോക്ടറുടെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് സമീപത്തുള്ള ക്യാമറകൾ പരിശോധിക്കാനായി പൊലീസ് പോകുന്നതിനിടയിലാണ് രാജശേഖരൻ നായരുടെ വീട്ടിലെ മോഷണം ശ്രദ്ധയിൽപ്പെട്ടത്. വീടിന് മുകൾ നിലയിലെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയതെന്ന് കണ്ടെത്തി. വാതിലുകളും ലോക്കറുകൾ ഉൾപ്പെടെയുള്ളവ കുത്തിത്തുറന്ന നിലയിലാണ്. സ്വർണ്ണം ഉൾപ്പെടെയുള്ള വില പിടിപ്പുള്ള സാധനങ്ങൾ മോഷണം പോയതായി സംശയിക്കുന്നു. വിദേശത്തുള്ള ഉടമയും കുടുംബവും എത്തിയാൽ മാത്രമേ കൃത്യമായ വിവരങ്ങൾ ലഭിക്കു. ഇരുവീടുകളിലും സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകളുടെയെല്ലാം ദിശ മാറ്റിയ മോഷ്ടാവ്, ഡി.വി.ആർ കൊണ്ട് പോയത് അന്വേഷണത്തിന് തടസമായി. ആലപ്പുഴയിൽ നിന്നുള്ള കെ നയൻ ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി. ആലപ്പുഴ ഫിങ്കർ പ്രിന്റ് ബ്യുറോയിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |