കഴിഞ്ഞദിവസം ഗെയിംസ് റിപ്പോർട്ടിംഗ് കഴിഞ്ഞ് രാത്രി മടങ്ങുമ്പോഴാണ് റോഡ്സൈഡിലുള്ള പല പാർക്കുകളിലും ചൈനീസ് സ്ത്രീകളും പുരുഷന്മാരും കുട്ടികളുമൊക്കെച്ചേർന്ന് ഡാൻസ് കളിക്കുന്നത് കണ്ടത്. ഏഷ്യൻ ഗെയിംസുമായി ബന്ധപ്പെട്ട് നടക്കുന്ന ഏതോ സാംസ്കാരിക പരിപാടിയാണെന്നാണ് ആദ്യം കരുതിയത്. അങ്ങനെ കുറച്ചുനേരം കണ്ടുനിന്നു. പക്ഷേ അത് ഡാൻസാണോ വ്യായാമമാണോ എന്ന് വ്യക്തമായി മനസിലാകാത്തതിനാൽ സംശയനിവൃത്തിക്കായി ഇവിടുത്തെ മലയാളി സുഹൃത്ത് കണ്ണൂർ സ്വദേശിനി ഷീജയെ വിളിച്ചു. അപ്പോഴാണ് കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞത്.
വൈകുന്നേരം അഞ്ചര കഴിയുന്നതോടെ ചൈനക്കാർ അത്താഴമുണ്ണാനുള്ള ഒരുക്കങ്ങളിലേക്ക് കടക്കും. ഏഴുമണിക്ക് മുമ്പ് എല്ലാവരും ഡിന്നർ കഴിച്ചിരിക്കും. അതാണ് ശീലം. അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണമെന്ന് നമ്മുടെ നാട്ടിൽ പറയാറുള്ളത് ശരിക്ക് ചെയ്യുന്നത് ഇവരാണ്. കാരണം അത്താഴം കഴിഞ്ഞാൽ ഇവർ കുടുംബവുമായി നേരേ വീടിനടുത്തുള്ള ഏതെങ്കിലും പാർക്കിലേക്ക് പോവുകയാണ്. പാർക്കിൽ ഉച്ചത്തിൽ സംഗീതം മുഴങ്ങുന്നുണ്ടാവും. ഈ മ്യൂസിക്കിന് അനുസരിച്ച് എല്ലാവരും ചുവടുവയ്ക്കും.
വ്യായാമരൂപത്തിലുള്ള ചുവടുകളാണ് ഈ ഡാൻസിന്റേത്. വരുന്നവർ കുറച്ചുനേരം ഡാൻസ് ചെയ്ത് മടങ്ങുമ്പോൾ അടുത്തസംഘമെത്തും. അങ്ങനെ ഡാൻസേഴ്സ് വന്നും പോയുമിരിക്കും. ഡാൻസ് നടന്നുകൊണ്ടേയിരിക്കും. ഒൻപത് മണി വരെ ഇത് തുടരും. ചെറുപ്പക്കാർ മുതൽ അപ്പൂപ്പന്മാരും അമ്മൂമ്മമാരുംവരെ ഈ ഡാൻസിൽ പങ്കാളികളാവും. ഇത് കൊണ്ട് രണ്ടാണ് ഗുണം; ഡാൻസ് കളിച്ചതുമായി, വ്യായാമവുമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |