ശ്രീനഗർ: ജമ്മു കാശ്മീരിൽ ആയുധങ്ങളുമായി അഞ്ചു ലഷ്കർ ഭീകരർ അറസ്റ്റിൽ. ആദിൽ ഹുസൈൻ വാനി, സുഹൈൽ അഹമ്മദ് ധർ, ഐത്മാദ് അഹമ്മദ് ലാവെ, മെഹ്രാജ് അഹമ്മദ് ലോൺ, സബ്സർ അഹമ്മദ് ഖാർ എന്നിവരാണ് അറസ്റ്റിലായത്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടാണ് ഇവർ എത്തിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരിൽ നിന്ന് തോക്കുകൾ, ഗ്രനേഡുകൾ, ഗ്രനേഡ് ലോഞ്ചറുകൾ എന്നിവ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുൽഗാമിൽ ആസാം റൈഫിൾസും സി.ആർ.പി.എഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബാരമുള്ളയിൽ നിന്നും ഉറിയിൽ നിന്നുമായി നാലു ഭീകരരെ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു. നിരവധി ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. അടുത്തിടെ ആയുധങ്ങളുമായി ഭീകര ബന്ധമുള്ളൊരു പൊലീസുകാരനെയും അറസ്റ്റുചെയ്തിരുന്നു. മൂന്നു സൈനികരും പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ച അനന്ത്നാഗിലെ ഭീകര വിരുദ്ധ സൈനിക നടപടി പൂർത്തിയായി ഒരാഴ്ച പിന്നിടും മുമ്പാണ് വീണ്ടുമൊരു ആക്രമണത്തിനുള്ള പദ്ധതി സൈന്യം തകർത്തത്. 100 മണിക്കൂറിലധികം നീണ്ടു നിന്ന ഏറ്റുമുട്ടലിലൂടെയാണ് അന്ന് സൈന്യം ഭീകരരെ വധിച്ചത്. അതിനുശേഷം സംസ്ഥാനത്ത് സൈന്യവും പൊലീസും കനത്ത ജാഗ്രതയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |