തിരൂരങ്ങാടി: നാലു മാസത്തോളമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ജനറേറ്റർ പ്രവർത്തിക്കാത്തതിനാൽ ദുരിതത്തിലായി രോഗികൾ. മഴകാരണം രാത്രി ഇടയ്ക്കിടയ്ക്ക് കറന്റ് പോവുന്നത് കിടത്തി ചികിത്സാ വാർഡ് , പ്രസവവാർഡ് എന്നിവിടങ്ങളെയടക്കം വലിയ തോതിൽ ബാധിക്കുന്നുണ്ട്. നിലവിൽ കാഷ്വാലിറ്റി , ഡയാലിസിസ് കേന്ദ്രം എന്നിവിടങ്ങളിലാണ് ജനറേറ്ററുള്ളത്.
രാത്രിസമയങ്ങളിൽ അടിയന്തര ഘട്ടങ്ങളിലും മറ്റും വൈദ്യുതി മുടങ്ങുന്നത് രോഗികളെ ഏറെ വലയ്ക്കുന്നു. മഴ കാരണം ഇടയ്ക്കിടെ വൈദ്യുതി പോകുന്നതിനാൽ രോഗികളും കൂട്ടിരിപ്പുകാരും കൊതുകുശല്യം കാരണം ബുദ്ധിമുട്ടിലാണ്. കൊതുകുതിരിയെയാണ് മിക്കവരും ആശ്രയിക്കുന്നത്. നന്നാക്കാനോ മറ്റൊന്ന് സ്ഥാപിക്കാനോ ശ്രമം നടക്കാത്തതിനാൽ താലൂക്ക് ആശുപത്രി ഇരുട്ടിലാവുകയാണ്. വേങ്ങര, തേഞ്ഞിപ്പാലം, പരപ്പനങ്ങാടി, തിരൂരങ്ങാടി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ നിന്നും വൈദ്യ പരിശോധനയ്ക്കായി എത്തിക്കുന്ന സമയങ്ങളിലും വൈദ്യുതി മുടങ്ങാറുള്ള സാഹചര്യമുണ്ട്.
കഴിഞ്ഞ ദിവസം താലൂക്ക് ഹോസ്പിറ്റലിന്റെ സമീപത്തെ വൈദ്യുതി പോസ്റ്റിൽ വാഹനമിടിച്ചു വൈദ്യുതി തൂണുകൾ തകർന്നതിനെ തുടർന്ന് മണിക്കൂറുകളോളം താലൂക്ക് ഹോസ്പിറ്റൽ ഇരുട്ടിലായി. ഇരുട്ടിലമർന്ന താലൂക്ക് ഹോസ്പിറ്റലിൽ മൊബൈൽ ഫോൺ ടോർച്ചിന്റെ വെളിച്ചത്തിലാണ് വാർഡുകളിൽ രോഗികൾ കഴിഞ്ഞത് . അധികൃതരോ എച്ച്.എം.സി കമ്മിറ്റിയോ പ്രശ്നം പരിഹരിക്കാൻ മുൻകൈയെടുത്തിട്ടില്ല. പാലിയേറ്റീവ് വാർഡിലെ വൃദ്ധരായ രോഗികൾ ചൂട് സഹിക്കാനാവാതെ പ്രയാസപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |