പൊന്നാനി: ചരിത്രസ്മൃതികളുണർത്തുന്ന പൊന്നാനി ഹാർബറിനോട് ചേർന്ന പാണ്ടികശാല കെട്ടിടം ചരിത്രസ്മാരകമാക്കും. ടൂറിസം കൂടി ലക്ഷ്യമിട്ട് കൂടുതൽ ആളുകളെ ഇവിടേക്ക് ആകർഷിക്കാനാണ് നഗരസഭയുടെ നേതൃത്വത്തിൽ പദ്ധതികൾ ആവിഷ്കരിക്കുന്നത്.
പൊന്നാനിയിലെത്തുന്ന ഏതൊരു വ്യക്തിയെയും അതിശയിപ്പിക്കുകയാണ് ഹാർബറിനോട് ചേർന്ന് കിടക്കുന്ന പാണ്ടികശാല കെട്ടിടം. ആൽമരത്തിന്റെ വേരുകൾ ചുറ്റിപിണഞ്ഞു കിടക്കുന്ന പൊളിഞ്ഞ കെട്ടിടം ആരേയും അശ്ചര്യപ്പെടുത്തും. പൊന്നാനി കോടതിക്ക് സമീപമുള്ള പാണ്ടികശാലയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. കഴിഞ്ഞു പോയ ഒരുകാലഘട്ടത്തിന്റെ ഓർമ്മകളാണ് ഈ പഴയ കെട്ടിടം നൽകുന്നത് .
മുൻകാലങ്ങളിൽ വിദേശത്ത് നിന്നും കപ്പലുകൾ അടുത്തിരുന്ന കഥകൾ ഈ കെട്ടിടത്തിന് പൊന്നാനിയോട് പറയാനുണ്ട്. എന്നാൽ, കഴിഞ്ഞ കുറെ കാലങ്ങളായി മാലിന്യങ്ങൾ നിറഞ്ഞ് വൃത്തഹീനമായ അവസ്ഥയിൽ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണിവിടം. ഇതിനിടയിലാണ് നഗരസഭാ ചെയർമാന്റെ പ്രത്യേക താല്പര്യത്തിൽ ഈ കെട്ടിടത്തെ വീണ്ടും മോടി കൂട്ടിയെടുത്ത് ചരിത്ര സ്മാരകമാക്കി മാറ്റാനുള്ള തീരുമാനം നടക്കുന്നത്. തുടർന്ന് , നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിൽ ഇവിടം വൃത്തിയാക്കി. ഏകദേശം എട്ട് ടൺ മാലിന്യം ഇവിടെ നിന്നും കിട്ടി. ഇതിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചു വിൽക്കാനുള്ള തീരുമാനത്തിലാണ് . തുടർന്ന് ഈ കേന്ദ്രത്തെ പൊന്നാനിയുടെ മുഖമുദ്രയാക്കി മാറ്റാനാണ് നഗരസഭയുടെ തീരുമാനം. സെൽഫി പോയിന്റ് ഒരുക്കി കൂടുതൽ ആളുകളെ ആകർഷിക്കാനും നഗരസഭക്ക് പദ്ധതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |